ബാറുകള്‍ തുറക്കാതിരിക്കാന്‍ മലബാറില്‍ ധര്‍മസമരാഹ്വാനം
Saturday, July 26, 2014 12:19 AM IST
തലശേരി: അടച്ചുപൂട്ടിയ 418 ബാറുകള്‍ തുറക്കരുതെന്നാവശ്യപ്പെട്ട് തലശേരി, കണ്ണൂര്‍, കോട്ടയം രൂപതകളുടെ നേതൃത്വത്തില്‍ 31നു കണ്ണൂര്‍ കളക്ടറേറ്റിലേക്കു മാര്‍ച്ചും ധര്‍ണയും നടത്തും. കെസിബിസി മദ്യവിരുദ്ധ സമിതിയുടെയും കേരള മദ്യനിരോധന സമിതിയുടെയും ആഭിമുഖ്യത്തിലും ടിഎസ്എസ്എസ്, കെസിവൈഎം, മാതൃവേദി, മിഷന്‍ലീഗ്, എകെസിസി തുടങ്ങിയ സംഘടനകളുടെയും സഹകരണത്തിലുമാണ് മാര്‍ച്ചും ധര്‍ണയും നടത്തുന്നത്.

ഇതു ധര്‍മസമരവും വിശ്വാസപ്രഘോഷണവുമായി കണക്കാക്കണമെന്ന് തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് വലിയമറ്റം, കണ്ണൂര്‍ ബിഷപ് ഡോ. അലക്സ് വടക്കുംതല, കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ എന്നിവര്‍ സംയുക്ത സര്‍ക്കുലറില്‍ ആഹ്വാനം ചെയ്തു.

418 ബാറുകള്‍ അടച്ചുപൂട്ടുന്നതു, മദ്യനിരോധനം ഘട്ടംഘട്ടമായി നടപ്പാക്കുമെന്ന ഗവണ്‍മെന്റ് പ്രഖ്യാപനത്തിന്റെ ഭാഗമായി നടപ്പാക്കണം. മദ്യത്തിന്റെ ലഭ്യത കുറയ്ക്കുന്നതു സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി കാണണം. ജനങ്ങളുടെ താത്പര്യത്തിനും ജനജീവിതത്തിനും പ്രാധാന്യം കൊടുക്കാതെ മദ്യലോബിക്കുവേണ്ടി നിലകൊള്ളുന്നത് അംഗീകരിക്കാന്‍ സാധ്യമല്ല. ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങളുടെ ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കാന്‍ ജനകീയപ്രക്ഷോഭങ്ങളും ജനകീയ സമ്മര്‍ദങ്ങളും അനിവാര്യമാണ്. അധര്‍മത്തിനെതിരേ പ്രതികരിക്കേണ്ട സമയത്തു പ്രതികരിക്കണം.


ഒരു തുള്ളി മദ്യം, ആയിരം തുള്ളി കണ്ണീര്‍: ഇത് സര്‍ക്കാര്‍ ബസുകളില്‍ രേഖപ്പെടുത്തി വച്ചിട്ടുള്ള മദ്യവിരുദ്ധ വാചകമാണ്. മദ്യപാനം ആരോഗ്യത്തിനു ഹാനികരം എന്ന് ബോര്‍ഡ് എഴുതിവയ്ക്കുന്ന സര്‍ക്കാര്‍തന്നെ മദ്യമുണ്ടാക്കുന്നതും വില്ക്കുന്നതും, മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നതും വൈരുധ്യമാണ്. കണക്കുകള്‍ പരിശോധിക്കുമ്പോള്‍ മദ്യ ഉപയോഗത്തില്‍ കേരളം ഇന്ന് ഇന്ത്യയില്‍ ഒന്നാമതാണ്.

വൈദികരുടെയും സന്യസ്തരുടെയും സാമൂഹിക-സാംസ്കാരിക രംഗത്തു പ്രവര്‍ത്തിക്കുന്നവരുടെയും ജനനന്മ കാംക്ഷിക്കുന്ന എല്ലാവരുടെയും സഹകരണവും സര്‍ക്കുലറിലൂടെ അഭ്യര്‍ഥിക്കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.