മനുഷ്യജീവന്റെ മഹത്വം മറന്നുള്ള നിലപാട് അരുത്: കെസിബിസി
Tuesday, July 22, 2014 12:27 AM IST
കൊച്ചി: ദയാവധം അനുവദിക്കരുതെന്നു കേരള സര്‍ക്കാര്‍ സുപ്രീം കോടതിയോട് ആവശ്യപ്പെടണമെന്നു കെസിബിസി. ദയാവധം സംബന്ധിച്ചു സംസ്ഥാന സര്‍ക്കാരുകളുടെ അഭിപ്രായം സുപ്രീം കോടതി ആരാഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ ഈ സാമൂഹ്യതിന്മയ്ക്കെതിരേ ശക്തമായ നിലപാടു സ്വീകരിക്കണമെന്നു കെസിബിസി ആവശ്യപ്പെട്ടു.

ദയാവധം അതിന്റെ എല്ലാ രൂപത്തിലും കൊലപാതകമോ ആത്മഹത്യയോ ആണ്. ക്രൈസ്തവ വിശ്വാസമനുസരിച്ചും ഭാരതത്തിന്റെ പൌരാണിക കാഴ്ചപ്പാടിലും ജീവന്റെയും മരണത്തിന്റെയും മേല്‍ അധികാരമുള്ളതു ദൈവത്തിനു മാത്രമാണ്.

ജീവന്‍ ദൈവത്തിന്റെ ദാനമാണ്; അവിടുത്തെ സ്വത്താണ്. അതിനാല്‍ ദയാവധം ദൈവത്തിന്റെ അധികാരത്തിന്മേലുള്ള കൈയേറ്റമാണ്. മാനുഷികമെന്നു തോന്നിക്കുന്ന വാദമുഖങ്ങളുപയോഗിച്ച് അംഗവൈകല്യമുള്ളവരെയും രോഗികളെയും വൃദ്ധരെയും വധിക്കുന്നതു നിഷ്ഠുരമാണ്. അവര്‍ക്കു ശുശ്രൂഷ ചെയ്യുന്നതിലാണു യഥാര്‍ഥ മാനുഷികത അടങ്ങിയിരിക്കുന്നത്. മരിക്കുന്നതിനല്ല, ജീവിക്കുന്നതിനാണു രോഗികള്‍ക്കും വേദനിക്കുന്നവര്‍ക്കും സഹായം ആവശ്യമുള്ളത്.

ഏതാനും ചില രാജ്യങ്ങള്‍ മാത്രമേ ദയാവധം നിയമമാക്കിയിട്ടുളളൂ. വൃദ്ധരെയും മാതാപിതാക്കന്മാരെയും ആദരിക്കുന്ന നമ്മുടെ സംസ്കാരം ദയാവധത്തിനു നിയമാനുമതി നല്കുന്നത് ഒരു കാരണവശാലും ന്യായീകരിക്കാനാവില്ല. ദയാവധത്തിനു സാധ്യത നല്കുന്ന നിയമം ഏറെ ദുരുപയോഗത്തിനു കാരണമാകും. സാധാരണ ശുശ്രൂഷയും മരുന്നും ഭക്ഷണവും രോഗിക്ക് ഒരിക്കലും ഇല്ലാതാക്കാനാവില്ല. അതാണു മനുഷ്യമഹത്ത്വത്തോടും ജീവനോടും ഉള്ള ആദരം.


ജീവിക്കാനുള്ള അവകാശവും സ്വാതന്ത്യ്രവും ഉള്ളതുപോലെ സ്വതന്ത്രമായി മരിക്കാനും അവകാശമുണ്െടന്നു പറയുന്നതു വൈരുധ്യമാണ്. മരിക്കാനല്ല അന്തസോടെ ജീവിക്കാനാണു മനുഷ്യന് അവകാശമുള്ളത്. മനുഷ്യജീവന്‍ അതിന്റെ ആരംഭം മുതല്‍ സ്വാഭാവികമായ അന്ത്യംവരെ ആദരിക്കപ്പെടണം എന്നതാണു സഭയുടെ നിലപാട്.

ജീവനെ യഥേഷ്ടം കൈകാര്യം ചെയ്യാന്‍ അവസരം ഒരുക്കുന്ന ദയാവധത്തിന് ഒരു കാരണവശാലും അനുമതി കൊടുക്കരുത്. മനുഷ്യജീവന്റെ അമൂല്യതയ്ക്കും മഹത്വത്തിനും എതിരായ നിലപാടു കേരള സര്‍ക്കാര്‍ കൈക്കൊള്ളരുതെന്നും കെസിബിസി പ്രസിഡന്റ് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവ, വൈസ് പ്രസിഡന്റ് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, സെക്രട്ടറി ജനറല്‍ ബിഷപ് ഡോ. ജോസഫ് കരിയില്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ദയാവധം പാടില്ല എന്നതിനുള്ള നിയമപരവും ധാര്‍മികവും മതപരവും ജീവശാസ്ത്രപരവും താത്വികവുമായ ന്യായങ്ങള്‍ വിശദീകരിച്ചു കെസിബിസി സര്‍ക്കാരിനു പഠനറിപ്പോര്‍ട്ട് സമര്‍പ്പിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.