യുവതിയെ തട്ടിക്കൊണ്ടുപോയ കേസില്‍ യുവാവിനു 10 വര്‍ഷം കഠിനതടവ്
Thursday, April 24, 2014 12:12 AM IST
പത്തനംതിട്ട: ഭര്‍തൃമതിയായ യുവതിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ മാരകമായി മുറിവേറ്റ കേസില്‍ പ്രതിയായ ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് 10 വര്‍ഷം കഠിനതടവ് കോടതി ശിക്ഷിച്ചു. കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി തിരുവല്ല പോലീസ് ചാര്‍ജ് ചെയ്ത കേസില്‍ പരുമല കോട്ടമാലി കോളനിയില്‍ വില്ലുപറമ്പില്‍ താഴ്ചയില്‍ ജിജോ ജോസഫിനെ (33)യാണ് 10 വര്‍ഷം കഠിനതടവിനും 1,60,000 രൂപ പിഴയും ശിക്ഷിച്ച് പത്തനംതിട്ട അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി ബി.വിജയന്‍ ഉത്തരവായത്.

തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്സായി ജോലി നോക്കുന്ന യുവതി നൈറ്റ് ഡ്യൂട്ടിക്കുശേഷം 2011 ഏപ്രില്‍ 28നു രാത്രി 11.15ഓടെ ഓട്ടോറിക്ഷയില്‍ മന്നാംകരചിറയിലുള്ള വീട്ടിലേക്കു കാവുംഭാഗം മുത്തൂര്‍ റോഡിലൂടെ പോകുമ്പോള്‍ ഡ്രൈവറായ ജിജോ മാനഭംഗപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ വീട്ടുപടിക്കലെത്തിയിട്ടും ഓട്ടോറിക്ഷ നിര്‍ത്താതെ വേഗത്തില്‍ ഓടിച്ചുപോകുകയും ആളൊഴിഞ്ഞ സ്ഥലത്ത് ഓട്ടോറിക്ഷ നിര്‍ത്തുകയുമായിരുന്നു. ഇതേസമയം ഓട്ടോറിക്ഷയില്‍ നിന്നു ചാടിയിറങ്ങാന്‍ ശ്രമിച്ച യുവതിയെ പ്രതി കടന്നുപിടിക്കുകയും മാനഭംഗത്തിനു ശ്രമിക്കുകയുമായിരുന്നു. യുവതിയുടെ തലയില്‍ ജിജോ വടികൊണ്ട് അടിച്ചു മാരകമായി പരിക്കേല്‍പിച്ചു. വിവിധ കുറ്റങ്ങളിലാണ് പ്രതിക്കു ശിക്ഷ വിധിച്ചിരിക്കുന്നത്. എന്നാല്‍ ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതിയാകും. പ്രതിയുടെ ഡ്രൈവിംഗ് ലൈസന്‍സ് ശിക്ഷാ കാലയളവില്‍ റദ്ദാക്കുന്നതിനും കൃത്യത്തില്‍ ഉള്‍പ്പെട്ട ഓട്ടോറിക്ഷ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. പിഴയായി അടയ്ക്കുന്ന തുക യുവതിക്കു നല്‍കാനും കോടതി ഉത്തരവിട്ടു. തിരുവല്ല സിഐ ആയിരുന്ന സഖറിയ മാത്യു അന്വേഷിച്ചു ചാര്‍ജ് ചെയ്ത കേസില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയ 27 രേഖകളുടെയും 18 സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചത്.


പ്രോസിക്യൂഷനുവേണ്ടി പബ്ളിക് പ്രോസിക്യൂട്ടര്‍മാരായ അഡ്വ.എ.കെ. സതീഷ്, അഡ്വ. ഹന്‍സലാഹ് മുഹമ്മദ് എന്നിവര്‍ കോടതിയില്‍ ഹാജരായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.