മുന്‍ എംഎല്‍എ നേരിട്ടെത്തി മുറിയെടുക്കണമെന്നു ചട്ടം; ചട്ടലംഘനത്തിനു ഭരണ-പ്രതിപക്ഷ വ്യത്യാസമില്ല
മുന്‍ എംഎല്‍എ നേരിട്ടെത്തി മുറിയെടുക്കണമെന്നു ചട്ടം; ചട്ടലംഘനത്തിനു ഭരണ-പ്രതിപക്ഷ വ്യത്യാസമില്ല
Saturday, July 26, 2014 12:15 AM IST
കെ. ഇന്ദ്രജിത്ത്

തിരുവനന്തപുരം: തലസ്ഥാനത്തെത്തുന്ന മുന്‍ നിയമസഭാംഗങ്ങള്‍ക്ക് എംഎല്‍എ ഹോസ്റലിലെ ഒഴിഞ്ഞു കിടക്കുന്ന മുറികള്‍ പ്രതിദിനം 10 രൂപ നിരക്കില്‍ വാടകയ്ക്കു നല്‍കാന്‍ വ്യവസ്ഥയുണ്ട്. മുന്‍ എംഎല്‍എ നേരിട്ടെത്തി മുറിയെടുക്കണമെന്നാണു ചട്ടം. മുന്‍ എംഎല്‍എയ്ക്കും ഭാര്യക്കും മക്കള്‍ക്കും അച്ഛനമ്മമാര്‍ക്കും അടുത്ത കുടുംബാംഗങ്ങള്‍ക്കുമാണു ഇങ്ങനെ മുറി എടുക്കാവുന്നത്.

എന്നാല്‍, എംഎല്‍എ ഹോസ്റലില്‍ ചട്ടവും കീഴ്വഴക്കവുമൊക്കെ രേഖകളില്‍ മാത്രമാണുള്ളത്. മുന്‍ എംഎല്‍എ വിളിച്ചുപറയുകയോ എഴുതി നല്‍കുകയോ ചെയ്യുന്നവര്‍ക്കു വരെ മുറി നല്‍കേണ്ടിവരും. ഇതില്‍ കൊലപാതക കേസിലെയും സ്ത്രീപീഡന കേസിലെയും പ്രതികള്‍ അടക്കമുള്ളവര്‍ എത്താറുണ്ട്. പലരും ആഴ്ചകളോളം ഇവിടെ താമസിക്കാറുണ്ട്.

ചട്ടങ്ങള്‍ ലംഘിച്ചു മുറിനല്‍കാന്‍ വിസമ്മതിച്ച ഒട്ടേറെ ഉദ്യോഗസ്ഥര്‍ മുന്‍ എംഎല്‍എമാരുടെ തനിസ്വരൂപം അറിഞ്ഞിട്ടുമുണ്ട്. മാര്‍ഗനിര്‍ദേശവും കീഴ്വഴക്കവും കര്‍ശനമാക്കാന്‍ തീരുമാനിക്കുമ്പോള്‍ ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ എല്ലാവരും എതിര്‍ക്കാറുണ്െടന്നു സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ ഓഫീസ് പുറപ്പെടുവിച്ച പത്രക്കുറിപ്പിലും പറയുന്നു.

കൊച്ചി ബ്ളാക്ക്മെയിലിംഗ് പെണ്‍വാണിഭക്കേസിലെ പ്രധാന പ്രതിയായ ജയചന്ദ്രനെ നിയമസഭാ സാമാജികരുടെ വാസസ്ഥലത്തിനു സമീപത്തുനിന്നു പിടികൂടിയതോടെയാണ് എംഎല്‍എ ഹോസ്റലിലെ താമസം വീണ്ടും വിവാദമായത്. മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ ശരത്ചന്ദ്ര പ്രസാദിന്റെ പേരില്‍ ജൂലൈ ഒന്‍പതു മുതല്‍ എടുത്ത മുറിയില്‍ ജയചന്ദ്രന്‍ താമസിച്ചുവെന്നായിരുന്നു ആരോപണം.


മുന്‍ എംഎല്‍എമാര്‍ക്കായി ഒഴിച്ചിട്ടിരിക്കുന്ന പത്തോളം മുറികളില്‍ എംഎല്‍എമാരുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഒട്ടേറെപ്പേരാണു താമസിക്കാന്‍ എത്തുന്നത്. ഇതില്‍ ക്രിമിനല്‍ കേസുകളിലെ പ്രതികള്‍ മുതല്‍ ആര്‍സിസിയിലും ശ്രീചിത്ര മെഡിക്കല്‍ സെന്ററിലും ചികിത്സയ്ക്കെത്തുന്ന സാധാരണക്കാര്‍ വരെയുണ്ട്. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ എംഎല്‍എ ഹോസ്റലില്‍ താമസിച്ചുവെന്ന ആരോപണം മുമ്പു വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

ഭരണ-പ്രതിപക്ഷ കക്ഷികളിലെ യുവജന-വിദ്യാര്‍ഥി നേതാക്കള്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളാകുമ്പോള്‍ സുരക്ഷിത താവളമെന്ന നിലയില്‍ ഇവിടെ അഭയം തേടാറുണ്െടന്നും ആരോപണമുണ്ട്. പോലീസിനു വേഗം കയറി റെയ്ഡ് നടത്താന്‍ കഴിയില്ലെന്നതാണു കാരണം. ഹോസ്റലില്‍ പരിശോധന നടത്താന്‍ സ്പീക്കറുടെ പ്രത്യേക അനുമതി ആവശ്യമാണ്. ജയചന്ദ്രന്‍ ഇവിടെ ഒളിവില്‍ കഴിയുകയാണെന്നു പ്രത്യേക അന്വേഷണസംഘം കണ്െടത്തിയതിന്റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അനുമതി നല്‍കിയ ശേഷമാണു പോലീസ് സംഘം ഇതിനകത്തു പരിശോധന നടത്തിയത്. അന്വേഷണ ഉദ്യോഗസ്ഥരെ സഹായിക്കാന്‍ വാച്ച് ആന്‍ഡ് വാര്‍ഡിന്റെ സേവനവും വിട്ടു നല്‍കിയിരുന്നു.

പ്രതി താമസിച്ച നോര്‍ത്ത് ബ്ളോക്കിലെ മുറിക്കു സമീപം എംഎല്‍എമാരും താമസിക്കുന്നുണ്ട്. സുരക്ഷയ്ക്കുതന്നെ ഇതു ഭീഷണി ുണ്ടാക്കുന്നതായി ഇന്റലിജന്‍സ് വിഭാഗം നേരത്തേ തന്നെ സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇന്റലിജന്‍സിന്റെ സുരക്ഷാ നിര്‍ദേശത്തെ തുടര്‍ന്നു രണ്ടു വര്‍ഷം മുമ്പു ഹോസ്റലിന്റെ പ്രധാന ഗേറ്റ് ഒഴികെ മറ്റുള്ള ഗേറ്റുകള്‍ പൂട്ടിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.