വയസ് നൂറ്റിപ്പന്ത്രണ്ട്, ലോക മുത്തശ്ശിയാകാന്‍ കുഞ്ഞന്നം
വയസ് നൂറ്റിപ്പന്ത്രണ്ട്, ലോക മുത്തശ്ശിയാകാന്‍ കുഞ്ഞന്നം
Tuesday, July 22, 2014 12:21 AM IST
പോള്‍ മാത്യു

തൃശൂര്‍: പ്രായം 112ലെത്തിയിട്ടും പഴയ ഓര്‍മകള്‍ക്കൊന്നും മങ്ങലേറ്റിട്ടില്ല. മനസിനിപ്പോഴും മുപ്പതിന്റെ ചെറുപ്പം. നൂറ്റാണ്ടുകള്‍ വീഴ്ത്തിയ ചുളിവുകള്‍ മുഖത്തുണ്െടങ്കിലും വരുന്നവരെ മോണകാട്ടി ചിരിച്ച്, വിശേഷം ചോദിക്കുന്ന കുഞ്ഞന്നം ലോക മുത്തശ്ശിയുടെ പ്രായത്തിലാണെന്നു പറഞ്ഞാല്‍ സമ്മതിക്കില്ല. മുത്തശ്ശിയെന്നു വിളിക്കുന്നതു പോലും ഇഷ്ടവുമല്ല. എന്നെ അമ്മായി എന്നു വിളിച്ചാല്‍ മതിയെന്നാണു ഭാവം. അമ്മായിക്കു പ്രായമെത്രയായി എന്നു ചോദിച്ചാല്‍ ഉടന്‍ വരും മറുപടി, മുപ്പത്.

ഏറ്റവും പ്രായമുള്ള വനിതയെന്ന റിക്കാര്‍ഡിലേക്കു നടന്നടുക്കുകയാണു പാറന്നൂര്‍ കുന്നത്ത് വാഴപ്പിള്ളി അന്തോണിയുടെയും അച്ചുണ്ണിയുടെയും മകളായ റോസ എന്ന കുഞ്ഞന്നം.

മുത്തശ്ശിക്ക് ആരൊക്കെയുണ്ട്? ദൈവം മാത്രമേയുള്ളൂ മോനേ, മറ്റാരുമില്ല, വീടുമില്ല. അന്തോണിയുടെയും അച്ചുണ്ണിയുടെയും 11-ാമത്തെ മകളായാണ് കുഞ്ഞന്നം ജനിച്ചത്. വളരെ കഷ്ടപ്പെട്ടായിരുന്നു ജീവിതം. ചെറുപ്പത്തില്‍തന്നെ മാതാപിതാക്കള്‍ നഷ്ടപ്പെട്ടു. 40 ദിവസത്തെ ഇടവേളയിലാണ് അപ്പനും അമ്മയും മരിച്ചത്. അനാഥരായ മക്കള്‍ പല സ്ഥലങ്ങളിലും പണിയെടുത്താണു ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിച്ചിരുന്നത്. പത്തു വര്‍ഷം മുമ്പുവരെ കുഞ്ഞന്നം അടുത്തുള്ള ഒരു വീട്ടില്‍ ജോലിചെയ്തിരുന്നു. മാതാപിതാക്കളെ നഷ്ടപ്പെട്ടതിനു പിന്നാലെ സഹോദരങ്ങളെയും ഓരോരുത്തരായി നഷ്ടപ്പെട്ടു. വിവാഹം കഴിക്കാത്തതിനാല്‍ ഏകയായ ഇവരെ സഹോദരന്റെ മകന്‍ ജോസ് വീട്ടിലേക്കു കൊണ്ടുവരികയായിരുന്നു. കട്ടിലില്‍നിന്നു വീണതിനെതുടര്‍ന്ന് ഇടുപ്പിനു ചെറിയ പരിക്കേറ്റു. ഇപ്പോള്‍ നടക്കാന്‍ പഴയതുപോലെ കഴിയില്ലെന്നു മാത്രം.

കുഞ്ഞന്നം പഠിച്ചിരുന്ന സെന്റ് തോമസ് യുപി സ്കൂള്‍ നൂറാം വാര്‍ഷികം ആഘോഷത്തിനു സ്കൂളില്‍ പഠിച്ച ആദ്യ വിദ്യാര്‍ഥികളെ ആദരിക്കാന്‍ ക്ഷണിച്ചപ്പോഴാണ് അമ്മായിക്കു 107 വയസായെന്ന വിവരം വീട്ടുകാര്‍തന്നെ മനസിലാക്കുന്നത്. അടുത്തകാലം വരെ ചെറുപ്പക്കാരെപ്പോലും തോല്‍പ്പിക്കുന്ന രീതിയില്‍ വീട്ടിലെ എല്ലാ കാര്യങ്ങളും ചെയ്യുന്നതു മാത്രമല്ല, പുറത്തിറങ്ങി പണികളും ചെയ്യുമായിരുന്നു. അയല്‍വീടുകളിലെ വിശേഷങ്ങളും അന്വേഷിക്കും. ഇത്രയൊക്കെ ചുറുചുറുക്കുള്ള ഒരാള്‍ക്കു നൂറുവയസ് പിന്നിട്ടുവെന്നു പറഞ്ഞാല്‍ വിശ്വസിക്കാനാകുമോ. എന്നാല്‍, വയസ് സംബന്ധിച്ച രേഖകള്‍ ലഭിച്ചപ്പോഴാണ് ശരിക്കു വീട്ടുകാരും ഞെട്ടിയത്.


ഫ്ളാഷ് ബാക്ക്

ഇരനെല്ലൂര്‍ ഇടവകയിലെ ആദ്യകാല വിശ്വാസികളിലൊരാളാണ് ഈ മുത്തശ്ശി. 1903 മേയ് 12നാണ് ജനനം. പള്ളിയില്‍ രേഖയുണ്ട്. ദിവസവും രാവിലെ പള്ളിയില്‍ പോകുമായിരുന്നു. പാതിരാകുര്‍ബാനയ്ക്കുവരെ ഒറ്റയ്ക്കു പോകും.

ദേ അവന്‍ ആണ്ടി...

സംസാരിക്കുന്നതിനിടയില്‍ ജോസിന്റെ കൊച്ചുമക്കള്‍ വന്നു മുത്തശ്ശി കാണാതെ മിഠായി എടുക്കാന്‍ ശ്രമിച്ചു. പക്ഷേ, മുത്തശ്ശി അതുകണ്ട് പെട്ടെന്നു കൈകള്‍ കൊണ്ടു മിഠായി പൊത്തിപ്പിടിച്ചു. ദേ അവന്‍ ആണ്ടി. ഇതെന്താണ് പറയുന്നതെന്നു നോക്കിയപ്പോഴാണ് കുട്ടികളെ ചൂണ്ടി മുത്തശ്ശി പറയുന്നത് മിഠായി എടുത്തുകൊണ്ടുപോയെന്ന്. കുട്ടികളെപ്പോലെ മിഠായിയാണ് മുത്തശ്ശിക്കും ഏറെ ഇഷ്ടം. മിഠായി കിട്ടിയാല്‍ അതു കഴിയുന്നതുവരെ വായിലിട്ടു നുണയും. സംസാരിക്കുന്നതിനിടയില്‍ കൊച്ചുമക്കള്‍ മിഠായി എടുത്തുകൊണ്ടുപോയതിനാണ് ദേ അവന്‍ ആണ്ടി എന്ന പ്രയോഗം. സാരമില്ല, നമ്മുടെ കുട്ടികളല്ലേ എന്നു ജോസേട്ടന്‍ പറഞ്ഞതോടെ മുത്തശ്ശി ചിരിച്ചു.


വാച്ചു വേണ്ട

ചെറുപ്പക്കാര്‍ക്കുപോലും വാച്ചുനോക്കാതെ ഇപ്പോള്‍ സമയം പറയാനാകില്ല. എന്നാല്‍, സൂര്യന്റെ ചായ്വനുസരിച്ചു പണ്ടത്തെ ആളുകള്‍ സമയം പറയുമായിരുന്നു. ഈ മുത്തശ്ശിക്ക് അതൊന്നും ആവശ്യമില്ല. സമയം ചോദിച്ചാല്‍ കൃത്യമായി പറയും. ഒരു മാറ്റവുമുണ്ടാകില്ല. മറ്റാര്‍ക്കുമില്ലാത്ത ഒരു പ്രത്യേക കഴിവുതന്നെയാണെന്നു മുത്തശ്ശിയുടെ കൊച്ചുമകള്‍ ജിസി പറഞ്ഞു. സംസാരിക്കാന്‍ ഒരാളെ കിട്ടിയാല്‍ പിന്നെ എല്ലാം മറക്കും. ഭക്ഷണംവരെ വേണ്ട. എല്ലാ കാര്യങ്ങളും മുത്തശ്ശിക്കറിയണം. അടുത്ത ബന്ധുക്കളാണെങ്കില്‍ എപ്പോള്‍ വന്നു, എന്താണ് വിശേഷമെന്നൊക്കെ അറിഞ്ഞേ മുത്തശ്ശി വിടൂ. രണ്ടാം ക്ളാസ് വരെ പഠിച്ച മുത്തശ്ശി പേനയും കടലാസും കൊടുത്താല്‍ ഇപ്പോഴും സ്വന്തം പേരെഴുതി ഒപ്പിടും.

പച്ചക്കറി മാത്രം

ഇറച്ചിക്കറിയെക്കുറിച്ചു കേള്‍ക്കുന്നതുപോലും മുത്തശ്ശിക്ക് അലര്‍ജിയാണ്. പച്ചക്കറികളാണു പഥ്യം. വര്‍ഷങ്ങള്‍ ബ്രാഹ്മണ കുടുംബത്തില്‍ ജോലി ചെയ്തതിനാലാണ് അവരെപ്പോലെ തന്നെ വെജിറ്റേറിയനായി മാറിയത്. അവിടെനിന്നു പോന്നിട്ടു വര്‍ഷങ്ങളായിട്ടും ആ ശീലം മാറ്റിയിട്ടില്ല.

പല്ലുകളില്ലെന്ന ഒരൊറ്റ കുറവേ മുത്തശ്ശിക്കുള്ളൂ. കണ്ണിന്റെ കാഴചയ്ക്കും കേള്‍വിക്കുമൊന്നും ഒരു കുറവുമില്ല. എന്തെങ്കിലും അസുഖം വന്നാല്‍ സ്ഥിരമായി അമല മെഡിക്കല്‍ കോളജിലാണു ചികിത്സ.

മുത്തശ്ശിക്കു ജോസ് മകനാണ്

പ്രായമായ മാതാപിതാക്കളെ സ്വന്തം മക്കള്‍പോലും നടതള്ളുമ്പോള്‍ അപ്പന്റെ സഹോദരിയെ, അതും പ്രായം 112ലെത്തിയ മുത്തശ്ശിയെ പൊന്നുപോലെയാണ് ജോസ് നോക്കുന്നത്. സാമ്പത്തികം അത്രയധികമൊന്നുമില്ലെങ്കിലും മുത്തശ്ശിക്ക് എല്ലാ സൌകര്യങ്ങളും നല്‍കുന്നതിലും പരിചരിക്കുന്നതിലുമൊക്കെ ജോസും ഭാര്യയും മക്കളുമൊക്കെ മത്സരിക്കുകയാണ്.

ലോക മുത്തശ്ശി പദവിയിലേക്ക്

ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റിക്കാര്‍ഡ്സില്‍ ലോക മുത്തശ്ശി പദവിക്കായി കുഞ്ഞന്നം അപേക്ഷ നല്‍കിയിട്ടുണ്ട്. ഇന്ത്യയില്‍ മാത്രമല്ല ലോകത്തുതന്നെ ഇത്രയും പ്രായമുള്ള മുത്തശ്ശിമാര്‍ ഉണ്േടായെന്ന അന്വേഷണത്തിലാണു ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റിക്കാര്‍ഡ്സില്‍ അധികൃതര്‍. എന്തായാലും ലോകമുത്തശ്ശിമാരുടെ ഗണത്തില്‍തന്നെയാണ് നമ്മുടെ കുഞ്ഞന്നവുമെന്നുറപ്പ്.

ഇന്നു താമസിച്ച് നാളെ പോകാം

മുത്തശ്ശിയെ കണ്ട് മടങ്ങുന്നതിനിടയില്‍ ചോദിച്ചു, ഞങ്ങള്‍ പൊയ്ക്കോട്ടെ, ഉടന്‍ വന്നു മറുപടി. വേണ്ട, ഇന്നിവിടെ താമസിച്ച് നാളെ പോകാം. പിന്നീട് ജോസിന്റെ നേരേ ഒരു നോട്ടം. ഇവര്‍ക്കു വേണ്ടതു ചെയ്യണമെന്നാണ് അതിന്റെ അര്‍ഥം. ആരുവന്നാലും അധികം നേരം വര്‍ത്തമാനം പറഞ്ഞാല്‍ മുത്തശ്ശിയോടു പോകുകയാണെന്നു പറഞ്ഞാല്‍ ഇഷ്ടപ്പെടില്ല. പെട്ടെന്നു പിണങ്ങും. മിഠായി കൊണ്ടുവന്നാലോ, പെരുത്തിഷ്ടമായി. പിന്നെ വിടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.