ഉത്കൃഷ്ടകൃതികള്‍ ഭാഷയെ നവീകരിക്കുന്നു: പെരുമ്പടവം
ഉത്കൃഷ്ടകൃതികള്‍ ഭാഷയെ നവീകരിക്കുന്നു: പെരുമ്പടവം
Saturday, July 26, 2014 12:17 AM IST
സ്വന്തം ലേഖകന്‍

തൃശൂര്‍: ഉത്കൃഷ്ടമായ കൃതികളുണ്ടാകുമ്പോഴാണു ഭാഷ നവീകരിക്കപ്പെടുന്നതെന്നു കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍. ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക(ലാന)യുടെ ലാന കേരള കണ്‍വന്‍ഷന്‍ സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയതു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രേഷ്ഠഭാഷയായ മലയാളത്തിന്റെ ശ്രേഷ്ഠത അമേരിക്കയടക്കമുള്ള വിദേശരാജ്യങ്ങളില്‍ പ്രചരിപ്പിക്കുന്നത് അവിടങ്ങളിലുള്ള മലയാളികളാണെന്നും പെരുമ്പടവം കൂട്ടിച്ചേര്‍ത്തു. ലാന പ്രസിഡന്റ് ഷാജന്‍ ആനിത്തോട്ടം അധ്യക്ഷത വഹിച്ചു.

എല്ലാവരെയും പുച്ഛിക്കുന്ന, മടിയന്മാരുടെ നാടായി കേരളം മാറുമ്പോഴും അമേരിക്കന്‍ മലയാളികള്‍ പുലര്‍ത്തുന്ന ഭാഷാസ്നേഹം മാതൃകാപരമാണെന്നു മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിച്ച സംവിധായകന്‍ കമല്‍ അഭിപ്രായപ്പെട്ടു. സാഹിത്യ അക്കാദമി സെക്രട്ടറി ആര്‍. ഗോപാലകൃഷ്ണന്‍, വൈസ് പ്രസിഡന്റ് അക്ബര്‍ കക്കട്ടില്‍, എം.പി. സുരേന്ദ്രന്‍, കെ. രാധാകൃഷ്ണന്‍ നായര്‍, തങ്കമണിത്തമ്പുരാട്ടി, ഡോ. ജോര്‍ജ് മരങ്ങോലി, സരോജ വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

പിന്നീടു നടന്ന സാഹിത്യ സെമിനാറില്‍ ജോസ് ഓച്ചാലില്‍ മോഡറേറ്ററായിരുന്നു. മാവേലിക്കര ബിഷപ് മൂര്‍ കോളജ് മലയാളവിഭാഗം മേധാവി പ്രഫ. കോശി തലയ്ക്കല്‍ പ്രബന്ധം അവതരിപ്പിച്ചു. ലാന മുന്‍പ്രസിഡന്റ് ഏബ്രാഹം തെക്കേമുറി, ജോയി കുമരകം, സെബാസ്റ്യന്‍ വലിയകാലാ തുടങ്ങിയവര്‍ പ്രസംഗിച്ചു.


'മാധ്യമങ്ങളും മലയാള സാഹിത്യവും: വളര്‍ച്ചയുടെ ദശാബ്ദങ്ങള്‍' എന്ന വിഷയത്തിലുള്ള സെമിനാര്‍ തോമസ് ജേക്കബ് ഉദ്ഘാടനം ചെയ്തു. മുന്‍ എംപി ഡോ. സെബാസ്റ്യന്‍ പോള്‍, മങ്ങാട് രത്നാകരന്‍, ആര്‍. ഗോപികൃഷ്ണന്‍, തൃശൂര്‍ പ്രസ്ക്ളബ് പ്രസിഡന്റ് വി.എം. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഇന്നു രാവിലെ പത്തിനു ചെറുതുരുത്തി കേരള കലാമണ്ഡലത്തില്‍ നടക്കുന്ന സാംസ്കാരികസമ്മേളനം കലാമണ്ഡലം വൈ സ് ചാന്‍സലര്‍ പി.എന്‍. സുരേഷ് ഉദ്ഘാടനം ചെയ്യും. നാളെ തിരൂര്‍ തുഞ്ചന്‍പറമ്പില്‍ നടക്കുന്ന സമ്മേളനം രാവിലെ 10.15 ന് എം.ടി വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്നു സെമിനാറില്‍ എഴുത്തുകാരായ സി. രാധാകൃഷ്ണന്‍, സക്കറിയ എന്നിവര്‍ പ്രബന്ധം അവതരിപ്പിക്കും. മൂന്നുമണിക്കുള്ള സെമിനാറില്‍ ഡോ. കെ. ജയകുമാര്‍, കെ.പി. രാമനുണ്ണി, അക്ബര്‍ കക്കട്ടില്‍, പി.ടി. നരേന്ദ്രമേനോന്‍ എന്നിവര്‍ പ്രസം ഗിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.