മെഡിക്കല്‍, എന്‍ജിനിയറിംഗ് പ്രവേശനപരീക്ഷകള്‍ പൂര്‍ത്തിയായി
Thursday, April 24, 2014 12:12 AM IST
തിരുവനന്തപുരം: ഈ വര്‍ഷത്തെ മെഡിക്കല്‍, എന്‍ജിനിയറിംഗ് പ്രവേശനപരീക്ഷകള്‍ പൂര്‍ത്തിയായി. ഇന്നലെ രാവിലെയും ഉച്ചകഴിഞ്ഞുമായി നടന്ന മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ രജിസ്റര്‍ ചെയ്തിരുന്ന 1,02,454 വിദ്യാര്‍ഥികളില്‍ 93,832 പേര്‍ പരീക്ഷ എഴുതി. ഒന്നാം പേപ്പറായ കെമിസ്ട്രി ആന്‍ഡ് ഫിസിക്സ് പരീക്ഷ 93957 പേര്‍ എഴുതി. രണ്ടാം പേപ്പറായ ബയോളജി 93832 പേരും എഴുതി.

പ്രവേശന പരീക്ഷ സുഗമമായി നടത്താന്‍ കഴിഞ്ഞെന്നും പരാതികളൊന്നും ഉണ്ടായിട്ടില്ലെന്നും പ്രവേശന പരീക്ഷ കമ്മീഷണര്‍ ബി.എസ്. മാവോജി അറിയിച്ചു. 21, 22 തീയതികളില്‍ നടന്ന എന്‍ജിനിയറിംഗ് പ്രവേശനപരീക്ഷയുടെയും ഇന്നലെ നടന്ന മെഡിക്കല്‍ പ്രവേശനപരീക്ഷയുടെയും ഉത്തരസൂചികകള്‍ പരീക്ഷാ കമ്മീഷണറുടെ

ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വെബ്സൈറ്റ് ഹാംഗായിരുന്നതിനാല്‍ രാത്രിയോടെയാണ് ഉത്തരസൂചികകള്‍ അപ്ലോഡ് ചെയ്യാനായത്.

ജില്ലാ കേന്ദ്രങ്ങളില്‍ നിന്നു രണ്ടുദിവസത്തിനകം ഒഎംആര്‍ ഷീറ്റുകള്‍ തിരുവനന്തപുരത്തെത്തിച്ചു മൂല്യനിര്‍ണയം തുടങ്ങും. മെഡിക്കല്‍ പരീക്ഷാഫലം മേയ് 20നു മുമ്പും എന്‍ജിനിയറിംഗ് ഫലം ജൂണ്‍ 25നു മുമ്പും പ്രസിദ്ധീകരിക്കുമെന്നാണ് അറിയുന്നത്. ഓരോ പേപ്പറിനും ചുരുങ്ങിയത് 10 മാര്‍ക്കെങ്കിലും നേടുന്നവരെ മാത്രമേ റാങ്ക് പട്ടികയിലേക്ക് പരിഗണിക്കൂ. പട്ടിക വിഭാഗക്കാര്‍ക്ക് മിനിമം മാര്‍ക്ക് വേണമെന്ന നിബന്ധന ബാധകമല്ല.


എന്‍ജിനിയറിംഗ് പ്രവേശനപരീക്ഷയില്‍ ലഭിക്കുന്ന മാര്‍ക്കിന് റാങ്ക്പട്ടികയില്‍ 50 ശതമാനം വെയ്റ്റേജാണു ലഭിക്കുക. ബാക്കി 50 ശതമാനം വെയ്റ്റേജ് ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ നേടുന്ന മാര്‍ക്കിനാണ്. കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.

അതേസമയം ഉത്തരസൂചികകളെക്കുറിച്ചു പരാതിയുള്ള പരീക്ഷാര്‍ഥികള്‍ അടുത്ത മാസം രണ്ടിനു മുമ്പായി തപാല്‍ മുഖേനയോ നേരിട്ടോ പ്രവേശനപരീക്ഷ കമ്മീഷണര്‍ക്കു പരാതി നല്‍കേണ്ടതാണ്. പരാതിയോടൊപ്പം അനുബന്ധ രേഖകളും ആക്ഷേപമുന്നയിക്കുന്ന ഓരോ ചോദ്യത്തിനും 100 രൂപ ഫീസ് എന്ന ക്രമത്തില്‍ പ്രവേശന പരീക്ഷാ കമ്മീഷണറുടെ പേരില്‍ മാറാവുന്ന ഡിഡിയും അയക്കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.