ദിശാബോധത്തോടെ പുതിയ തലമുറയെ വാര്‍ത്തെടുക്കണം: മന്ത്രി അടൂര്‍ പ്രകാശ്
ദിശാബോധത്തോടെ പുതിയ തലമുറയെ വാര്‍ത്തെടുക്കണം: മന്ത്രി അടൂര്‍ പ്രകാശ്
Saturday, July 26, 2014 12:22 AM IST
കാഞ്ഞിരപ്പള്ളി: പുതുതലമുറയെ ദിശാബോധത്തോടെ വളര്‍ത്തിയെടുക്കുക എന്നതാണു വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്നും ഇതിനുള്ള അവസരങ്ങള്‍ ഒരുക്കി കൊടുക്കുക എന്നതു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കര്‍ത്തവ്യമാണെന്നും റവന്യൂ മന്ത്രി അടൂര്‍ പ്രകാശ്. കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനിയറിംഗ് കോളജില്‍ നടക്കുന്ന അന്തര്‍ദേശീയ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പുതിയ ആശയങ്ങളുമായി എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ഓരോ വകുപ്പിന്റെയും മേല്‍നോട്ടത്തില്‍ പ്രത്യേക പ്രോത്സാഹനം നല്‍കുമെന്നും കയര്‍ ഉല്‍പ്പാദന രംഗത്ത് പുതിയ ആശയങ്ങള്‍ കൊണ്ടുവരുന്ന പ്രൊജക്ടുകള്‍ക്കു കയര്‍ വകുപ്പിന്റെ പിന്തുണ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

പ്രിന്‍സിപ്പല്‍ റവ.ഡോ. ജോസ് കണ്ണമ്പുഴ അധ്യക്ഷതവഹിച്ചു. സൌദി അറേബ്യയിലെ കിംഗ് അബ്ദുള്‍ അസീസ് യൂണിവേഴ്സിറ്റി പ്രൊജക്ട് വിഭാഗം വൈസ് പ്രസിഡന്റ് ഡോ. ആര്‍. ശ്രീറാം കുമാര്‍, ഐഇഇഇ കേരള സെക്ഷന്‍ സെക്രട്ടറി പ്രഫ. ജി. ശബരീനാഥ്, കോളജ് മാനേജര്‍ ഫാ. വര്‍ഗീസ് പരിന്തിരിക്കല്‍, ഗവേഷണവിഭാഗം മേധാവി ഡോ. ജയിംസ് ജേക്കബ്, ഇലക്ട്രിക്കല്‍ വകുപ്പ് അധ്യക്ഷന്‍ പ്രഫ. പി.സി. തോമസ്, പ്രഫ. എസ്. അരുണ്‍, സാക്ക് മാത്യു എന്നിവര്‍ പ്രസംഗിച്ചു.


മാഗ്നറ്റിക്സ്, മെഷീന്‍സ്, ഡ്രൈവ്സ് എന്നീ വിഷയങ്ങളില്‍ ഐഇഇഇ, കെഎസ്സിഎസ്ടിഇ എന്നിവയുടെ സാങ്കേതിക സഹായത്തോടെ നടത്തപ്പെടുന്ന കോണ്‍ഫറന്‍സില്‍ ദേശീയ അന്തര്‍ദേശീയ മേഖലയിലെ ഗവേഷകര്‍, സാങ്കേതിക വിദഗ്ധര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവരടക്കം മുന്നൂറോളംപേര്‍ പങ്കെടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.