മൂന്നാര്‍ ഒഴിപ്പിക്കല്‍ അന്നു വി.എസിനു പൊന്‍തൂവല്‍; ഇന്നു മുള്‍ക്കിരീടം
Saturday, July 26, 2014 12:26 AM IST
ജോണ്‍സണ്‍ വേങ്ങത്തടം

തൊടുപുഴ: മൂന്നാറിലെ ഒന്നാംഘട്ട ഒഴിപ്പിക്കല്‍ വി.എസ്. അച്യുതാനന്ദന്റെ മുഖ്യമന്ത്രിക്കിരീടത്തിലെ പൊന്‍തൂവലായിരുന്നെങ്കില്‍ ഇന്നു കോടതിവിധിയിലൂടെ അത് സര്‍ക്കാരിന്റെ മുള്‍കിരീടമായി. മൂന്നാര്‍ ദൌത്യസേന പൊളിച്ചുനീക്കിയ ക്ളൌഡ്-9 റിസോര്‍ട്ടിനു സര്‍ക്കാര്‍ പത്തു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഭൂമി പിടിച്ചെടുത്ത നടപടി റദ്ദാക്കിയെന്നും ഹൈക്കോടതി വ്യക്തമാക്കിയതോടെ മൂന്നാര്‍ ദൌത്യവും കോടതി വിധിയും വീണ്ടും ചര്‍ച്ചയായി.

വി.എസ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികവേളയില്‍ വന്‍നേട്ടമായി പ്രകീര്‍ത്തിക്കപ്പെട്ട സംഭവമായിരുന്നു മൂന്നാര്‍ ഒഴിപ്പിക്കല്‍. സര്‍ക്കാര്‍ നടപടിക്കു പൊതുസമൂഹത്തില്‍നിന്നു വലിയ അംഗീകാരം കിട്ടിയപ്പോള്‍ രാഷ്ട്രീയരംഗത്ത് വിവാദത്തിന്റെ കോളിളക്കമായിരുന്നു. ഒരു മാസക്കാലം നീണ്ട ദൌത്യത്തില്‍ പ്രത്യേക ദൌത്യസംഘം 92 കെട്ടിടങ്ങള്‍ ഒഴിപ്പിക്കുകയും 16,000 ഏക്കര്‍ ഭൂമി തിരിച്ചുപിടിക്കുകയും ചെയ്തപ്പോള്‍ കോടതികളില്‍ കേസിന്റെ പെരുമഴയായിരുന്നു. 125 റിട്ട് പെറ്റീഷനുകളാണ് ഹൈക്കോടതിയില്‍ മാത്രം ഫയല്‍ ചെയ്തത്. ബാച്ചുകളായി കേസ് പരിഗണിച്ച കോടതി ആദ്യം 13 കേസിന്റെ വിധി പറഞ്ഞപ്പോള്‍ എല്ലാം സര്‍ക്കാരിന് അനുകൂലമായിരുന്നു. എന്നാല്‍ ഇപ്പോള്‍ സര്‍ക്കാരിന് എതിരായി വന്ന വിധി ഇതിനകം തന്നെ ചര്‍ച്ചയായിക്കഴിഞ്ഞു. ചീഫ് ജസ്റീസ് മഞ്ജുള ചെല്ലൂര്‍, ജസ്റീസ് എ.എം. ഷെഫീക്ക് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ചാണു വിധി പ്രസ്താവിച്ചത്. മുതിര്‍ന്ന അഭിഭാഷകയായ സുശീലാ ഭട്ടാണ് ഈ കേസുകളില്‍ സര്‍ക്കാരിനുവേണ്ടി ഹാജരായിരുന്നത്. ഒരു വര്‍ഷമെടുത്ത് പൂര്‍ത്തിയാക്കിയ വാദത്തില്‍ ഉന്നയിച്ച കാര്യങ്ങള്‍ അവര്‍ രേഖാമൂലം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.


2007നാണ് മൂന്നാര്‍ ദൌത്യം ആരംഭിച്ചത്. 2007 മെയ് 13നാണ് കെ.സുരേഷ്കുമാര്‍, ഐജി ഋഷിരാജ്സിംഗ്, ജില്ലാ കളക്ടറായിരുന്ന രാജു നാരായണസ്വാമി എന്നിവരുടെ നേതൃത്വത്തില്‍ മൂന്നാറില്‍ ജെസിബി ഉരുണ്ടുതുടങ്ങിയത്. സംസ്ഥാനം ഭരിക്കുന്ന ഇടതുമുന്നണിക്കോ മുന്നണിയിലെ മുഖ്യപാര്‍ട്ടിയായ സിപിഎമ്മിനോ ക്രെഡിറ്റ് കൊടുക്കാതെ എല്ലാം വി.എസ്. അച്യുതാനന്ദന്‍ സ്വന്തമാക്കുകയായിരുന്നു.

ഇപ്പോഴുണ്ടായ കോടതി വിധി ദൂരവ്യാപകമായ പ്രതിഫലനം സൃഷ്ടിക്കുമെന്നുറപ്പാണ്. മറ്റു റിസോര്‍ട്ടുടമകള്‍ക്കു കോടതിയെ സമീപിക്കാനും ഈ വിധി അനുകൂലമാക്കി മാറ്റാനും സാധിക്കുകയും ചെയ്യും. ഏതായാലും കോടതിവിധിക്കെതിരേ അപ്പീല്‍ നല്‍കി അനുകൂലവിധി നേടുക മാത്രമാണു സര്‍ക്കാരിനുള്ള ഏക പോംവഴി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.