സംസ്കൃത സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ക്കെതിരേ യുജിസി നടപടിക്കു സാധ്യതയേറുന്നു
Tuesday, July 22, 2014 12:13 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ചാന്‍സലറായ ഗവര്‍ണര്‍ക്കു നല്‍കിയ ബയോഡേറ്റയില്‍ തെറ്റായ വിവരം ഉള്‍പ്പെടുത്തിയെന്ന ആരോപണം ഉയരുകയും വിജിലന്‍സ് കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കെ വൈസ് ചാന്‍സലറായി നിയമനം നേടുകയും ചെയ്ത കാലടി സംസ്കൃത സര്‍വകലാശാലാ വിസി ഡോ. എം.സി. ദിലീപ്കുമാറിനെതിരേ യുജിസി നടപടി വന്നേക്കും.

വിജിലന്‍സ് കേസില്‍ പ്രതിയായിരിക്കേ വിവരം മറച്ചുവച്ചു ഡോ. എം.സി. ദിലീപ്കുമാര്‍ നിയമനം നേടിയതായി വിജിലന്‍സ് വിഭാഗം യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. അസോസിയേറ്റ് പ്രഫസറാണെന്ന വിവരം ഗവര്‍ണര്‍ക്കു നല്‍കിയ അപേക്ഷയില്‍ മറച്ചുവച്ചുവെന്നും കണ്െടത്തി. ഇത്രയും ഗുരുതരമായ ക്രമക്കേട് കണ്െടത്തിയിട്ടും സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് യുജിസി നടപടിയുമായി മുന്നോട്ടുപോകുന്നത്. ഇതിന്റെ ഭാഗമായിട്ടാണു വിജിലന്‍സില്‍ നിന്നു റിപ്പോര്‍ട്ട് തേടിയത്.

മഹാത്മാഗാന്ധി സര്‍വകലാശാലയ്ക്കു കീഴിലുള്ള എയ്ഡഡ് കോളജായ കൊച്ചിന്‍ കോളജില്‍ കൊമേഴ്സ് വിഭാഗം അസോസിയേറ്റ് പ്രഫസറായിരിക്കേയാണു ഡോ. എം.സി. ദിലീപ്കുമാര്‍ കാലടി സംസ്കൃത സര്‍വകലാശാലാ വൈസ് ചാന്‍സലറായി നിയമിതനായത്. വിസിയാകാന്‍ നല്‍കിയ അപേക്ഷയില്‍ കൊമേഴ്സ് ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ മേധാവിയെന്നാണു രേഖപ്പെടുത്തിയത്. എന്നാല്‍, ഇതു ശരിയല്ലെന്നു കണ്െടത്തി. പത്തുവര്‍ഷം പ്രഫസറായി പ്രവര്‍ത്തിച്ചു പരിചയമുള്ള അക്കാദമിക് വിദഗ്ധനെ മാത്രമേ വിസിയായി നിയമിക്കാവൂ എന്ന് 2013 ജൂണ്‍ 13ന് കേന്ദ്രസര്‍ക്കാര്‍ പ്രത്യേക വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. സംസ്കൃത സര്‍വകലാശാലാ നിയമത്തില്‍ വൈസ് ചാന്‍സലറുടെ യോഗ്യത നിശ്ചയിച്ചിട്ടില്ലാത്തതിനാല്‍ യുജിസി നിര്‍ദേശം അതേപടി നടപ്പാക്കണം. കേന്ദ്രത്തിന്റെ പ്രത്യേക വിജ്ഞാപനം പുറത്തിറങ്ങിയതിനു തൊട്ടുപിന്നാലെ ജൂണ്‍ 27ന് ഡോ.എം.സി. ദിലീപ്കുമാറിനെ വിസിയായി നിയമിക്കുകയായിരുന്നു.

യുജിസി നിബന്ധനയനുസരിച്ചു കേരളത്തിലെ അഞ്ചു സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാര്‍ക്കാണു നിശ്ചിത യോഗ്യതയില്ലാത്തത്. ദിലീപ്കുമാറിനെ കൂടാതെ ഡോ. ഖാദര്‍ മാങ്ങാട് (കണ്ണൂര്‍), ഡോ. ബി. അശോക് (വെറ്ററിനറി), കെ. ജയകുമാര്‍ (മലയാളം), പി.എന്‍. സുരേഷ് (കലാമണ്ഡലം) എന്നിവരാണു നിശ്ചിത യോഗ്യതയില്ലെന്നു യുജിസി കണ്െടത്തിയ മറ്റുള്ളവര്‍. എന്നാല്‍, യുജിസി റെഗുലേഷന്‍സ് സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം ഇറങ്ങുന്നതിനു മുമ്പു മറ്റുള്ളവര്‍ വൈസ് ചാന്‍സലര്‍മാരായതിനാല്‍ ഇവര്‍ക്കെതിരേ തത്കാലം നടപടി വന്നേക്കില്ല. വിജിലന്‍സ് കേസും ബയോഡേറ്റയിലെ കൃത്രിമവുമാണു ദിലീപിനെതിരേയുള്ള നടപടിക്കു കാരണമാകുന്നതെന്നാണു യുജിസി നല്‍കുന്ന സൂചന.


നടപടിക്രമങ്ങള്‍ പാലിക്കാതെ വൈസ് ചാന്‍സലര്‍ നിയമനം നടത്തിയതിന് ചട്ടം 5എഫ് പ്രകാരം സര്‍വകലാശാലയുടെ അംഗീകാരം പിന്‍വലിക്കാനും, ചട്ടം 14, 12 (1)പ്രകാരം വാര്‍ഷിക ധനസഹായം തടയാനും യുജിസിക്കു കഴിയും.

കൊച്ചിന്‍ കോളെജിലെ പിടിഎ ഫണ്ടില്‍ തിരിമറി നടത്തിയതിന് ഡോ. എം.സി. ദിലീപ്കുമാറിനെതിരേ വിജിലന്‍സ് കേസ് നിലവിലുണ്െടന്നാണു യുജിസി കണ്െടത്തിയിട്ടുള്ളത്.

തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവു പ്രകാരം കേസ് എറണാകുളം വിജിലന്‍സ് അന്വേഷിക്കുകയാണ്. യുജിസിയുടെയും സര്‍വകലാശാലയുടെയും നിയമപ്രകാരം സാമ്പത്തിക തിരിമറിക്കേസില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്നയാളെ വൈസ് ചാന്‍സലറാക്കാന്‍ കഴിയില്ല. കണ്‍സ്യൂമര്‍ഫെഡ് അഴിമതിക്കേസില്‍ കുടുങ്ങിയ ഡോ. റിജി ബി. നായരെ സഹകരണ വിദ്യാഭ്യാസ അക്കാഡമിയുടെ (കേപ്പ്) ഡയറക്ടറാക്കിയെങ്കിലും വിജിലന്‍സ് കേസില്‍ പ്രതിയായതോടെ നിയമനം റദ്ദാക്കുകയായിരുന്നു.

വിസിക്കെതിരേ യുജിസി നടപടിയെടുത്താല്‍ സംസ്കൃത സര്‍വകലാശാലയില്‍ അടുത്തു നടത്താനിരിക്കുന്ന നിയമനങ്ങളും നിയമക്കുരുക്കിലാവും. പ്രഫസര്‍, അസിസ്റന്റ് പ്രഫസര്‍, അസോസിയറ്റ് പ്രഫസര്‍ തസ്തികകളില്‍ നിയമനപടികള്‍ പൂര്‍ത്തിയാവുകയാണ്.

മതിയായ യോഗ്യതകളില്ലെന്നു ചൂണ്ടിക്കാട്ടി മധുര കാമരാജ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. കല്യാണി മതിവനത്തെ പുറത്താക്കിയത് ഇക്കഴിഞ്ഞ ജൂണ്‍ 26 നാണ്. യുജിസി നടപടി ആരംഭിച്ചപ്പോള്‍ അതിനെതിരേ മദ്രാസ് ഹൈക്കോടതിയെ വിസി സമീപിച്ചെങ്കിലും വിസിയെ പുറത്താക്കിക്കൊണ്ടു കോടതി വിധി പ്രസ്താവി ക്കുക യായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.