പ്രാര്‍ഥനകളുമായി മാര്‍ ആനിക്കുഴിക്കാട്ടില്‍ ഭരണങ്ങാനത്ത്
പ്രാര്‍ഥനകളുമായി മാര്‍ ആനിക്കുഴിക്കാട്ടില്‍ ഭരണങ്ങാനത്ത്
Saturday, July 26, 2014 12:24 AM IST
ഭരണങ്ങാനം: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുസന്നിധിയില്‍ പ്രാര്‍ഥനാമലരുകളുമായി ഇടുക്കി ബിഷപ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലെത്തി. തിരുനാളിന്റെ ഏഴാംദിനമായിരുന്ന ഇന്നലെ വിശുദ്ധയുടെ സന്നിധിയിലെത്തി മാര്‍ ആനിക്കുഴിക്കാട്ടില്‍ വിശുദ്ധ കുര്‍ബാനയുമര്‍പ്പിച്ചു. അല്‍ഫോന്‍സാമ്മ പകര്‍ന്ന സഹന സന്ദേശം സമൂഹം ഏറ്റുവാങ്ങണം. വേദനകളിലെല്ലാം ദൈവതൃക്കരം ദര്‍ശിക്കാനായിരുന്നു അല്‍ഫോന്‍സാമ്മ ശ്രദ്ധിച്ചിരുന്നത്: അദ്ദേഹം ഓര്‍മിപ്പിച്ചു.

തിരുനാളിന്റെ എട്ടാംദിനമായ ഇന്ന് രാവിലെ11നു മാവേലിക്കര രൂപതാധ്യക്ഷന്‍ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു സന്ദേശം നല്‍കും. വൈകുന്നേരം അഞ്ചിനു പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ഫിലിപ്പ് ഞരളക്കാട്ട് വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും.

പ്രധാന തിരുനാള്‍ ദിനമായ 28ന് എത്തുന്ന ലക്ഷക്കണക്കിനു വിശ്വാസികളെ സ്വീകരിക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. വിശുദ്ധയുടെ സന്നിധിയിലെത്തുന്ന വിശ്വാസികള്‍ക്കെല്ലാം ഏതുസമയവും തിരുക്കര്‍മങ്ങളില്‍ പങ്കെടുക്കാന്‍ കഴിയുംവിധമാണു ക്രമീകരണങ്ങള്‍. ബാഹ്യ ആഡംബരങ്ങള്‍ പൂര്‍ണമായി ഒഴിവാക്കി തിരുക്കര്‍മങ്ങളിലൂടെ ആത്മീയ സമ്പന്നത സമ്മാനിക്കുംവിധമാണു പ്രധാന തിരുനാള്‍ ദിനത്തിലെ പ്രദക്ഷിണമടക്കം ക്രമപ്പെടുത്തിയിട്ടുള്ളത്.

28നു രാവിലെ അഞ്ചിനു ഫാ. ഫ്രാന്‍സിസ് വടക്കേല്‍, ആറിനു തീര്‍ഥാടന കേന്ദ്രം റെക്ടര്‍ റവ. ഡോ. ജോസഫ് തടത്തില്‍ എന്നിവര്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. 5.30ന് ഇടവക ദേവാലയത്തില്‍ കുര്‍ബാന. ഏഴിനു മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ തീര്‍ഥാടന ദേവാലയത്തില്‍ നേര്‍ച്ചയപ്പം വെഞ്ചരിക്കും. 7.15ന് ഇടവക ദേവാലയത്തില്‍ മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. ഫാ. ജോസഫ് തോലാനിക്കല്‍, ഫാ. ഡൊമിനിക് കുപ്പയില്‍പുത്തന്‍പുരയില്‍ എന്നിവര്‍ സഹകാര്‍മികരാകും. 8.15ന് ഫാ. എമ്മാനുവല്‍ കൊട്ടാരത്തില്‍, 9.15ന് ഫാ. മാത്യു ഇല്ലിമൂട്ടില്‍ എന്നിവര്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. 10ന് ഇടവക ദേവാലയത്തില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ തിരുനാള്‍ റാസ. ഫാ. ജോസഫ് സ്രാമ്പിക്കല്‍, ഫാ. തോമസ് താന്നിനില്‍ക്കുംതടത്തില്‍ എന്നിവര്‍ സഹകാര്‍മികരാവും. 12ന് ആഘോഷമായ തിരുനാള്‍-ജപമാല പ്രദക്ഷിണം. ഫാ.തോമസ് ഓലിക്കല്‍, ഫാ.ജോസഫ് അമ്മനത്തുകുന്നേല്‍, ഫാ. ജോസഫ് പള്ളിക്കല്‍ എന്നിവര്‍ കാര്‍മികത്വം വഹിക്കും. 2.30ന് ഇടവക ദേവാലയത്തില്‍ കുടമാളൂര്‍ ഫൊറോന വികാരി ഫാ. ഏബ്രഹാം വെട്ടുവയലില്‍, 3.30നു കുറവിലങ്ങാട് ഫൊറോന വികാരി ഫാ. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍, 4.30ന് ഇലഞ്ഞി ഫൊറോന വികാരി ഫാ. ജോര്‍ജ് വഞ്ചിപ്പുരയ്ക്കല്‍, 5.30ന് പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് കുഴിഞ്ഞാലില്‍ എന്നിവര്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. 27നു രാവിലെ 11നു പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു സന്ദേശം നല്‍കും. വൈകുന്നേരം 6.30ന് അല്‍ഫോന്‍സാമ്മ അംഗമായിരുന്ന ക്ളാരമഠത്തിലേക്ക് ആഘോഷമായ ജപമാല-മെഴുകുതിരി പ്രദക്ഷിണം. അരുവിത്തുറ സെന്റ് ജോര്‍ജ് കോളജ് പ്രിന്‍സിപ്പല്‍ റവ. ഡോ. ബേബി സെബാസ്റ്യന്‍ സന്ദേശം നല്‍കും.


തിരുനാള്‍ ദിനങ്ങളിലെത്തുന്ന ഭക്തര്‍ക്ക് നേര്‍ച്ചകാഴ്ചകള്‍ അര്‍പ്പിക്കാനും വിശുദ്ധയുടെ കബറിടം ചുംബിച്ചു പ്രാര്‍ഥിക്കാനും വിപുലമായ ക്രമീകരണമാണ് ഒരുക്കിയിട്ടുള്ളത്. തൊട്ടില്‍ നേര്‍ച്ച, വിളക്കു നേര്‍ച്ച, സാരി നേര്‍ച്ച, സമര്‍പ്പണം, കുമ്പസാരം എന്നിവയ്ക്കും പ്രത്യേക ക്രമീകരണമുണ്ട്. അല്‍ഫോന്‍സാ സ്റാളില്‍നിന്നു ഭക്തസാധനങ്ങളും ലഭ്യമാണ്. മുഴുവന്‍ ഭക്തര്‍ക്കും നേര്‍ച്ചയപ്പം നല്‍കും.

തീര്‍ഥാടന കേന്ദ്രം റെക്ടര്‍ റവ.ഡോ. ജോസഫ് തടത്തില്‍, ഫൊറോന വികാരി ഫാ. ജോസ് അഞ്ചേരില്‍, തീര്‍ഥാടന കേന്ദ്രം അഡ്മിനിസ്ട്രേറ്റര്‍ ഫാ. ജോര്‍ജ് പഴേപറമ്പില്‍, അസിസ്റന്റ് റെക്ടര്‍ ഫാ.ജോസഫ് മണിയംചിറ എന്നിവരുടെ നേതൃത്വത്തിലാണു ക്രമീകരണങ്ങള്‍ പൂര്‍ത്തീകരിച്ചത്. തീര്‍ഥാടകര്‍ക്കാവശ്യമായ സൌകര്യങ്ങള്‍ പോലീസ്, ആരോഗ്യവകുപ്പുകളും ക്രമീകരിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.