ഫ്ളാറ്റ് കൈയേറ്റം: മൂന്നംഗ സമിതി സ്ഥലം സന്ദര്‍ശിച്ചു
Tuesday, July 22, 2014 12:11 AM IST
കൊച്ചി: കൊച്ചിയിലെ ചിലവന്നൂരില്‍ കായല്‍ കൈയേറി ഡിഎല്‍എഫ് ഫ്ളാറ്റ് നിര്‍മിച്ചെന്ന പരാതിയില്‍ കേരള തീരദേശ പരിപാലന അഥോറിറ്റിയുടെ മൂന്നംഗ സമിതി ഇന്ന് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കായല്‍ കൈയേറ്റം സംബന്ധിച്ച് ഉപഗ്രഹ ചിത്രങ്ങള്‍കൂടി പരിശോധിച്ചശേഷമാകും റിപ്പോര്‍ട്ട് നല്‍കുകയെന്നു സ്ഥലം സന്ദര്‍ശിച്ച സമിതി അംഗങ്ങള്‍ അറിയിച്ചു. റവന്യൂ ഉദ്യോഗസ്ഥരോടൊപ്പമാണു സമിതി അംഗങ്ങള്‍ ഇന്നലെ ചിലവന്നൂരില്‍ ഡിഎല്‍എഫ് ഫ്ളാറ്റും കായല്‍ പരിസരവും സന്ദര്‍ശിച്ചത്.

കായല്‍ കൈയേറി ഫ്ളാറ്റ് സമുച്ചയം നിര്‍മിച്ചുവെന്നു ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറിയും സിഎജിയും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വിഷയം നിയമസഭയിലും ചര്‍ച്ചയായതിനെത്തുടര്‍ന്നു ഡോ.എ. രാമച ന്ദ്രന്‍, ഡോ.കെ. കമലാക്ഷന്‍, പ്രഫ.പി. പത്മകുമാര്‍ എന്നിവരട ങ്ങിയ മൂന്നംഗ വിദഗ്ധ സമിതിയെ സ്ഥലം സന്ദര്‍ശിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ചുമതലപ്പെടുത്തുകയായിരുന്നു. 2002 മുതലുള്ള ഗൂഗിള്‍ ഉപഗ്രഹ ചിത്രങ്ങളായിരിക്കും പരിശോധിക്കുകയെന്നു സമിതി അംഗങ്ങള്‍ പറഞ്ഞു.

ഡിഎല്‍എഫിനു പട്ടയം ലഭിച്ചപ്പോഴത്തെ സ്ഥലവിവരവും ഇപ്പോഴത്തെ സ്ഥിതിയും പരിശോധിക്കും. ഇതിനായി ഒരാഴ്ചയ്ക്കുള്ളില്‍ റവന്യൂ അധികൃതര്‍ വീണ്ടും സര്‍വേ നടത്തും.

1991നു ശേഷം കായല്‍ കൈയേറി ഏന്തെങ്കിലും കെട്ടിടം നിര്‍മിച്ചിട്ടുണ്േടായെന്നറിയാന്‍ നഗരസഭാ രേഖകള്‍ പരിശോധിക്കും.


സര്‍വേ റിപ്പോര്‍ട്ടും ചേര്‍ത്തുള്ള അന്തിമ റിപ്പോര്‍ട്ടായിരിക്കും അഥോറിറ്റിക്കു സമര്‍പ്പിക്കുക. അഥോറിറ്റിയുടെ അടിയന്തരയോഗം വിളിക്കണമെന്നു ചെയര്‍മാനോട് ആവശ്യപ്പെടും. ആവശ്യമെങ്കില്‍ സമിതിയുടെ റിപ്പോര്‍ട്ട് ആ യോഗത്തില്‍ ചര്‍ച്ചചെയ്യുമെന്നും സമിതി അറിയിച്ചു.

കായല്‍ കൈയേറ്റം ഉപസമിതിക്കു ബോധ്യപ്പെട്ടിട്ടുണ്േടായെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടു സമിതി അംഗങ്ങള്‍ പ്രതികരിച്ചില്ല. ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് സംബന്ധിച്ചും പ്രതികരണമുണ്ടായില്ല. ഹെക്കോടതിയില്‍ കേസുള്ളതിനാല്‍ റിപ്പോര്‍ട്ടിനെക്കുറിച്ചു കൂടുതല്‍ പറയാനാകില്ലെന്ന് അവര്‍ പറഞ്ഞു.

അഡീഷണല്‍ തഹസില്‍ദാര്‍ സി.കെ. വേണു, താലൂക്ക് സര്‍വേയര്‍ രാജീവ് ജോസഫ്, പൂണിത്തുറ വില്ലേജ് ഓഫീസര്‍ എല്‍. സിന്ധു എന്നിവരും സമിതി അംഗങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. കൊച്ചി കോര്‍പറേഷന്‍ ഉദ്യോഗസ്ഥരാരും സ്ഥലത്തെത്തിയില്ല. ചിലവന്നൂരിലെ കായല്‍ കൈയേറ്റത്തെക്കുറിച്ചുള്ള തീരദേശ പരിപാലന അഥോറിറ്റിയുടെ ഇടക്കാല റിപ്പോര്‍ട്ടിലെ തുടര്‍ നടപടികള്‍ ഹൈക്കോടതിയുടെ അന്തിമ ഉത്തരവിനു വിധേയമായി മാത്രമേ നടപ്പാക്കാവൂ എന്നു ജസ്റീസ് എ. മുഹമ്മദ് മുഷ്താഖ് ഉത്തരവിട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.