മതസൌഹാര്‍ദം നിലനിര്‍ത്താന്‍ കൂട്ടായ പരിശ്രമം വേണം: ഇന്റര്‍ചര്‍ച്ച് കൌണ്‍സില്‍
മതസൌഹാര്‍ദം നിലനിര്‍ത്താന്‍ കൂട്ടായ പരിശ്രമം വേണം: ഇന്റര്‍ചര്‍ച്ച് കൌണ്‍സില്‍
Tuesday, July 22, 2014 12:27 AM IST
കൊച്ചി: മതസൌഹാര്‍ദവും സമാധാനവും നിലനിര്‍ത്താന്‍ എല്ലാ ക്രൈസ്തവ വിഭാഗങ്ങളും ഇതര മതങ്ങളോടു ചേര്‍ന്ന് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് ഇന്റര്‍ ചര്‍ച്ച് കൌണ്‍സില്‍ യോഗം ആഹ്വാനം ചെയ്തു.

സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അധ്യക്ഷതയില്‍ കാക്കനാട് മൌണ്ട് സെന്റ് തോമസിലാണ് ഇന്റര്‍ ചര്‍ച്ച് കൌണ്‍സില്‍ യോഗം നടന്നത്. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ, ക്നാനായ സഭാ തലവന്‍ സേവേറിയോസ് മാര്‍ കുര്യാക്കോസ് വലിയ മെത്രാപ്പോലീത്ത, പൌരസ്ത്യ സുറിയാനി സഭയുടെ മാര്‍ അപ്രേം മെത്രാപ്പോലീത്ത, ആര്‍ച്ച്ബിഷപ്പുമാരായ മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ ആന്‍ഡ്രൂസ് താഴത്ത്, കൊച്ചി ബിഷപ് ഡോ. ജോസഫ് കരിയില്‍, മാത്യൂസ് മാര്‍ അപ്രേം മെത്രാപ്പോലീത്ത, ഓര്‍ത്തഡോക്സ് സഭ പ്രതിനിധി ഫാ. അശ്വിന്‍ ഫെര്‍ണാഡിസ്, സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ ചാന്‍സലര്‍ റവ. ഡോ. ആന്റണി കൊള്ളന്നൂര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

സമാധാനത്തിനായി എല്ലാവരും പ്രാര്‍ഥിക്കണമെന്നു യോഗം ആഹ്വാനം ചെയ്തു. ഇറാക്ക്, സിറിയ എന്നിവിടങ്ങളില്‍ ആഭ്യന്തരകലാപം മൂലം ക്രൈസ്തവര്‍ കൂട്ടമായി പലായനം ചെയ്യുന്ന അവസ്ഥയില്‍ യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. ഇക്കാര്യത്തില്‍ വേണ്ടത്ര ലോകശ്രദ്ധയും പ്രതികരണങ്ങളും ഉണ്ടായിട്ടില്ല. ഗാസ, യുക്രെയ്ന്‍ എന്നിവിടങ്ങളില്‍ യുദ്ധസമാനമായ അന്തരീക്ഷം നിലനില്‍ക്കുന്നു. ഫലപ്രദമായ നയതന്ത്ര ഇടപെടല്‍ വഴി ഇവിടങ്ങളില്‍ സമാധാനമുണ്ടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്നിട്ടിറങ്ങണം.


പ്രാദേശികതലങ്ങളില്‍ മതസൌഹാര്‍ദം വളര്‍ത്താന്‍ എല്ലാ മതവിഭാഗങ്ങളും ശ്രമിക്കണം. വിദ്യാഭ്യാസമേഖലയില്‍ വിവിധ ജനവിഭാഗങ്ങള്‍ക്കു ഭരണഘടന അനുവദിച്ചിട്ടുള്ള അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. ധാരണകള്‍ രൂപപ്പെടുന്നുണ്െടങ്കിലും ഫലപ്രദമായ അനന്തര നടപടികളില്ലാത്തതു പ്രശ്നമാണ്.

പശ്ചിമഘട്ടത്തിലും തീരപ്രദേശത്തും നിലനില്‍ക്കുന്ന ആശങ്കകള്‍ക്കും അനിശ്ചിതത്വത്തിനും അറുതിവരുത്താന്‍ സര്‍ക്കാരില്‍നിന്നു സത്വരശ്രമങ്ങള്‍ ഉണ്ടാകണം. കക്ഷിഭേദമന്യേ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ഇതിനായി പ്രവര്‍ത്തിക്കണം. സാധാരണക്കാരുടെ ജീവിതം ദുഃസഹമാക്കുന്ന വിലക്കയറ്റം ആശങ്കാജനകമാണ്. ആരോഗ്യകരവും ശുചിത്വവുമുള്ള ഭക്ഷണം എല്ലാവര്‍ക്കും ലഭ്യമാക്കണം.

യുവാക്കളിലും കുട്ടികളിലും മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം വര്‍ധിച്ചുവരുന്നത് ഉത്കണ്ഠയുണ്ടാക്കും. മദ്യത്തിന്റെ ലഭ്യത ഘട്ടംഘട്ടമായി കുറച്ചുകൊണ്ടുവരാനുള്ള നടപടികള്‍ക്കു യോഗം പിന്തുണ യറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.