പോലീസ് ഉദ്യോഗസ്ഥര്‍ക്കുവേണ്ടിയുള്ള ആരോഗ്യപദ്ധതി ഉദ്ഘാടനം ചെയ്തു
Saturday, July 26, 2014 12:24 AM IST
തിരുവനന്തപുരം: ആഭ്യന്തര വകുപ്പും ആരോഗ്യ വകുപ്പും സംയുക്തമായി പോലീസ് ഉദ്യോഗസ്ഥര്‍ക്കു വേണ്ടി ആരംഭിച്ച സൌജന്യ ആരോഗ്യ പരിശോധനാ ക്ളിനിക്ക് ഷേപ്പ് (സിസ്റമാറ്റിക് ഹെല്‍ത്ത് അസെസ്മെന്റ് ഫോര്‍ പോലീസ് പേഴ്സണല്‍) ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. മിഷന്‍ 676 ന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

പോലീസ് സേനാംഗങ്ങളുടെ ജീവിതശൈലി രോഗനിര്‍ണയത്തിനും ആരോഗ്യബോധവത്കരണത്തിനും കൌണ്‍സലിംഗിനും വേണ്ടിയുള്ള ഈ ക്ളിനിക്കുകള്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ആരംഭിക്കും. എല്ലാ മാസവും മൂന്നാം ശനിയാഴചയായിരിക്കും ക്ളിനിക്ക് പ്രവര്‍ത്തിക്കുക. പ്രമേഹം, രക്തസമ്മര്‍ദം, അമിതവണ്ണം, പുകവലി, മദ്യപാനം, മയക്കുമരുന്ന് തുടങ്ങിയവയില്‍നിന്നു മോചനം, മാനസിക സമ്മര്‍ദങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള കൌണ്‍സലിംഗ് എന്നിവയും പദ്ധതിയിലൂടെ പോലീസുകാര്‍ക്കു ലഭ്യമാകും. ജനറല്‍ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അധ്യക്ഷനായിരുന്നു. പോലീസ് സേനയ്ക്കുവേണ്ടി സ്മൈല്‍, ഷേപ്പ് പദ്ധതികള്‍ രൂപവത്കരിച്ചു നടപ്പാക്കിയ എന്‍ആര്‍എച്ച്എം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഹരികൃഷ്ണനെ രമേശ് ചെന്നിത്തല ഫലകം നല്‍കി ആദരിച്ചു.


സംസ്ഥാനത്തെ പോലീസുകാരുടെ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി ഓണത്തിന് നടപ്പാക്കുമെന്ന് ചെന്നിത്തല പറഞ്ഞു. പോലീസുകാര്‍ക്കു സമൂഹത്തില്‍ നിന്നു നല്ലത് ഒന്നും ലഭിക്കാറില്ല. കല്ലേറും വിമര്‍ശനവും മാത്രമാണു ലഭിക്കുന്നത്. അവരുടെ സംരക്ഷണമാണ് യുഡിഎഫ് സര്‍ക്കാരിന്റെ ലക്ഷ്യം. അതിനായിട്ടാണു സ്മൈല്‍ പദ്ധതിയും ഷേപ്പും ആരംഭിച്ചത്

ഡിജിപി കെ.എസ്. ബാലസുബ്രഹ്മണ്യന്‍, പോലീസ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍മാരായ എം.എന്‍. കൃഷ്ണമൂര്‍ത്തി, ലോക്നാഥ് ബഹ്റ, ആരോഗ്യകേരളം സ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ.എന്‍.ശ്രീധര്‍, എന്‍ആര്‍എച്ച്എം. ഡയറക്ടര്‍ മിന്‍ഹാജ് ആലം, കൌണ്‍സിലര്‍ കുമാരി പത്മനാഭന്‍, ഡിഎംഒ ഡോ.കെ.എം. സിറാബുദ്ദീന്‍, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ.എ.ഫസീലത്ത് ബീവി, കെജിഎംഒഎ പ്രസിഡന്റ് ഡോ.ഇ.പി.മോഹനന്‍, പൊതുജനാരോഗ്യം അഡീഷണല്‍ ഡയറക്ടര്‍ ഡോ.എ.എസ്.പ്രദീപ്കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.