ഹൈബ്രാന്‍ഡ് മദ്യവില്പന വേണ്െടന്നു മദ്യനിരോധന സമിതി
Tuesday, July 22, 2014 12:22 AM IST
കോഴിക്കോട്: ബിവറേജസ് കോര്‍പറേഷന്റെ കീഴിലുളള മദ്യവില്പനശാലകള്‍ നിലവാരമുള്ളതാക്കണമെന്ന ഹൈക്കോടതി പരാമര്‍ശത്തിന്റെ മറവില്‍ സംസ്ഥാനത്തുടനീളം പുതിയ ശീതീകരിച്ച ഹൈബ്രാന്‍ഡ് ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യവില്പനശാലകള്‍ തുറക്കാനുളള എക്സൈസ് വകുപ്പിന്റെ നീക്കം ഉപേക്ഷിക്കണമെന്നു സംസ്ഥാന മദ്യനിരോധന സമിതി സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു.

ഇനി ഒരു പുതിയ മദ്യശാല പോലും തുറക്കുകയില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ അട്ടിമറിക്കാനുളള എക്സൈസ് വകുപ്പിന്റെ ഗൂഢാലോചനയാണിതെന്നു യോഗം കുറ്റപ്പെടുത്തി. നിലവിലുളള ബിവറേജസ് ഔട്ട്ലെറ്റുകള്‍ സൌകര്യപ്രദമാക്കണമെന്നാണു ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. അതിനെ വളച്ചൊടിച്ച് എല്ലാ ജില്ലകളിലും പുതിയ ഷോപ്പുകള്‍ തുറന്നു കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലാനുളള കുത്സിതനീക്കത്തെ എന്തുവിലകൊടുത്തും തടയുമെന്നു യോഗം മുന്നറിയിപ്പു നല്‍കി.

പുതിയ മദ്യനയം രൂപവത്കരിക്കുന്നതിനു സര്‍ക്കാര്‍ ഉപസമിതിയെ നിശ്ചയിച്ചു ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കേയാണു യുഡിഎഫ് നയത്തിനു വിരുദ്ധമായ എക്സൈസ് വകുപ്പിന്റെ നീക്കം. എക്സൈസ് വകുപ്പിനെക്കൊണ്ടു ബോധവത്കരണം നടത്തി സമൂഹനന്മയ്ക്കു മദ്യനിരോധനം അനിവാര്യമാണെന്നു പറയുകയും അടച്ചിട്ട 418 ബാറുകള്‍ തുറക്കുന്നതിനു മദ്യമാഫിയയോടൊപ്പം നില്‍ക്കുകയും ചെയ്യുന്ന എക്സൈസ് മന്ത്രിയുടെ കപടമുഖം കേരളം മനസിലാക്കുമെന്നു യോഗം അഭിപ്രായപ്പെട്ടു. 31ന് സംസ്ഥാനത്തുടനീളം പ്രതിഷേധ യോഗങ്ങള്‍ നടത്താനും എക്സൈസ് മന്ത്രിയെ വഴിതടഞ്ഞു കരിങ്കൊടി കാണിക്കുന്നതടക്കമുള്ള സമരപരിപാടികള്‍ തുടങ്ങാനും യോഗം തീരുമാനിച്ചു.


ഗാന്ധിഗൃഹത്തില്‍ ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗത്തില്‍ സമിതി സംസ്ഥാന പ്രസിഡന്റ് ഫാ. തോമസ് തൈത്തോട്ടം അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ പ്രഫ. ടി.എം. രവീന്ദ്രന്‍, ഒ.ഡി. തോമസ്, മാഹിന്‍ നെരോത്ത്, പ്രഫ. ഒ.ജെ. ചിന്നമ്മ, സിസ്റര്‍ മൌറില്യ, കെ.പി. ദേവസികുട്ടി, റിട്ട. ജഡ്ജി പി.എന്‍. ശാന്തകുമാരി, സിദ്ദിഖ് മൌലവി അയലക്കാട്, സോമശേഖരന്‍, ടി.പി.ആര്‍. നാഥ്, പി.കെ. നാരായണന്‍ മാസ്റര്‍, ആര്‍.കെ. തയ്യില്‍, ഭരതന്‍ പുത്തൂര്‍വട്ടം, ഷാലു പന്തീരാങ്കാവ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.