കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിന് അന്തിമരൂപമായി
Tuesday, July 22, 2014 12:22 AM IST
ജോമി കുര്യാക്കോസ്

കോട്ടയം: യുവജന പ്രാതിനിധ്യം ഉറപ്പാക്കി സമവായത്തിലൂടെ കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പു നടത്താന്‍ മാര്‍ഗനിര്‍ദേശങ്ങളായി. ബൂത്തു കമ്മിറ്റി ഓഗസ്റ് 10നു മുമ്പു ബ്ളോക്ക് കമ്മിറ്റി 20നു മുമ്പും ഡിസിസി ഭാരവാഹികള്‍ 30നു മുമ്പും നിലവില്‍ വരണമെന്നുള്ള നിര്‍ദേശം സംഘടനാ തെരഞ്ഞെടുപ്പിനു ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി ഡിസിസികള്‍ക്കു നല്‍കി. ഇതനുസരിച്ചു ബൂത്തുതലം മുതല്‍ ഡിസിസി വരെയുള്ള പുനഃസംഘടന അടുത്തമാസം പൂര്‍ത്തിയാകും.

ജില്ലാ കമ്മിറ്റിയില്‍ പ്രസിഡന്റ്, വൈസ്പ്രസിഡന്റ്(നാലു പേര്‍), ട്രഷറര്‍, ജനറല്‍ സെക്രട്ടറിമാര്‍ (25 പേര്‍), എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍(20 പേര്‍) എന്നിവര്‍ ഉള്‍പ്പെടെ 51 അംഗങ്ങളുണ്ടാകും. ഇവരില്‍ രണ്ടു വനിതകള്‍ക്കു പുറമേ, എസ്സി, എസ്ടി അംഗങ്ങള്‍ ഓരോരുത്തരും വേണമെന്നും നിര്‍ദേശിക്കുന്നു. എസ്ടി അംഗങ്ങള്‍ ഇല്ലാത്തപക്ഷം ഈ ഒഴിവിലേക്ക് എസ്സി അംഗത്തെ തെരഞ്ഞെടുക്കണമെന്നും നിര്‍ദേശമുണ്ട്. കാസര്‍ഗോഡ്, വയനാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ 15 ജനറല്‍ സെക്രട്ടറിമാരേ ഉണ്ടാകൂ. നിലവിലുള്ള ഡിസിസി ഭാരവാഹികളില്‍ 50 ശതമാനം പേര്‍ മാറണമെന്നും പുതുതായി തെരഞ്ഞെടുക്കപ്പടുന്നവര്‍ 50 വയസില്‍ താഴെ പ്രായമുള്ളവരായിരിക്കണമെന്നുമുള്ളതാണു പ്രധാനപ്പെട്ട നിര്‍ദേശങ്ങളിലൊന്ന്.

സംസ്ഥാന-ബോര്‍ഡ് കോര്‍പറേഷന്‍ ചെയര്‍മാന്‍മാര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വൈസ്പ്രസിഡന്റ്, ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, സംസ്ഥാന സഹകരണ സ്ഥാപനങ്ങളിലെ ചെയര്‍മാന്‍മാര്‍, ബ്ളോക്ക്-ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവര്‍ ഡിസിസി ഭാരവാഹിത്വം വഹിക്കാന്‍ പാടില്ല എന്നുള്ള സുപ്രധാന നിര്‍ദേശം പല സ്ഥാനമോഹികളുടെയും സ്ഥാനം നഷ്ടമാക്കും. എന്നാല്‍, ഇവര്‍ക്കു ജില്ലാ എക്സിക്യൂട്ട് കമ്മിറ്റി അംഗമാകാമെന്നു പറയുന്നുണ്ട്. ബൂത്ത് കമ്മിറ്റിയില്‍ പ്രസിഡന്റ്, വൈസ്പ്രസിഡന്റ്(രണ്ടു പേര്‍), ട്രഷറര്‍, ജനറല്‍ സെക്രട്ടറിമാര്‍ (മൂന്നു പേര്‍), എക്സിക്യൂട്ടീവ് കമ്മിറ്റി(എട്ടുപേര്‍) എന്നിവരുള്‍പ്പെടെ 15 അംഗങ്ങള്‍ വേണം. വൈസ് പ്രസിഡന്റുമാരില്‍ ഒരാള്‍ വനിത ആയിരിക്കണമെന്നും പറയുന്നു. എസ്സി, എസ്ടി വിഭാഗങ്ങള്‍ക്കു മതിയായ പ്രാതിനിധ്യം നല്‍കണമെന്നും പറയുന്നുണ്ട്. ബൂത്ത് തെരഞ്ഞെടുപ്പ് അടുത്തമാസം 10ന് ഒറ്റദിവസംകൊണ്ടു പൂര്‍ത്തീകരിക്കണം. ബൂത്ത് തെരഞ്ഞെടുപ്പിനു നേതൃത്വം നല്‍കാന്‍ ഒരാളെ ഡിസിസി ചുമതലപ്പെടുത്തും. മണ്ഡല തലത്തില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് (നാലു പേര്‍), ട്രഷറര്‍, ജനറല്‍ സെക്രട്ടറിമാര്‍ (12 പേര്‍), എക്സിക്യൂട്ടീവ് അംഗങ്ങള്‍ (13 പേര്‍) എന്നിവരുള്‍പ്പെടെ 31 അംഗങ്ങളും ബ്ളോക്ക് കമ്മിറ്റിക്കു പ്രസിഡന്റ്, വൈസ് പ്രസിഡന്റ് (നാലുപേര്‍), ട്രഷറര്‍, ജനറല്‍ സെക്രട്ടറി (20 പേര്‍) എക്സിക്യൂട്ടീവ് അംഗങ്ങള്‍ (15 പേര്‍) എന്നിവരുള്‍പ്പെടെ 41 അം ഗങ്ങളും വേണം. മണ്ഡലം, ബ്ളോക്ക് കമ്മിറ്റിയില്‍ രണ്ടു വനിതയും ഓരോ എസ്സി, എസ്ടി അംഗങ്ങളും ഉണ്ടാകണം. എസ്ടി ഇല്ലെങ്കില്‍ അധികമായി ഒരു എസ്സിയെയും തെരഞ്ഞെടുക്കണമെന്നും പറയുന്നു.


കഴിഞ്ഞ ജൂലൈ ഏഴ് കണക്കാക്കി 10 വര്‍ഷം പൂര്‍ത്തിയാക്കിയ ബ്ളോക്ക്-മണ്ഡലം പ്രസിഡന്റുമാരും ഡിസിസി ഭാരവാഹികളും മാറണം. രാഷ്ട്രീയേതര ക്രിമിനല്‍ കേസുകളിലെ പ്രതികളെ ഭാരവാഹിത്വത്തില്‍നിന്ന് ഒഴിവാക്കണമെന്നും പറയുന്നു. പഞ്ചായത്ത് പ്രസിഡന്റുമാര്‍ മണ്ഡലം പ്രസിഡന്റാകാനും ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാര്‍ ബ്ളോക്ക് പ്രസിഡന്റാകാനും പാടില്ല. ബ്ളോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ്, മുന്‍ ബ്ളോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ്, ഡിസിസി മെംബര്‍, മുന്‍ഡിസിസി-കെപിസിസി അംഗങ്ങള്‍, പോഷകസംഘടനകളുടെ സംസ്ഥാനഭാരവാഹികള്‍, ജില്ലാ പ്രസിഡന്റുമാര്‍, ജില്ലാ ഭാരവാഹികള്‍ എന്നിവരില്‍നിന്നാകണം ഡിസിസി ഭാരവാഹികളെ തെരഞ്ഞെടുക്കേണ്ടത്. നിലവില്‍ കെപിസിസി ഭാരവാഹികളായിരിക്കുന്നവരെ ഡിസിസി ഭാരവാഹികളായി പരിഗണിക്കേണ്ടതില്ലെന്നും നിര്‍ദേശമുണ്ട്.

തര്‍ക്കരഹിതമെങ്കില്‍ മണ്ഡലം-ബ്ളോക്ക് ഭാരവാഹികളുടെ പട്ടിക കെപിസിസിയുടെ അനുമതിയോടെ ഡിസിസി പ്രസിഡന്റുമാര്‍ക്കു പ്രഖ്യാപിക്കാം. ബ്ളോക്ക് പ്രസിഡന്റുമാരുടെയും ഡിസിസി ഭാരവാഹികളുടെയും നിയമനം കെപിസിസി പ്രസിഡന്റ് നിര്‍വഹിക്കുമെന്നും തമ്പാനൂര്‍ രവി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.