കേരള യൂണിവേഴ്സിറ്റി അസിസ്റന്റ് നിയമന തട്ടിപ്പ:് പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവ്
Saturday, July 26, 2014 12:21 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: വിവാദമായ കേരള യൂണിവേഴ്സിറ്റി അസിസ്റന്റ് നിയമനത്തട്ടിപ്പു കേസില്‍ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവ്. ആഭ്യന്തര സെക്രട്ടറി നിവേദിത പി.ഹരിഹരനാണ് ക്രൈംബ്രാഞ്ചിനു പ്രോസിക്യൂഷന്‍ അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവില്‍ ഒപ്പിട്ടത്. കേസില്‍ അടുത്തയാഴ്ച ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിക്കും. കോടതിയില്‍ കേസിന്റെ വിചാരണയ്ക്കായി സ്പെഷല്‍ പ്രോസിക്യൂട്ടറുടെ സേവനവും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. അസിസ്റന്റ് നിയമന കേസില്‍ കുറ്റപത്രം തയാറാക്കുന്നതിന്റെ ചുമതല ക്രൈംബ്രാഞ്ച് എഡിജിപി അനന്തകൃഷ്ണനായിരുന്നു. കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്നതിനായി പ്രോസിക്യൂഷന്‍ അനുമതി തേടി എഡിജിപി ആഭ്യന്തര വകുപ്പിനു കത്ത് നല്‍കിയിരുന്നു.

കേസില്‍ പ്രതിസ്ഥാനത്തുള്ള മുന്‍ വൈസ് ചാന്‍സലറും പ്രോ വൈസ് ചാന്‍സലറും ഇപ്പോള്‍ സര്‍വകലാശാല ജീവനക്കാരല്ലാത്തതിനാല്‍ പ്രോസിക്യൂഷന്‍ അനുമതിയുടെ ആവശ്യമില്ലെന്ന നിയമോപദേശമാണു അഡ്വക്കറ്റ് ജനറല്‍ നല്‍കിയത്. ക്രൈംബ്രാഞ്ചിനു കോടതിയില്‍ നേരിട്ടു കുറ്റപത്രം സമര്‍പ്പിക്കാമെന്നും നിയമോപദേശത്തില്‍ എജി ചൂണ്ടിക്കാട്ടിയിരുന്നു. എജിയുടെ നിയമോപദേശം ഏറെ വിവാദമാകുകയും ചെയ്തു.


കേസ് കോടതിയിലെത്തുമ്പോള്‍ പ്രോസിക്യൂഷന്‍ അനുമതി വേണമെന്നു സൂചിപ്പിച്ചു എഡിജിപി അനന്തകൃഷ്ണന്‍ ആഭ്യന്തര വകുപ്പിനു വീണ്ടും കത്തു നല്‍കി. കേസ് രാഷ്ട്രീയമായിക്കൂടി വിവാദമായതോടെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രോസിക്യൂഷന്‍ അനുമതി നല്‍കി. എന്നാല്‍, മന്ത്രി അനുമതി നല്‍കിയതിനുശേഷവും ഫയല്‍ അനങ്ങിയില്ല. ഈ സാഹചര്യത്തിലാണു ആഭ്യന്തര സെക്രട്ടറി നേരിട്ട് ഇടപെട്ടു പ്രോസിക്യൂഷന്‍ ഉത്തരവ് നല്‍കിയിരിക്കുന്നത്.

മുന്‍ വൈസ് ചാന്‍സലര്‍ ഡോ: എം.കെ രാമചന്ദ്രന്‍, പ്രോ വൈസ് ചാന്‍സലര്‍ ഡോ: വി.ജയപ്രകാശ്, സിന്‍ഡിക്കറ്റ് അംഗങ്ങളായിരുന്ന അഡ്വ:എ.എ. റഷീദ്, ബി.എസ്. രാജീവ്, എം.ബി. റസല്‍, കെ.എ. ആന്‍ഡ്രൂസ്, മുന്‍ രജിസ്ട്രാര്‍ കെ.എ. ഹാഷിം എന്നിവരാണു കേസിലെ പ്രതികള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.