കേരളത്തില്‍ ന്യൂനപക്ഷങ്ങളുടെ വിശ്വാസ്യത നേടാന്‍ പദ്ധതി തയാറാക്കും: റാം മാധവ്
Tuesday, July 22, 2014 12:28 AM IST
കൊച്ചി: ദേശീയ തലത്തിലെന്നപോലെ കേരളത്തിലും അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്താനും തെറ്റിദ്ധരിക്കപ്പെട്ട ന്യൂനപക്ഷ സമൂഹങ്ങളുടെ വിശ്വാസ്യത നേടിയെടുക്കാനും കര്‍മ പദ്ധതി തയാറാക്കുമെന്നു ബിജെപി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി റാം മാധവ് പറഞ്ഞു.

ഇടതു, വലതു മുന്നണികളുടെ ഭരണങ്ങളില്‍നിന്നു കേരളത്തെ രക്ഷിക്കാന്‍ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പു മുതല്‍ ആവിഷ്കരിക്കേണ്ട തന്ത്രങ്ങള്‍ മെനയാന്‍ എന്‍ഡിഎ ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് (നാഷണലിസ്റ്) ലീഡര്‍ അഡ്വ.നോബിള്‍ മാത്യുവുമായി നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. പാര്‍ട്ടി കൊല്ലം ജില്ലാ പ്രസിഡന്റ് എം.കെ. സലീമും നോബിളിനൊപ്പമുണ്ടായിരുന്നു.

മോദി സര്‍ക്കാരിന്റെ ശക്തമായ ഇടപെടലുകള്‍ മൂലമുണ്ടായ നടപടികളുടെ ഗുണങ്ങള്‍ തന്റേതാക്കാന്‍ ശ്രമിക്കുകയും അനാവശ്യ കാര്യങ്ങളില്‍ കേന്ദ്രത്തിനെതിരേ സമരാഹ്വാനം നടത്തുകയും ചെയ്യുന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്െടന്നും റാം മാധവ് പറഞ്ഞു.


അഴിമതി, കെടുകാര്യസ്ഥത, വികസന മുരടിപ്പ്, കുടുംബാധിപത്യം തുടങ്ങിയവ മുഖമുദ്രയാക്കിയ ഇടത്, ഐക്യമുന്നണികള്‍ക്കെതിരേ യഥാര്‍ഥ ജനാധിപത്യ മുന്നേറ്റത്തിനു കളമൊരുങ്ങിയതായി നോബിള്‍ മാത്യു ബിജെപി അഖിലേന്ത്യാ പ്രസിഡന്റ് അമിത് ഷായെ ധരിപ്പിച്ചു. കേരളത്തിലെ എന്‍ഡിഎയുടെ ജനകീയാടിത്തറ സജീവമാക്കാന്‍ എന്‍ഡിഎ ഏകോപന സമിതിയോഗം ഇന്നു തിരുവനന്തപുരത്തു ചേരുമെന്നു കേരള കോണ്‍ഗ്രസ് (നാഷണലിസ്റ്) ജനറല്‍ സെക്രട്ടറി കുരുവിള മാത്യൂസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.