കാലിക്കട്ട് സിന്‍ഡിക്കറ്റ്: ലീഗ് വാക്കു പാലിക്കണമെന്നു കേരള കോണ്‍ഗ്രസ്-എം
Tuesday, July 22, 2014 12:26 AM IST
തേഞ്ഞിപ്പലം: കാലിക്കട്ട് യൂണിവേഴ്സിറ്റി സിന്‍ഡിക്കറ്റ് തെരഞ്ഞെടുപ്പില്‍ മൂന്നു വോട്ടു നല്‍കി മുസ്ലിംലീഗ് അംഗത്തെ ജയിപ്പിച്ചതിനു പകരമായി സിന്‍ഡിക്കറ്റ് നാമനിര്‍ദേശം നല്‍കാമെന്ന ലീഗ് നേതൃത്വത്തിന്റെ വാഗ്ദാനം ഉടന്‍ നടപ്പാക്കണമെന്നു കേരള കോണ്‍ഗ്രസ്-എം. ലീഗിലെ ചില രണ്ടാംനിര നേതാക്കളുടെ ഇടപെടലാണു നാമനിര്‍ദേശം അനന്തമായി നീളാന്‍ കാരണമെന്നു കേരള കോണ്‍ഗ്രസിന് ആക്ഷേപമുണ്ട്.

സെനറ്റ് അംഗവും കേരള കോണ്‍ഗ്രസിന്റെ കോളജ് അധ്യാപക സംഘടനയുടെ ജനറല്‍ സെക്രട്ടറിയുമായ പ്രഫ. സെബാസ്റ്യന്‍ ജോസഫിനെ സിന്‍ഡിക്കറ്റിലേക്കു നാമനിര്‍ദേശം ചെയ്യണമെന്നു കേരള കോണ്‍ഗ്രസ് നേതൃത്വം വിദ്യാഭ്യാസമന്ത്രിയോടു പലതവണ ആവശ്യപ്പെട്ടിരുന്നു. രണ്ടുപ്രാവശ്യം അനുകൂല തീരുമാനം ഉണ്ടായെങ്കിലും മന്ത്രി അതു നടപ്പാക്കിയില്ല എന്നാണു പരാതി.

പ്രശ്നപരിഹാരത്തിന് ഇടപെടണമെന്നു പ്രമുഖ ലീഗ് നേതാവിനോടു കേരള കോണ്‍ഗ്രസ് നേതൃത്വം വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് അനുകൂല പ്രതികരണമുണ്ടായതായാണു വിവരം. സിന്‍ഡിക്കറ്റിലെ ലീഗിന്റെ ഒരു പ്രതിനിധിയെ പിന്‍വലിക്കുകയോ ഒരു സ്ഥാനംകൂടി കൂട്ടുകയോ ചെയ്തു പ്രശ്നം തീര്‍ക്കാനാണ് ഇപ്പോഴത്തെ നീക്കം.

വിദ്യാഭ്യാസവകുപ്പ് കൈവശമുള്ള മുസ്ലിംലീഗ് സര്‍വകലാശാലാ ഭരണം ഏകപക്ഷീയമായി കൈയടക്കുന്നു എന്ന ആക്ഷേപം ശക്തമാണ്. 20 സെനറ്റ് നാമനിര്‍ദേശങ്ങളും സിന്‍ഡിക്കറ്റിലെ ആറു നാമനിര്‍ദേശ തസ്തികകളില്‍ മൂന്നെണ്ണവും ലീഗ് കൈയടക്കി. യുഡിഎഫിലെ ഇതര കക്ഷികളുമായി ചര്‍ച്ച ഉണ്ടായില്ല.


കാലിക്കട്ട് സര്‍വകലാശാലയില്‍ വൈസ് ചാന്‍സലര്‍, രജിസ്ട്രാര്‍ സ്ഥാനങ്ങളില്‍ ലീഗ് നോമിനികളാണ്. പ്രോ-വൈസ് ചാന്‍സലര്‍, പരീക്ഷാ കണ്‍ട്രോളര്‍ സ്ഥാനങ്ങള്‍ കോണ്‍ഗ്രസിനു നല്‍കി. സിന്‍ഡിക്കറ്റില്‍ ഒരു സ്ഥാനം ജനതാദളിനു നല്‍കിയിട്ടുണ്ട്. 1200-ളം ബോര്‍ഡ് ഓഫ് സ്റഡീസ് സ്ഥാനങ്ങളും 96 ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനങ്ങളും കോണ്‍ഗ്രസും ലീഗും ചേര്‍ന്നു വീതംവച്ചെടുക്കുകയായിരുന്നു. ഒരു സ്ഥാനംപോലും ഇതര കക്ഷികള്‍ക്കു നല്‍കിയില്ല.

കാലിക്കട്ട് സിന്‍ഡിക്കറ്റ് തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗ് മുഖം രക്ഷിച്ചതു കേരള കോണ്‍ഗ്രസിന്റെ നിര്‍ണായക വോട്ടുകള്‍കൂടി നേടിക്കൊണ്ടാണ്. പാര്‍ട്ടി നേതൃത്വത്തിന്റെ അനുമതിയോടെ ധാരണ ഉണ്ടാക്കി കേരള കോണ്‍ഗ്രസിന്റെ

പ്രഫ. സെബാസ്റ്യന്‍ ജോസഫിന്റെ സ്ഥാനാര്‍ഥിത്വം പിന്‍വലിപ്പിച്ചു. എന്നാല്‍, സിന്‍ഡിക്കറ്റിലേയ്ക്കു നാമനിര്‍ദേശം വന്നപ്പോള്‍ പ്രഫ. സെബാസ്റ്യനെ ഉള്‍പ്പെടുത്തിയില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.