അഞ്ച് സിപിഎം ജില്ലാ സെക്രട്ടറിമാര്‍ക്കു സ്ഥാനചലനമുണ്ടാകും
അഞ്ച് സിപിഎം ജില്ലാ സെക്രട്ടറിമാര്‍ക്കു സ്ഥാനചലനമുണ്ടാകും
Tuesday, July 22, 2014 12:16 AM IST
ജിബിന്‍ കുര്യന്‍

കോട്ടയം: ഇരുപത്തിയൊന്നാം പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായുള്ള സിപിഎം സമ്മേളനങ്ങളില്‍ മൂന്നുതവണ ജില്ലാ, ഏരിയാ, ലോക്കല്‍ സെക്രട്ടറി സ്ഥാനം വഹിച്ചവര്‍ക്കു സ്ഥാനം നഷ്ടമാകും. ഇതനുസരിച്ച് സംസ്ഥാനത്തെ അഞ്ചു ജില്ലാ സെക്രട്ടറിമാര്‍ക്കു സ്ഥാനമൊഴിയേണ്ടി വരും. ഇപ്പോ ഴുള്ള 80 ശതമാനം ഏരിയാ സെക്രട്ടറിമാരും ലോക്കല്‍ സെക്രട്ടറിമാരും ബ്രാഞ്ച് സെക്രട്ടറിമാരും മൂന്നു തവണ പൂര്‍ത്തിയാക്കിയവരാണ്. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനം പൂര്‍ണമായും നടപ്പായാല്‍ ഏപ്രിലില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പുതിയ നേതൃത്വം ചുമതലയേല്‍ക്കും. മൂന്നാം ഊഴം പൂര്‍ത്തിയാക്കിയ കൊല്ലം ജില്ലാ സെക്രട്ടറി കെ. രാജഗോപാല്‍, പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ. അനന്തഗോപന്‍, കോട്ടയം ജില്ലാ സെക്രട്ടറി കെ.ജെ. തോമസ്, ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണി, കോഴിക്കോട് ജില്ലാ സെക്രട്ടറി ടി.പി. രാമകൃഷ്ണന്‍ എന്നിവര്‍ക്കാണ് ഈ സമ്മേളനത്തോടെ സ്ഥാനമൊഴിയേണ്ടിവരുന്നത്. ഇതില്‍ എം.എം. മണി 25 വര്‍ഷമായി ജില്ലാ സെക്രട്ടറി സ്ഥാനത്തു തുടരുന്നയാളാണ്. ഒരു വര്‍ഷം മുമ്പ് വിവാദപ്രസംഗം നടത്തിയതിനു ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കിയെങ്കിലും പിന്നീടു വീണ്ടും ജില്ലാ സെക്രട്ടറിയായി അദ്ദേഹത്തെ തെരഞ്ഞെടുത്തു.

നാലും അഞ്ചും ടേമുകളായി തുടരുന്ന നിരവധി ഏരിയാ സെക്രട്ടറിമാരും ലോക്കല്‍ സെക്രട്ടറിമാരുമുണ്ട്. സ്ഥിരമായി ബ്രാഞ്ച് സെക്രട്ടറി സ്ഥാനം വഹിക്കുന്നവര്‍ക്കും ഇത്തവണ സ്ഥാനം തെറിക്കും.


ദേശീയ രാഷ്ട്രീയത്തില്‍ നഷ്ടപ്പെട്ട പ്രതാപം വീണ്െടടുക്കുന്നതിനും അടവുനയങ്ങളും സമരരീതികളും പരിഷ്കരിക്കുന്നതിനും ചേരുന്ന പാര്‍ട്ടി കോണ്‍ഗ്രസിന്റെ തീയതിയും സ്ഥലവും അടുത്ത മാസം ആദ്യം നടക്കുന്ന കേന്ദ്ര കമ്മിറ്റിയില്‍ തീരുമാനിക്കും. മഹാരാഷ്ട്ര സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുംബൈ, ആന്ധ്രാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഹൈദരാബാദ് എന്നിവിടങ്ങളാണു പ്രധാനമായും പരിഗണിക്കുന്ന സ്ഥലങ്ങള്‍. പാര്‍ട്ടിക്കു തുടര്‍ച്ചയായി പരാജയം ഏനല്‍കേണ്ടിവരുന്ന പശ്ചിമബംഗാള്‍, പുതിയ സംസ്ഥാനമായ തെലുങ്കാന എന്നിവയും പരിഗണിക്കപ്പെടുന്ന സ്ഥലങ്ങളില്‍പ്പെടുന്നു. പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായി നടക്കുന്ന സംസ്ഥാന സമ്മേളനത്തിന് ഇത്തവണ മധ്യകേരളം വേദിയാകും. തൃശൂര്‍, എറണാകുളം ജില്ലകളാണു പരിഗണിക്കുന്നത്. തൃശൂരിനാണു മുന്‍തൂക്കം. കഴിഞ്ഞ സംസ്ഥാന സമ്മേളനം തിരുവനന്തപുരത്തായിരുന്നതിനാല്‍ ഇത്തവണ തെക്കന്‍ കേരളത്തെ പരിഗണിക്കുന്നില്ല.

അടുത്തമാസം ചേരുന്ന കേന്ദ്രകമ്മിറ്റി യോഗത്തിനുശേഷം ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയും സംസ്ഥാന സമ്മേളന വേദിയും തീയതിയും ജില്ലാ സമ്മേളനങ്ങളുടെ ഷെഡ്യൂ ളും പ്രഖ്യാപിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.