സബര്‍ബന്‍ ട്രെയിന്‍: 3330.78 കോടി ചെലവ്
സബര്‍ബന്‍ ട്രെയിന്‍: 3330.78 കോടി ചെലവ്
Thursday, April 24, 2014 11:50 PM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്നപദ്ധതികളിലൊന്നായ സബര്‍ബന്‍ ട്രെയിന്‍ പദ്ധതിക്ക് ആദ്യഘട്ടത്തില്‍ 3,330.78 കോടി രൂപ ചെലവ്. പദ്ധതിയുടെ വിശദമായ രൂപരേഖ മുംബൈ റെയില്‍ വികാസ് കോര്‍പറേഷന്‍ ഇന്നലെ സര്‍ക്കാരിനു സമര്‍പ്പിച്ചു. ആദ്യഘട്ടം മൂന്നു വര്‍ഷത്തിനകം പൂര്‍ത്തിയാക്കാനാകുമെന്നാണു കണക്കുകൂട്ടല്‍. തിരുവനന്തപുരം മുതല്‍ ചെങ്ങന്നൂര്‍ വരെയാണ് ആദ്യഘട്ടം. ചെങ്ങന്നൂര്‍ മുതല്‍ എറണാകുളം വരെയാണു രണ്ടാഘട്ടം. രണ്ടാഘട്ടം പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാക്കിയശേഷം മാത്രമേ നടപ്പാക്കാനാകൂ. ഭൂമി ഏറ്റെടുക്കാതെ നിലവിലെ ട്രാക്ക് തന്നെയാണു സബര്‍ബന്‍ ട്രെയിന്‍ സര്‍വീസിന് ഉപയോഗിക്കുക.

മുംബൈ റെയില്‍ വികാസ് കോര്‍പറേഷന്‍ തയാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം തിരുവനന്തപുരം -ചെങ്ങന്നൂര്‍ യാത്രയ്ക്ക് ഏകദേശം 87.77 രൂപയാണു ചെലവ്. ബസില്‍ യാത്ര ചെയ്താല്‍ ഇത് 60.54 രൂപയും കാറില്‍ യാത്ര ചെയ്താല്‍ 237.91 രൂപയുമാകും എന്നാണു കണക്ക്. മാസത്തില്‍ 25 ദിവസം യാത്ര ചെയ്താല്‍ വരുന്ന ചെലവിന്റെ അടിസ്ഥാനത്തിലാണ് ഇതു കണക്കാക്കിയിരിക്കുന്നത്. രണ്ടു കിലോമീറ്റര്‍ യാത്രയ്ക്ക് 80 പൈസ നിരക്കില്‍ മിനിമം ചാര്‍ജ് 10 രൂപയായി നിശ്ചയിക്കുന്നതിനും ശിപാര്‍ശയുണ്ട്. പ്രതിദിനം അര ലക്ഷത്തോളം യാത്രക്കാര്‍ ഈ റൂട്ടില്‍ യാത്രചെയ്യുന്നുണ്ട്.

ചെങ്ങന്നൂര്‍ മുതല്‍ തിരുവനന്തപുരത്തേക്കുള്ള യാത്രക്കാരില്‍ വിദ്യാര്‍ഥികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ടെക്നോപാര്‍ക്ക് ഉദ്യോഗസ്ഥര്‍, കൂലിവേലക്കാര്‍ തുടങ്ങിയവരാണ് അധികവും. തിരുവനന്തപുരം മുതല്‍ ചെങ്ങന്നൂര്‍ വരെ 27 സ്റേഷനുകളാണുള്ളത്. ഒരു സ്റേഷനില്‍നിന്നു മറ്റൊരു സ്റേഷനിലേക്കുള്ള ശരാശരി ദൂരം 4.65 കിലോമീറ്റര്‍. ഇതില്‍ തിരുവനന്തപുരം- ചെങ്ങന്നൂര്‍ സ്റേഷനുകള്‍ക്കു പുറമേ കൊല്ലവും കായംകുളവുമാണ് പ്രധാനപ്പെട്ടവ. തിരുവനന്തപുരം, കൊല്ലം, കൊച്ചുവേളി, മാവേലിക്കര എന്നീ സ്റേഷനുകളില്‍ സൌകര്യങ്ങല്‍ വികസിപ്പിക്കണമെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. സബര്‍ബന്‍ ട്രെയിന്‍ കടന്നുപോകുന്ന 20 സ്റേഷനുകളിലെ പ്ളാറ്റ്ഫോമുകളുടെ ഉയരം കൂട്ടണമൈന്നും നിര്‍ദേശമുണ്ട്. ഓട്ടോമാറ്റിക് സിഗ്നലിംഗ് സംവിധാനവും ട്രാക്ക് ശക്തിപ്പെടുത്തലും പ്ളാറ്റ്ഫോം നവീകരണവുമാണ് സബര്‍ബന്‍ ട്രെയിനിനു വേണ്ട അടിസ്ഥാന സൌകര്യങ്ങള്‍.


പത്തുലക്ഷത്തിലധികം പേര്‍ക്കു പദ്ധതി പ്രയോജനപ്രദമാകുമെന്നാണു റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് പദ്ധതിയുടെ പ്രായോഗികത പഠിക്കുന്നതിന് സര്‍ക്കാര്‍ എംആര്‍വിസിയെ ചുമതലപ്പെടുത്തിയത്.

ഡിസംബറില്‍ ഇടക്കാല റിപ്പോര്‍ട്ടും മാര്‍ച്ചില്‍ കരട് റിപ്പോര്‍ട്ടും അവര്‍ സര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നു. അടിസ്ഥാന സൌകര്യങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗത്തില്‍ സര്‍വീസ് നടത്താനാകുമെന്നാണു പ്രതീക്ഷ. ഒരു ട്രെയിനില്‍ രണ്ടായിരത്തോളം പേര്‍ക്ക് യാത്ര ചെയാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.