സിമി നിരോധനം അഞ്ചു വര്‍ഷത്തേക്കു നീട്ടണമെന്നു കേരളം
Thursday, April 24, 2014 11:46 PM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: സ്റുഡന്‍സ് ഇസ്ലാമിക് മൂവ്മെന്റിന്റെ (സിമി) നിരോധനം അഞ്ചു വര്‍ഷത്തേക്കു കൂടി നീട്ടണമെന്നു സംസ്ഥാന സര്‍ക്കാരും ദേശീയ അന്വേഷണ ഏജന്‍സിയും (എന്‍ഐഎ) കേന്ദ്ര നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന ട്രൈബ്യൂണലിന്റെ തെളിവെടുപ്പിനിടെ ആവശ്യപ്പെട്ടു.

നിരോധനമുണ്ടായിരുന്ന കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ സിമി പ്രവര്‍ത്തകര്‍ക്കു ബന്ധമുള്ള തീവ്രവാദക്കേസുകളുടെ രേഖകളും തെളിവുകളും ട്രൈബ്യൂണലില്‍ എന്‍ഐഎയും പോലീസും സമര്‍പ്പിച്ചു. സംസ്ഥാന സര്‍ക്കാരിനുവേണ്ടി ആഭ്യന്തരസുരക്ഷാ വിഭാഗം എസ്പി ജി. ശ്രീധരന്‍, പോലീസിനുവേണ്ടി കോഴിക്കോട് നടക്കാവ് സിഐ മൂസവള്ളിക്കാടന്‍, എന്‍ഐഎയെ പ്രതിനിധീകരിച്ച് എസ്പി രാധാകൃഷ്ണപിള്ള, എഎസ്പി പി. വിക്രമന്‍ എന്നിവര്‍ തെളിവു നല്‍കി.

2001 മുതല്‍ രാജ്യത്തു സിമിക്കുള്ള നിരോധനം നീട്ടുന്നതിന്റെ ഭാഗമായുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനാണ് ഡല്‍ഹി ഹൈക്കോടതി ജഡ്ജി സുരേഷ് കെയ്റ്റിന്റെ നേതൃത്വത്തിലുള്ള ട്രൈബ്യൂണല്‍ കേരളത്തില്‍ തെളിവെടുപ്പ് നടത്തുന്നത്. തെളിവെടുപ്പ് വെള്ളിയാഴ്ച വരെ നീളും. സംസ്ഥാനത്തു സിമി പ്രവര്‍ത്തകര്‍ക്കു ബന്ധമുള്ള രണ്ടു തീവ്രവാദക്കേസുകളുണ്െടന്നു സംസ്ഥാന പോലീസ് അറിയിച്ചു.


കോഴിക്കോട് രണ്ടു ബുക്ക് സ്റാളുകളില്‍നിന്നു തീവ്രവാദ സ്വഭാവമുള്ള ലഘുലേഖകള്‍, പുസ്തകങ്ങള്‍, സിഡികള്‍ എന്നിവ വിതരണം ചെയ്തതിന്റെയും കേരളത്തില്‍ നിന്നു യുവാക്കളെ റിക്രൂട്ട് ചെയ്ത് പാക് അധിനിവേശ കാഷ്മീരിലേക്ക് പരിശീലനത്തിന് അയച്ച കേസിന്റെ തെളിവുകളും വിവരങ്ങളുമാണ് എന്‍ഐഎ നല്‍കിയത്.

തിരുവനന്തപുരം തൈക്കാട് ഗസ്റ് ഹൌസിലാണു ട്രെെബ്യൂണല്‍ തെളിവെടുപ്പ് നടത്തുന്നത്. 2001ലാണു സിമിയെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്. ഏഴു തവണ നിരോധനം നീട്ടി. സിമിയെ നിരോധിക്കുന്നതിനും നിരോധനം നീട്ടുന്നതിനുമുള്ള സര്‍ക്കാര്‍ ഉത്തരവിനു ട്രെെബ്യൂണലിന്റെ അംഗീകാരം ആവശ്യമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.