ഡോക്ടര്‍മാരുടെ നിസഹകരണ സമരം ഒപികളുടെ പ്രവര്‍ത്തനത്തെ ബാധിച്ചില്ല
ഡോക്ടര്‍മാരുടെ നിസഹകരണ സമരം ഒപികളുടെ പ്രവര്‍ത്തനത്തെ ബാധിച്ചില്ല
Tuesday, July 22, 2014 12:11 AM IST
തിരുവനന്തപുരം: സര്‍ക്കാര്‍ പുതുതായി ആരംഭിക്കുന്ന മെഡിക്കല്‍ കോളജുകളിലേക്ക് ആരോഗ്യ വകുപ്പിലെ സ്പെഷലിസ്റ് ഡോക്ടര്‍മാരടക്കമുള്ളവരെ ഡെപ്യൂട്ടേഷനില്‍ അയയ്ക്കാനുള്ള ഉത്തരവില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്നലെ ആരംഭിച്ച നിസഹകരണ സമരം ഒപികളുടെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചില്ല.

വാര്‍ഡുകളില്‍ കിടത്തിചകിത്സ തേടിയെത്തിയ രോഗികള്‍ക്കും പരിശോധനകള്‍ക്കായി എത്തിയ രോഗികള്‍ക്കും ചികിത്സ ലഭിച്ചു. ഡോക്ടര്‍മാര്‍ കെജിഎംഒയുടെ നേതൃത്വത്തിലാണ് ഇന്നലെ നിസഹകരണ സമരം ആരംഭിച്ചത്.

സമരത്തെ അവഗണിക്കാനാണ് സര്‍ക്കാര്‍ ശ്രമമെങ്കില്‍ ശക്തമായ സമരപരിപാടികളിലേക്കു കടക്കുമെന്ന് സംഘടനാ ഭാരവാഹികള്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. 10 ദിവസത്തിനുള്ളില്‍ അനുകൂല നടപടിയുണ്ടായില്ലെങ്കില്‍ സമരം ശക്തിപ്പെടുത്താനാണു തീരുമാനം. നാലാംഘട്ടത്തില്‍ പണിമുടക്കിലേക്കും നീങ്ങും.

പകര്‍ച്ചവ്യാധി റിപ്പോര്‍ട്ടിംഗില്‍ നിന്നു ഡോക്ടര്‍മാര്‍ വിട്ടുനില്‍ക്കുന്നത് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കും. ഇതുസംബന്ധിച്ച് കഴിഞ്ഞ ജനുവരി മുതല്‍ നിരവധി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായിരുന്നില്ല. ആരോഗ്യ സെക്രട്ടറിയുടെ നേതൃത്വത്തില്‍ എട്ടുതവണയും രണ്ടു തവണ മന്ത്രിയുമായും ചര്‍ച്ചകള്‍ നടന്നിരുന്നു. ആറുമാസം കഴിഞ്ഞിട്ടും തീരുമാനമെടുക്കാത്ത സാഹചര്യത്തിലാണു ഡോക്ടര്‍മാര്‍ നിസഹകരണ സമരം ആരംഭിച്ചത്.


സര്‍ക്കാര്‍ പുതുതായി ആരംഭിക്കുന്ന മെഡിക്കല്‍ കോളജുകളിലേക്ക് ആരോഗ്യവകുപ്പിലെ സ്പെഷലിസ്റ് ഡോക്ടര്‍മാര്‍ അടക്കമുള്ളവരെ ഡെപ്യൂട്ടേഷനില്‍ അയയ്ക്കുന്നത് ജില്ലാ, ജനറല്‍ ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇതിനു പുറമേ സീനിയോറിറ്റി പ്രശ്നവും മരുന്നു ക്ഷാമവും പരിഹരിക്കണമെന്ന ആവശ്യവുമുണ്ട്. നിസഹകരണ സമരത്തിന്റെ ഭാഗമായി പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനം, അവലോകനയോഗം, മെഡിക്കല്‍ ക്യാമ്പുകള്‍, വിഐപി ഡ്യൂട്ടി എന്നിവയും ഡോക്ടര്‍മാര്‍ ബഹിഷ്കരിച്ചിരിക്കുകയാണ്.

സമരത്തെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രയോഗിച്ചിട്ടുണ്ട്. സമരത്തില്‍ പങ്കെടുത്തിട്ടില്ലെന്ന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രം ശമ്പള ബില്‍ പാസാക്കിയാല്‍ മതിയെന്നാണ് ഉത്തരവ്. ധാര്‍മികമായി ഇതു സര്‍ക്കാരിനു യോജിച്ച നടപടിയല്ലെന്നു കെജിഎംഒഎ സംസ്ഥാന പ്രസിഡന്റ് ഡോ. ഇ.പി. മോഹനന്‍ പറഞ്ഞു. ഡോക്ടര്‍മാര്‍ ഡ്യൂട്ടിക്കു ഹാജരാവുകയും ഒപ്പിടുകയും ചെയ്യുന്നുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ ഡയസ്നോണ്‍ നീതീകരിക്കാന്‍ കഴിയാത്തതാണെന്ന് അദ്ദേഹം പറ ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.