ഷെഫീഖിനുവീടായി; താരാട്ടുമായി രാഗിണിയും
ഷെഫീഖിനുവീടായി; താരാട്ടുമായി രാഗിണിയും
Tuesday, July 22, 2014 12:22 AM IST
പി.ആര്‍. പ്രശാന്ത്

തൊടുപുഴ: കളിപ്പാട്ടങ്ങള്‍ വര്‍ണക്കാഴ്ചകള്‍ ഒരുക്കുന്ന മുറി...മാതൃവാത്സല്യത്തെ അനര്‍ഥമാക്കുന്ന അമ്മത്താരാട്ട് എന്ന് അതിനു പേരും നല്‍കിയപ്പോള്‍ ഷെഫീക്കിനു പുനര്‍ജനി കിട്ടിയ പോലെ... ഏഴല്ലൂരിലെ അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളജിന്റെ അഞ്ചാം നിലയിലെ രണ്ടാം നമ്പര്‍ മുറിയാണ് ഇനി മുതല്‍ ആറുവയസുകാരന്‍ ഷെഫീഖിന്റെ സ്വപ്ന വീട്.

പിതാവിന്റെയും രണ്ടാനമ്മയുടെയും ക്രൂര പീഡനം നല്‍കിയ മുറിവുമായി ഇന്നലെ രാവിലെ പതിനൊന്നരയോടെയാണു പോറ്റമ്മ രാഗിണിക്കൊപ്പം ഷെഫീഖ് എത്തിയത്. ചുരുങ്ങിയ കാലം കൊണ്ടു മലയാളിയുടെ സ്വന്തമായി മാറിയ ഷെഫീഖിനെ കൈപിടിച്ച് ആനയിക്കാന്‍ മന്ത്രിമാരായ പി.ജെ. ജോസഫും എം.കെ. മുനീറും കാത്തുനിന്നു. ഒപ്പം പ്രാര്‍ഥനയും ആശംസയുമായി ഒരു നാടു മുഴുവനും.

ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ എച്ച്. രാമമൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള സംഘമാണു ഷെഫീഖിനെ പെരുമ്പിള്ളിച്ചിറിയിലെത്തിച്ചത്. ഷെഫീഖിനെ വരവേല്‍ക്കാന്‍ വന്‍ ക്രമീകരണങ്ങളാണു വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഒരുക്കിയിരുന്നത്. ബലൂണുകളും കളിക്കോപ്പുകളുമായി അവര്‍ അവനെ എതിരേറ്റു. ചിലര്‍ സ്നേഹചുംബനം കൊണ്ടുമൂടിയപ്പോള്‍ മറ്റു ചിലര്‍ ജയ് വിളികളുമായി ഷെഫീഖിനെ ആവേശം കൊള്ളിച്ചു. സദസിലുണ്ടായിരുന്ന ജനസഞ്ചയം എഴുന്നേറ്റുനിന്നാണു തങ്ങളുടെ കൊച്ചനുജനെ വരവേറ്റത്. വീല്‍ചെയറില്‍ രാഗിണിയുടെ മടിയില്‍ ഇരുന്നു വേദിയിലേക്കു നീങ്ങിയ ഷെഫീഖ് എല്ലാവര്‍ക്കും പാല്‍പുഞ്ചിരി നല്‍കാനും മറന്നില്ല. വേദിയിലെത്തിയ ഷെഫീഖിനേയും പോറ്റമ്മ രാഗിണിയേയും മന്ത്രിമാരായ പി.ജെ. ജോസഫും എം.കെ. മുനീറും ചേര്‍ന്നു സ്വീകരിച്ചു.

എല്ലാവരെയും കണ്ടപ്പോള്‍ അല്പം പകച്ചു പോയെങ്കിലും മിനിറ്റുകള്‍ക്കകം കൊച്ചു ഷെഫീഖ് രാഗിണിയുടെ വാവച്ചിയായി മാറി. പിന്നീട് ഉപഹാരങ്ങള്‍ നല്‍കാനുള്ള തിരക്കായിരുന്നു. തുടര്‍ന്ന് പ്രത്യേകം തയാറാക്കിയ മുറിയിലേക്കഏ ഷെഫീഖിനെ മാറ്റി. ഇവിടം ഒരു കളിവീടു പോലെയാണ്. ടോമും ജെറിയും മിക്കിയും ഡൊണാള്‍ഡും ആംഗ്രി ബേഡുമൊക്കെനിറഞ്ഞ വീട്. ഇവിടെയെത്തുന്നവരുടെ മനസില്‍ കാര്‍ട്ടൂണിലെ കഥാപാത്രങ്ങള്‍ മിന്നിമറയും.


എല്ലാ ആധുനിക സൌകര്യങ്ങളോടും കൂടിയ മുറിയാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. ഒരു വീട്ടിലേക്കു കയറുന്നതുപോലെ ഡ്രോയിംഗ് റൂമുണ്ട്. ഇവിടെ കളിപ്പാട്ടങ്ങള്‍ നിറഞ്ഞിരിക്കുന്നു. റിമോട്ട് കണ്‍ട്രോളുള്ള കാര്‍, ജര്‍മന്‍ നിര്‍മിത കട്ടില്‍, മ്യൂസിക് സിസ്റം, ടിവി എന്നിവയും ഈ ശീതീകരിച്ച മുറിയിലുണ്ട്. ഷെഫീക്കിന് എന്നും ഇഷ്ടപ്പെട്ട ആനയുടെ ചിത്രവും മുറിയില്‍ ആലേഖനം ചെയ്തിട്ടുണ്ട്. പ്രത്യേക മെനുതന്നെയാണു ഷെഫീക്കിനു നിര്‍ദേശിച്ചിരിക്കുന്നത്. രാവിലെ ഏഴിനു പാല്‍. വ്യായാമത്തിനുശേഷം എട്ടിനു ദോശ അല്ലെങ്കില്‍ ഇഡ്ഡലി. 12 നു കുത്തരിച്ചോറ് അല്ലെങ്കില്‍ ബിരിയാണി. ചിക്കന്‍ വറുത്തതോ മീന്‍ പൊരിച്ചതോ എന്നിവയ്ക്കൊപ്പം ഒരു തോരനുമുണ്ടാകും. നാലുമണിക്കു ചായയും സ്നാക്സും. രാത്രി ഏഴരയോടെ ഓംലറ്റും പപ്പടവും അടങ്ങിയ കുത്തരിക്കഞ്ഞി.

ഇവിടെ സന്ദര്‍ശകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തും. ആദ്യ ആഴ്ച ഒബ്സര്‍വേഷന്‍ വാര്‍ഡിലായിരിക്കും ഷെഫീക്ക് കഴിയുക. തുടര്‍ന്നു ഡോക്ടറുടെ നിര്‍ദേശാനുസരണം വാര്‍ഡിലേക്കു മാറ്റും. പീഡിയാട്രീഷ്യന്‍മാരായ ഡോ. ഷിയാസിന്റെയും ഡോ. തോമസ് സക്കറിയയുടെയും ഡോ. ബിന്ദുവിന്റെയും നേതൃത്വത്തിലുള്ള 17 പേരടങ്ങുന്ന ടീമാണു ഷെഫീക്കിനെ പരിചരിക്കുക. ഷെഫീഖിന്റെ ചുമതല താത്കാലികമായാണ് അല്‍അസ്ഹര്‍ മെഡിക്കല്‍ കോളജ് മാനേജ്മെന്റിന് ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി നല്‍കിയിരിക്കുന്നത്. ഇതിനായി രേഖാമൂലമുള്ള ഉപാധികളും മാനേജ്മെന്റുമായി വച്ചിട്ടുണ്െടന്നു ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ പി.ജി. ഗോപാലകൃഷ്ണന്‍ നായര്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.