ലിബിയയില്‍ കുടുങ്ങിയ നഴ്സുമാര്‍ മുഖ്യമന്ത്രിയുമായി ഫോണില്‍ ബന്ധപ്പെട്ടു
ലിബിയയില്‍ കുടുങ്ങിയ നഴ്സുമാര്‍ മുഖ്യമന്ത്രിയുമായി ഫോണില്‍ ബന്ധപ്പെട്ടു
Saturday, July 26, 2014 12:11 AM IST
ജോമി കുര്യാക്കോസ്

കോട്ടയം: ആഭ്യന്തരകലാപം രൂക്ഷമായ ലിബിയയിലെ ട്രിപ്പോളിയില്‍ കുടുങ്ങിയ മലയാളി നഴ്സുമാര്‍ നാട്ടിലെത്താനാവാതെ ദുരിതത്തില്‍. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി ഫോണില്‍ ബന്ധപ്പെട്ട് നഴ്സുമാര്‍ സഹായം ആവശ്യപ്പെട്ടു. ഇവരെ നാട്ടിലെത്തിക്കുന്നതിനു സംസ്ഥാന സര്‍ക്കാര്‍ നടപടി ആരംഭിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ലിബിയയിലെ ഇന്ത്യന്‍ അംബാസഡര്‍ അസര്‍ എ.എച്ച്. ഖാനുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ടെലിഫോണില്‍ സംസാരിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തി. ഇവരെ അടിയന്തരമായി നാട്ടിലെത്തിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ മുഖ്യമന്ത്രി അംബാസഡറുമായി ചര്‍ച്ച ചെയ്തു.

സ്ഥിതിഗതികള്‍ വിലയിരുത്താനും മലയാളികളടക്കമുള്ളവരെ സുരക്ഷിതരായി നാട്ടിലെത്തിക്കാനുമായി ലിബിയയിലെ ഇന്ത്യന്‍ എംബസി 24 മണിക്കൂറും പ്രവര്‍ത്തനസജ്ജമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള കലാപം കൂടുതല്‍ മേഖലയിലേക്കു പടരുകയാണെന്നു നഴ്സുമാര്‍ പറയുന്നു. ജോലി നഷ്ടപ്പെട്ടിട്ടില്ലെങ്കിലും പല ആശുപത്രികളുടെയും പ്രവര്‍ത്തനം നിലച്ച മട്ടാണ്. ഭക്ഷണം, ഫോണ്‍ ഉള്‍പ്പെടെയുള്ളവ ഇതുവരെ മുടങ്ങിയിട്ടില്ല.

ട്രിപ്പോളിയിലെ എയര്‍പോര്‍ട്ട് ഒരുവിഭാഗം ആക്രമിച്ചതിനെത്തുടര്‍ന്ന് ഇവിടെനിന്നുള്ള വിമാനസര്‍വീസ് പൂര്‍ണമായും നിലച്ചു. ആശുപത്രിക്കു പുറത്ത് വെടിയൊച്ചകളും ബോംബ് സ്ഫോടനങ്ങളും പതിവാണ്. ട്രിപ്പോളി മെഡിക്കല്‍ സെന്റര്‍, അല്‍ഖരീദ ആശുപത്രി തുടങ്ങിയ ഏഴ് ആശുപത്രികളിലാണു മലയാളികളില്‍ ഭൂരിപക്ഷവും ജോലി ചെയ്യുന്നത്. ട്രിപ്പോളി മെഡിക്കല്‍ സെന്ററില്‍ മാത്രം 380 മലയാളി നഴ്സുമാരുണ്ട്. ഇന്നലെ മിക്ക നഴ്സുമാരും നാട്ടിലേക്കു ഫോണില്‍ ബന്ധപ്പെട്ടങ്കിലും മുന്നോട്ട് എന്താകുമെന്ന ആശങ്കയാണു എല്ലാവരിലും.

എന്നാല്‍, ഒരുവിഭാഗം നഴ്സുമാര്‍ക്കു ഫോണ്‍ സൌകര്യമില്ലെന്നു നാട്ടിലുള്ള മാതാപിതാക്കള്‍ പറഞ്ഞു. പ്രധാന മാര്‍ക്കറ്റുകളെല്ലാം അടച്ചു. ട്രിപ്പോളി മെഡിക്കല്‍ സെന്ററിലെ അഞ്ചു പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ ആറു നഴ്സുമാര്‍ രാജിവച്ചു ഹോസ്റലില്‍ കഴിയുകയാണ്. ഇവര്‍ക്കു നാട്ടിലെത്താന്‍ സാധിക്കുന്നില്ലെന്നു കാഞ്ഞിരപ്പള്ളി സ്വദേശികളായ നഴ്സുമാര്‍ ദീപികയോടു പറഞ്ഞു. ‘65 ല്‍പ്പരം നഴ്സുമാര്‍ നാട്ടിലെത്താന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. നഴ്സുമാരില്‍ ഭൂരിഭാഗവും കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ നിന്നുള്ളവരാണ്. ആറു മാസം മുതല്‍ രണ്ടുവര്‍ഷം വരെ ട്രിപ്പോളിയില്‍ ജോലി ചെയ്തു വരുന്നവരാണ് ഇവരില്‍ പലരും. ട്രിപ്പോളിയിലെ അല്‍ഖരീദ ആശുപത്രിയില്‍ 52 മലയാളി നഴ്സുമാര്‍ കുടുങ്ങിയതായ വിവരം വ്യാഴാഴ്ച്ചയാണ് അറിയുന്നത്.


രാജിവച്ച നഴ്സുമാരുടെ പാസ്പോര്‍ട്ട് എംബസി അധികൃതര്‍ക്കു കൈമാറിയെങ്കിലും എക്സിറ്റ് അടിച്ചുനല്കിയില്ലെന്നു പറയുന്നു. ട്രിപ്പോളിയില്‍നിന്നു ടുണീഷ്യയിലെത്തിയാല്‍ മാത്രമേ വിമാനസൌകര്യം ലഭ്യമാകൂ. ഇതിന് ഇന്ത്യന്‍ എംബസി അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണു നഴ്സുമാര്‍ പറയുന്നത്. നാട്ടില്‍ പോകുന്നവര്‍ക്കു വിമാനടിക്കറ്റ് ആശുപത്രി അധികൃതര്‍ നല്കാമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ടുണീഷ്യയിലെത്താന്‍ ഇവര്‍ സഹായം വാഗ്ദാനം ചെയ്തിട്ടില്ല. സ്വന്തം ഉത്തരവാദിത്വത്തില്‍ പോകണമെന്നാണ് ആശുപത്രി വൃത്തങ്ങള്‍ പറയുന്നത്.

ട്രിപ്പോളിയില്‍നിന്നും ആറു മണിക്കൂര്‍ യാത്രചെയ്താലേ ടുണീഷ്യയിലെത്താന്‍ സാധിക്കൂ. യാത്രാ വഴികളില്‍ കലാപകാരികളും പിടിച്ചുപറിസംഘങ്ങളും അഴിഞ്ഞാടുകയാണെന്നും നഴ്സുമാര്‍ പറഞ്ഞു. റംസാന്‍ അവധി കഴിഞ്ഞാലുടന്‍ ഇവരെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുമെന്നും റംസാന്‍ പ്രമാണിച്ച് ലിബിയയിലും ടുണിഷ്യയിലുമുള്ള വിവിധ ഓഫീസുകള്‍ അവധി ആയതാണ് നിലവില്‍ ഇവരെ മടക്കി കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്ക് തടസമെന്നു ലിബിയയിലെ ഇന്ത്യന്‍ അംബാസഡര്‍ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമായും ഇവരെ നാട്ടിലെത്തിക്കുന്നതു സംബന്ധിച്ചു മുഖ്യമന്ത്രി ചര്‍ച്ച നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.