പി. രാമകൃഷ്ണന്‍ വിശദീകരണം നല്‍കി
പി. രാമകൃഷ്ണന്‍ വിശദീകരണം നല്‍കി
Thursday, April 24, 2014 11:46 PM IST
കണ്ണൂര്‍: കെ. സുധാകരന്‍ എംപിയെ വിമര്‍ശിച്ചതിന്റെ പേരില്‍ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിനു കെപിസിസി ജനറല്‍ സെക്രട്ടറി പി. രാമകൃഷ്ണന്‍ വിശദീകരണം നല്‍കി. ഫാക്സ് മുഖേനയാണു വിശദീകരണം നല്‍കിയത്. ചാനല്‍ പ്രവര്‍ത്തകനായെത്തിയ ആള്‍ പെന്‍കാമറ ഉപയോഗിച്ചു തന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയശേഷം താന്‍ പറയാത്ത കാര്യങ്ങളടക്കം സംപ്രേഷണം ചെയ്യുകയായിരുന്നുവെന്നു പി. രാമകൃഷ്ണന്‍ വിശദീകരണക്കുറിപ്പില്‍ വ്യക്തമാക്കി.

കെ. സുധാകരനെതിരേ പണ്ട് താന്‍ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ആ ആരോപണങ്ങള്‍ ആവര്‍ത്തിക്കുക മാത്രമാണു ചാനല്‍ ചെയ്തിരിക്കുന്നത്. കണ്ണൂര്‍ മണ്ഡലത്തില്‍ കെ. സുധാകരന്‍ പരാജയപ്പെടുമെന്നു പറഞ്ഞിട്ടില്ല. കള്ളവോട്ട് നടന്നെങ്കിലും ജയിക്കുമെന്നുതന്നെയാണു പറഞ്ഞത്. കാസര്‍ഗോഡ് മണ്ഡലത്തിന്റെ ചുമതലയായിരുന്നു തനിക്കുണ്ടായിരുന്നതെങ്കിലും കെ. സുധാകരനുവേണ്ടി അഴീക്കോട്, പാപ്പിനിശേരി പ്രദേശങ്ങളില്‍ പ്രവര്‍ത്തകരെ സജീവമാക്കാന്‍ ഇറങ്ങിയിരുന്നതായും രാമകൃഷ്ണന്‍ വിശദീകരിച്ചു.

എ.പി. അബ്ദുള്ളക്കുട്ടിയുടേതു പേമെന്റ് സീറ്റായിരുന്നുവെന്നതടക്കമുള്ള ആരോപണങ്ങളും മറ്റും മുമ്പ് ഉന്നയിച്ചിരുന്നു. പുതിയതായി ഒരു ആരോപണവും ഉന്നയിച്ചിട്ടില്ല. ഒളികാമറയുമായി എത്തി തന്നെ കുടുക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും ഇതിനുപിന്നില്‍ യൂത്ത് കോണ്‍ഗ്രസിന്റെ ഒരു നേതാവാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. താന്‍ പറയാത്ത കാര്യങ്ങളും മറ്റും റിപ്പോര്‍ട്ട് ചെയ്ത ചാനല്‍ പ്രവര്‍ത്തകനെതിരേ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.


അതേസമയം, എംപിയും കണ്ണൂര്‍ ലോക്സഭാ മണ്ഡലം സ്ഥാനാര്‍ഥിയുമായ കെ. സുധാകരനെതിരേ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ച പി. രാമകൃഷ്ണനെതിരേ നടപടി വേണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണു സുധാകരപക്ഷം. പണമുണ്ടാക്കല്‍ രാഷ്ട്രീയമാണു സുധാകരന്റേതെന്നും തീവ്രവാദക്കേസ് ഒതുക്കാന്‍ കെ. സുധാകരന്‍ പോപ്പുലര്‍ ഫ്രണ്ടിനു വേണ്ടി ഇടപെട്ടെന്നുമൊക്കെയുള്ള ആരോപണങ്ങള്‍ നടത്തിയ രാമകൃഷ്ണനെതിരേ നടപടിയെടുക്കാതിരിക്കുന്നതെങ്ങനെയെന്നും ഇവര്‍ ചോദിക്കുന്നു.

അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാമകൃഷ്ണന്റെ പ്രവര്‍ത്തനം കുറ്റമറ്റതായിരുന്നുവെന്ന വിലയിരുത്തലും സുധാകരപക്ഷത്തിനുണ്ട്. ഡിസിസി പ്രസിഡന്റായ സുധാകരപക്ഷത്തെ കെ. സുരേന്ദ്രന്‍ കെപിസിസി നിര്‍വാഹകസമിതിയോഗത്തില്‍ സംസാരിക്കവേ പി. രാമകൃഷ്ണന്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ഉത്തരവാദ ത്തോടെ പ്രവര്‍ത്തിച്ചിരുന്നുവെന്നു വ്യക്തമാക്കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.