സ്വയംഭരണ പദവി എസ്ബി കോളജിന്റെ മികവിനുള്ള അംഗീകാരം: മുഖ്യമന്ത്രി
സ്വയംഭരണ പദവി എസ്ബി കോളജിന്റെ മികവിനുള്ള അംഗീകാരം: മുഖ്യമന്ത്രി
Saturday, July 26, 2014 12:21 AM IST
ചങ്ങനാശേരി: എസ്ബി കോളജിനു ലഭിച്ച സ്വയംഭരണ പദവി വിദ്യാഭ്യാസ രംഗത്തെ മികവിനുള്ള അംഗീകാരമാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സ്വയംഭരണ പദവി ലഭിച്ച സെന്റ്ബെര്‍ക്കുമെന്‍സ് കോളജിനെ അനുമോദിക്കുന്നതിനായി ചങ്ങനാശേരി പൌരാവലിയുടെ നേതൃത്വത്തില്‍ കോളജിലെ മാര്‍ കാവുകാട്ടു ഹാളില്‍ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. എസ്ബി കോളജിനു ലഭിച്ച സ്വയംഭരണ പദവി മികവിനുള്ള അംഗീകാരം പോലെതന്നെ വലിയ വെല്ലുവിളിയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സ്വയംഭരണ പദവി സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ മാറ്റത്തിന്റെ തുടക്കമാണ്. ഈ മേഖലയില്‍ പല മാറ്റങ്ങള്‍ക്കും സര്‍ക്കാര്‍ പരിശ്രമങ്ങള്‍ നടത്തിവരികയാണ്. സംസ്ഥാനത്തെ വിദ്യാഭ്യാസരംഗം കൂട്ടിലടച്ച കിളിയെപ്പോലെയാണ്. ഈ രംഗത്തെ വളര്‍ച്ചയ്ക്ക് സര്‍ക്കാര്‍ കൂടുതല്‍ സ്വാതന്ത്യ്രം നല്‍കും. ലോകത്തിലെ ശാസ്ത്ര സാങ്കേതിക വളര്‍ച്ചക്കൊപ്പം കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗം വളര്‍ച്ച നേടിയിട്ടില്ല. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ നിലവാരം ലജ്ജിച്ചു തലതാഴ്ത്തേണ്ടുന്ന അവസ്ഥയിലാണ്. സ്വയംഭരണ പദവി സുതാര്യതയോടെ വിജയപദത്തിലെത്തിച്ച് ഉന്നത വിദ്യാഭ്യാസ രംഗത്തെ മികവുറ്റതാക്കാന്‍ എസ്ബി കോളജിനു സാധിക്കണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

സംസ്ഥാനത്തെ കോളജുകള്‍ക്ക് സ്വയംഭരണ പദവി പാടില്ലെന്നു ശഠിക്കുന്ന ചിലരുണ്ട്. ഇവര്‍ ഇക്കാര്യത്തെ എതിര്‍ത്തുകൊണ്ടിരിക്കുകയാണ്. വിദ്യാഭ്യാസ രംഗത്ത് ആരെങ്കിലും അഴിമതി നടത്തിയെന്നു കരുതി എല്ലാവരെയും കുറ്റക്കാരായി കാണാനാവില്ല. അഴിമതിക്കാരെയും ക്രമക്കേടു നടത്തുന്നവരെയും കണ്െടത്തി നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കലാപത്തെ തുടര്‍ന്ന് ഉക്രെയിനില്‍ നിന്നും 350 മലയാളി വിദ്യാര്‍ഥികളാണ് തിരികെയെത്തിയത്. വിദേശത്ത് ഉപരിപഠനം നടത്തുന്ന വിദ്യാര്‍ഥികളുടെ സ്ഥിതി പ്രതിസന്ധിയിലാണ്. അതിനാല്‍ ഏതു കോഴ്സുകളും പഠിക്കാന്‍ ആരും പുറത്തു പേകേണ്ടാത്ത സാഹചര്യം കേരളത്തിലുണ്ടാകണമെന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.


ധനമന്ത്രി കെ. എം. മാണി സ്വയംഭരണ പദവി പ്രഖ്യാപനം നടത്തി. വിഭവശേഷിയുടെ പരിമിതിയുണ്െടങ്കിലും വിദ്യാര്‍ഥികളുടെ ഭാവി പരിഗണിച്ച് റവന്യു വരുമാനത്തിന്റെ 25 ശതമാനം തുക വിദ്യാഭ്യാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ ചെലവഴിക്കുന്നുണ്െടന്ന് ധനമന്ത്രി പറഞ്ഞു.

ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം മുഖ്യപ്രഭാഷണം നടത്തി. ഉന്നത വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റത്തിന് കൂട്ടായ പരിശ്രമം ഉണ്ടാകണമെന്നും ധാര്‍മികതയിലും അച്ചടക്കത്തിലുമൂന്നിയ വിദ്യാഭ്യാസത്തിനു മാത്രമേ സമൂഹത്തെ നന്മയിലേക്ക് നയിക്കാനാവുകയുള്ളുവെന്നും ആര്‍ച്ച് ബിഷപ് ഉദ്ബോധിപ്പിച്ചു. ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തി. സ്വാതന്ത്യ്രം കൂടാതെ യഥാര്‍ഥ പുരോഗതി കൈവരിക്കാനാവുകയില്ലെന്നും വിദ്യാഭ്യാസ രംഗത്ത് അഴിമതിയുണ്െടങ്കില്‍ അതിനു കടിഞ്ഞാണിടണമെന്നും ആര്‍ച്ച്ബിഷപ് അഭിപ്രായപ്പെട്ടു.

സി.എഫ്.തോമസ് എംഎല്‍എ അധ്യക്ഷത വഹിച്ചു. കൊടിക്കുന്നില്‍ സുരേഷ് എംപി, പ്രിന്‍സിപ്പല്‍ റവ.ഡോ.ടോമി പടിഞ്ഞാറേവീട്ടില്‍, ഉന്നത വിദ്യാഭ്യാസ കൌണ്‍സില്‍ വൈസ് ചെയര്‍മാന്‍ ടി.പി.ശ്രീനിവാസന്‍, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സ്മിതാ ജയകുമാര്‍, ജേക്കബ് ജോബ്, ഡോ.റൂബിള്‍ രാജ്, ജോസുകുട്ടി നെടുമുടി എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.