സര്‍ക്കാര്‍ ഫയലുകള്‍ തീര്‍പ്പാക്കാന്‍ 100 ദിന തീവ്രയത്ന പരിപാടി
Thursday, April 24, 2014 12:11 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: മൂന്നു വര്‍ഷത്തില്‍ കൂടുതലായി സര്‍ക്കാര്‍ ഓഫീസുകളില്‍ കെട്ടിക്കിടക്കുന്ന ഫയലുകളില്‍ 100 ദിവസത്തിനകം തീര്‍പ്പു കല്‍പിക്കുന്നതിനു തീവ്രയത്ന പരിപാടി സംഘടിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

ഇത്തരം ഫയലുകളില്‍ 100 ദിവസത്തിനകം യുക്തിപൂര്‍വവും നിയമപരവുമായ തീരുമാനം എടുക്കാനാണു നിര്‍ദേശം നല്‍കുക. തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ ഉത്തരവാദിത്വപ്പെട്ട പലരും തയാറാകാത്തതാണു സര്‍ക്കാര്‍ ഓഫീസുകളില്‍ ഫയലുകള്‍ കെട്ടിക്കിടക്കാന്‍ ഇടയാക്കുന്നതെന്നു മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച മന്ത്രി കെ.സി. ജോസഫ് അറിയിച്ചു.

2014 ഫെബ്രുവരി അവസാനം വരെ സെക്രട്ടേറിയറ്റില്‍ മാത്രം 2,30,711 ഫയലുകളാണു ലഭിച്ചത്. ഇതില്‍ 56, 878 ഫയലുകളില്‍ മാത്രമാണു തീര്‍പ്പു കല്‍പിക്കാനായത്. അതായത് 25 ശതമാനം. ബാക്കി 1,73,833 ഫയലുകളിലും തീരുമാനമെടുക്കാന്‍ കഴിഞ്ഞിട്ടില്ല.

വിവിധ വകുപ്പ് അധ്യക്ഷന്‍മാരുടെ ഓഫീസുകളില്‍ 2,55,862 ഫയലുകള്‍ എത്തിയതില്‍ 41,225 എണ്ണത്തില്‍ മാത്രമാണ് തീര്‍പ്പു കല്‍പിക്കാനായത്. 16 ശതമാനം പ്രശ്നങ്ങള്‍ മാത്രമാണു പരിഹരിക്കാനായത്.


ഏതൊക്കെ വകുപ്പുകളിലാണു കൂടുതലായി ഫയലുകള്‍ കെട്ടിക്കിടക്കുന്നതെന്നു പരിശോധിച്ചിട്ടില്ല. ഫയല്‍ തീര്‍പ്പാക്കലുമായി ബന്ധപ്പെട്ടു കൂടുതല്‍ നടപടി സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിക്കു നിര്‍ദേശം നല്‍കി. മൂന്നു വര്‍ഷത്തില്‍ താഴെ പഴക്കമുള്ള ഫയലുകളില്‍ പിന്നീടു തീരുമാനമെടുക്കും. തീരുമാനങ്ങള്‍ എടുക്കാന്‍ പലരും തയാറാകാത്തതും ബോധപൂര്‍വമായി വൈകിപ്പിക്കുന്നതുമാണു കാരണം.

സെക്രട്ടേറിയറ്റിനുള്ളില്‍ ഇത്രയധികം ഫയലുകള്‍ കെട്ടിക്കിടക്കുന്നതിന്റെ കാരണം പരിശോധിച്ചിട്ടില്ല. ഫയല്‍ നില അപ്പപ്പോള്‍ അറിയാന്‍ ധനവകുപ്പില്‍ നടപ്പാക്കുന്ന ഇ- ഗവേണന്‍സ് പദ്ധതി മറ്റു വകുപ്പുകളിലും വൈകാതെ നടപ്പാക്കുമെന്നും കെ.സി. ജോസഫ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.