മുഖപ്രസംഗം: മലയോരത്തെ ദുരിതം കാണാതെ പോകരുത്
Saturday, July 26, 2014 11:09 PM IST
കേരളത്തില്‍ ഇത്തവണ മഴ കുറവായിരുന്നുവെങ്കിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാറ്റും മഴയും മൂലമുണ്ടായ നാശനഷ്ടങ്ങള്‍ അവഗണിക്കാവുന്നതല്ല. കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ആഞ്ഞുവീശിയ കാറ്റ് വ്യാപകമായ കൃഷിനാശത്തിനു വഴിയൊരുക്കി. വാഴക്കൃഷിപോലുള്ളവയെയാണു കാറ്റ് ഏറെ ബാധിച്ചത്. ഓണവിപണി പ്രതീക്ഷിച്ചു കര്‍ഷകരും കര്‍ഷകക്കൂട്ടായ്മകളും ഏറെ വാഴക്കൃഷി നടത്തിയിരുന്നു. ചിലയിടങ്ങളില്‍ അതെല്ലാം പൂര്‍ണമായും പലയിടങ്ങളില്‍ ഭാഗികമായും നശിച്ചു. ചിറ്റാരിക്കാല്‍ ആയന്നൂരിലെ തേജസ്വിനി ഫാര്‍മേഴ്സ് ക്ളബ്ബിന്റെ വാഴക്കൃഷി കാറ്റത്തു പാടേ നശിച്ചത് ഒരുദാഹരണം മാത്രം. വാഴക്കൃഷി പോലുള്ള ഹ്രസ്വകാല വിളകള്‍ക്കുണ്ടാകുന്ന നാശത്തിനു പലപ്പോഴും നാമമാത്രമായ നഷ്ടപരിഹാരമാണു കിട്ടുന്നത്. അതുതന്നെ സമയത്തും കാലത്തും ലഭിക്കില്ല. കാറ്റും മഴയും കഴിയുന്നതോടെ കൃഷിനാശം സംബന്ധിച്ച വാര്‍ത്തകളും ഇല്ലാതാകും. അതോടെ അധികൃതര്‍ കര്‍ഷകരുടെ കാര്യം മറക്കും.

കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂര്‍ അമ്പായത്തോട് പറങ്കിമലയിലെ ഉരുള്‍പൊട്ടല്‍ വലിയ കൃഷിനാശത്തിനിടയാക്കി. കാസര്‍ഗോഡ് ജില്ലയിലും മഴ വ്യാപകമായനാശം വിതച്ചു. കണ്ണൂരിലെ തീരമേഖലയില്‍ ചുഴലിക്കാറ്റ് മത്സ്യബന്ധനത്തിനു പോയവരെ ദുരിതത്തിലാക്കി. കുറ്റ്യാടി, കായക്കൊടി, തളീക്കര, പട്ടര്‍കുളങ്ങര പ്രദേശങ്ങളില്‍ ചുഴലിക്കാറ്റ് വന്‍നാശമാണു വിതച്ചത്. പട്ടര്‍കുളങ്ങര എല്‍പി സ്കൂളിന്റെ മേല്‍ക്കൂര അപ്പാടേ തകര്‍ന്നു. ഞായറാഴ്ചയായിരുന്നു സംഭവമെന്നതുകൊണ്ടു വലിയൊരു അത്യാഹിതം ഒഴിവായതിന്റെ ആശ്വാസത്തിലാണു നാട്ടുകാര്‍.

കോഴിക്കോടു ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കാറ്റും മഴയും നിരവധി വീടുകള്‍ക്കു കേടുപാടുകളുണ്ടാക്കി. പല വീടുകളും വാസയോഗ്യമല്ലാതായി. വടകര, നാദാപുരം, ഇയ്യങ്കോട്, കായക്കൊടി പ്രദേശങ്ങളിലും കാവിലുംപാറ, കോടഞ്ചേരി പഞ്ചായത്തുകളിലും ഏറെ കൃഷിനാശമുണ്ടായി. നാദാപുരത്തു പേരോട്, പട്ടാണി, പുളിയാവ് റോഡ് പ്രദേശങ്ങളിലാണു ചുഴലിക്കാറ്റ് താണ്ഡവമാടിയത്. വാഴ, മരച്ചീനി തുടങ്ങിയ വിളകള്‍ക്കു വ്യാപകമായ നാശമുണ്ടായിട്ടുണ്ട്. ചക്കിട്ടപാറ പഞ്ചായത്തിലെ ചെമ്പനോട, പുഴിത്തോട്, ആലംപാറ, മുതുകാട് പ്രദേശങ്ങളില്‍ കാട്ടാനകള്‍ ജനവാസകേന്ദ്രങ്ങളില്‍ നാശങ്ങള്‍ വരുത്തിയതിനു പിന്നാലെയായിരുന്നു പ്രകൃതിക്ഷോഭം മൂലമുള്ള കൃഷിനാശം. കാട്ടാനശല്യമായാലും കാറ്റും മഴയും മൂലമുള്ള കൃഷിനാശമായാലും കര്‍ഷകരുടെ അധ്വാനഫലം നശിപ്പിക്കപ്പെടുമ്പോള്‍ അവര്‍ക്ക് ആശ്വാസം നല്‍കാന്‍ കാര്യമായ നടപടികളൊന്നും ഉണ്ടാകുന്നില്ല എന്നതാണു ഖേദകരം.

റബര്‍കൃഷി മേഖലകളില്‍ റബര്‍ വിലയിടിവിന്റെ ക്ഷതം താങ്ങാനാവാതെ കര്‍ഷകര്‍ കഷ്ടപ്പെടുമ്പോഴാണു കൂനിന്മേല്‍ കുരുപോലെ കാറ്റും മഴയും എത്തിയത്. വീടു നശിച്ചവര്‍ക്ക് അനുവദിക്കുന്ന നഷ്ടപരിഹാരം തീരെ തുച്ഛമാണ്. ഇപ്പോഴത്തെ ഭവനനിര്‍മാണച്ചെലവു കണക്കിലെടുക്കുമ്പോള്‍ വീടുകള്‍ക്ക് നാശനഷ്ടമുണ്ടായവരുടെ നഷ്ടം വളരെ വലുതാണ്. നഷ്ടത്തിന് ആനുപാതികമായി നഷ്ടപരിഹാരത്തുക നല്‍കിയെങ്കില്‍ മാത്രമേ വരുമാനമാര്‍ഗങ്ങള്‍ നഷ്ടപ്പെട്ട അത്തരക്കാര്‍ക്ക് അന്തിയുറങ്ങാനൊരു വീട് തട്ടിക്കൂട്ടാനെങ്കിലും കഴിയൂ. സ്കൂള്‍ കെട്ടിടങ്ങള്‍ പോലുള്ള പൊതുസ്ഥാപനങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കു കാലതാമസം ഉണ്ടാകാന്‍ സാധ്യതയുണ്ട്. സാധാരണക്കാരുടെ മക്കള്‍ പഠിക്കുന്ന സ്കൂളുകളുടെ പുനരുദ്ധാരണത്തിനു മെല്ലെപ്പോക്കു നയം പാടില്ല. പ്രാദേശിക രാഷ്ട്രീയ നേതൃത്വവും അധ്യാപക-രക്ഷാകര്‍ത്തൃസമിതികളും ഇക്കാര്യത്തില്‍ കൂടുതല്‍ ഉത്സാഹം കാണിക്കണം.


കനത്ത മഴയെത്തുടര്‍ന്നു കക്കയം ഡാം സൈറ്റ് റോഡിലേക്കു മണ്ണും കല്ലും വീണു ഗതാഗതം തടസപ്പെട്ടിരുന്നു. വടകര എഎസ്പിയും കുടുംബവുമുള്‍പ്പെടെ പലരും മണിക്കൂറുകളോളം അവിടെ കുടുങ്ങിക്കിടക്കുകയും ചെയ്തു. കൂരാച്ചുണ്ടില്‍നിന്നു ജെസിബി എത്തി കല്ലും മണ്ണും മാറ്റിയ ശേഷമാണ് അവരെ കടത്തിവിടാനായത്. പൊന്നാനി തീരത്തു വലിയ കടലാക്രമണമുണ്ടായി. അവിടെ കടല്‍ഭിത്തിയുണ്െടങ്കിലും ഇത്തവണ തിരകള്‍ ഭിത്തിയും കടന്നെത്തി. കല്‍ക്കുണ്ട്, മഞ്ഞളാംചോല പോലെയുള്ള പ്രദേശങ്ങളില്‍ ശക്തമായ ഉരുള്‍പൊട്ടലിനു സാധ്യതയുണ്െടന്നു ജിയോളജി വകുപ്പ് മുന്നറിയിപ്പു നല്‍കിയിരുന്നു. ഒട്ടുമിക്കവരും സുരക്ഷിത സ്ഥലങ്ങളിലേക്കു മാറിയെങ്കിലും നിവൃത്തികേടുമൂലം വാസസ്ഥലങ്ങളില്‍ തുടരേണ്ടിവന്ന കുറേ കുടുംബങ്ങളുണ്ട്. ഇത്തരം ആള്‍ക്കാര്‍ക്ക് സഹായത്തിന്റെ കരങ്ങള്‍ നീട്ടാന്‍ അധികൃതര്‍ ഇനിയും വൈകരുത്.

തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയില്‍ പലേടത്തും മരങ്ങള്‍ വീണു ഗതാഗതം തടസപ്പെട്ടു. ഇരിക്കൂര്‍ ബസ്സ്റാന്‍ഡ് പ്രദേശത്തു കാറ്റില്‍ കടകളുടെയും ഹോട്ടലിന്റെയും മേല്‍ക്കൂര തകര്‍ന്നു. നല്ലൊരു മഴ പെയ്താല്‍ കരുവാഞ്ചാല്‍ ടൌണ്‍ വെള്ളത്തില്‍ മുങ്ങും. ഓവുചാലുകളെല്ലാം അടഞ്ഞിരിക്കുന്നതിനാല്‍ വെള്ളം റോഡില്‍ പരക്കും. രയറോം പുഴയും ആലക്കോട്, കരുവഞ്ചാല്‍ പുഴകളും ഇടത്തോടുകളുമെല്ലാം കരകവിഞ്ഞൊഴുകിയ മഴക്കാലമായിരുന്നു ഇത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ അടിയന്തര സഹായങ്ങള്‍ നല്‍കാനും വീടും കൃഷിയും നഷ്ടപ്പെട്ടവര്‍ക്ക് ന്യായമായ നഷ്ടപരിഹാരം ഉറപ്പാക്കാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാകണം.

രണ്ടു വര്‍ഷം മുമ്പു ആനക്കാംപൊയില്‍ മേഖലയില്‍ ആറു പേരുടെ മരണത്തിനടയാക്കിയ വ്യാപകമായ ഉരുള്‍പൊട്ടലില്‍ വീടും കൃഷിയിടവുമെല്ലാം നഷ്ടപ്പെട്ടവര്‍ ഇന്നും ദുരിതാശ്വാസക്യാമ്പുകളില്‍ കഴിയുന്നു. ഇവരെ പുനരധിവസിപ്പിക്കാനുള്ള നടപടികള്‍ എങ്ങുമെത്തിയിട്ടില്ല. മനുഷ്യത്വരഹിതമായ ഇത്തരം അവഗണനകള്‍ അക്ഷന്തവ്യമാണ്. വടക്കന്‍ മേഖലകളിലെ പ്രകൃതിദുരന്തങ്ങളും കൃഷിനാശവും പലപ്പോഴും സംസ്ഥാനതലത്തില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാത്തതിനാല്‍ സര്‍ക്കാരിന്റെ അര്‍ഹമായ പരിഗണന ലഭിക്കാതെ പോകുന്നുണ്ട്. ഭരണസിരാകേന്ദ്രത്തിലേക്ക് ഈ പാവപ്പെട്ടവരുടെ രോദനങ്ങള്‍ എത്തിക്കാന്‍ ജനപ്രതിനിധികള്‍ക്കു സാധിക്കണം. അതിനു ചെവികൊടുക്കാന്‍ അധികൃതര്‍ തയാറാവുകയും വേണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.