കേരളത്തിന്റെ ഭാവി യുവാക്കളില്‍: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി
കേരളത്തിന്റെ ഭാവി യുവാക്കളില്‍: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി
Tuesday, July 22, 2014 12:26 AM IST
തിരുവനന്തപുരം: യുവാക്കളിലാണ് കേരളത്തിന്റെ ഭാവിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരള സര്‍വകലാശാല മാനേജ്മെന്റ് വിദ്യാര്‍ഥികളുമായി മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സംവാദത്തില്‍ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പുതുതലമുറ പുത്തന്‍ കാഴ്ചപ്പാടും ആശയങ്ങളുമുളളവരാണ്. കൊച്ചിയില്‍ നടന്ന എമേര്‍ജിംഗ് കേരളയിലാണ് സര്‍ക്കാര്‍ സ്റുഡന്റ് എന്റര്‍പ്രണര്‍ഷിപ്പ് പോളിസി കൊണ്ടുവന്നത്.

സര്‍ക്കാര്‍ പ്രതീക്ഷിച്ചതിനപ്പുറമായിരുന്നു യുവാക്കളുടെ പ്രതികരണം. ഇതിനോടകം 300 കമ്പനികള്‍ ആരംഭിച്ചു. 1000ല്‍ അധികം ആശയങ്ങള്‍ രജിസ്റര്‍ ചെയ്തു കഴിഞ്ഞു. പോളിസി കൊണ്ടുവന്നപ്പോള്‍ സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം പാലിക്കാന്‍ ഗവണ്‍മെന്റ് ബാധ്യസ്ഥമാണ്. എന്നാല്‍, വാഗ്ദാനം ചെയ്തതു പെട്ടെന്നു ചെയ്തുകൊടുക്കാന്‍ കഴിയാത്ത തരത്തില്‍ യുവാക്കള്‍ ആശയങ്ങളുമായി കടന്നുവന്നിരിക്കുന്നു.


ഇതു വന്‍ വിജയമായെന്നതിനൊപ്പം കേരളത്തിനു ഭാവിയിലുണ്ടാകാന്‍ പോകുന്ന വന്‍ നേട്ടങ്ങളുടെ തുടക്കം കൂടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.രാഷ്ട്രീയം മാറുമെങ്കിലും സംസ്ഥാനത്തിന്റെ വികസന കാര്യത്തിലും ഭരണകാര്യത്തിലും നല്ലതിനെ ഉള്‍ക്കൊളളും. സര്‍ക്കാര്‍ ഒരു തുടര്‍പ്രക്രിയയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഐമേറ്റ്സ് പ്രസിഡന്റ് ഡോ. ജെ.രാജന്‍, അഡ്വ. സി.പി. പ്രകാശ്, പി.പി. രാജേഷ് ഉള്‍പ്പെടെ 35 പേര്‍ മുഖ്യമന്ത്രിയുമായി ആശയ സംവാദത്തിന് എത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.