മുഖപ്രസംഗം: ജുഡീഷറിയില്‍ ജനത്തിനു വിശ്വാസം നഷ്ടപ്പെടരുത്
Thursday, July 31, 2014 10:50 PM IST
ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച വിവാദം അടുത്തകാലത്തു ചൂടുപിടിച്ചതു ഗോപാല്‍ സുബ്രഹ്മണ്യത്തെ സുപ്രീംകോടതി ജഡ്ജിയാക്കാനുള്ള ശിപാര്‍ശ നിരസിക്കപ്പെട്ടതിനെയും സുപ്രീംകോടതി ജഡ്ജിയായിരുന്ന മാര്‍ക്കണ്ഡേയ കട്ജുവിന്റെ വിവാദപരമായ ചില വെളിപ്പെടുത്തലുകളെയും തുടര്‍ന്നാണ്. ജഡ്ജിമാരുടെ നിയമനത്തില്‍ ഇപ്പോഴുള്ള കൊളീജിയംസംവിധാനം അവസാനിപ്പിക്കാനുള്ള നീക്കത്തിന് ഈ വെളിപ്പെടുത്തല്‍ ആക്കംകൂട്ടി. ജഡ്ജിമാരുടെ നിയമനത്തിനായി പ്രത്യേക കമ്മീഷനെ നിയമിക്കുമെന്നതു ബിജെപിയുടെ തെരഞ്ഞെടുപ്പു പ്രകടനപത്രികയിലുമുണ്ടായിരുന്നു. കഴിഞ്ഞദിവസം ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ സുപ്രീംകോടതി-ഹൈക്കോടതി ജഡ്ജിമാരുടെ നിയമനത്തിനു കമ്മീഷന്‍ രൂപവത്കരിക്കാന്‍ ധാരണയായിട്ടുണ്ട്. ഇതു സംബന്ധിച്ച ബില്‍ പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നാണു കരുതുന്നത്.

സുപ്രീംകോടതി ചീഫ് ജസ്റീസും നാലു മുതിര്‍ന്ന ജഡ്ജിമാരും ഉള്‍പ്പെടുന്നതാണു കൊളീജിയം. ജഡ്ജിമാരെ നിയമിക്കുന്നതിനു ശിപാര്‍ശ സമര്‍പ്പിക്കുന്ന കൊളീജിയംസമ്പ്രദായത്തിനു ഭരണഘടനാപരമായ സാധുതയൊന്നുമില്ല. 1990-കള്‍ക്കു ശേഷമുള്ള പ്രത്യേക രാഷ്ട്രീയസാഹചര്യങ്ങളുടെ ഉത്പന്നമായി ഈ സംവിധാനത്തെ കണക്കാക്കാം. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ക്കു വേണ്ടത്ര ഭൂരിപക്ഷമില്ലാത്തതുമൂലമുള്ള രാഷ്ട്രീയ അസ്ഥിരത ജുഡീഷല്‍ ആക്ടിവിസത്തെ ശക്തിപ്പെടുത്തി. ജനാധിപത്യ ഭരണക്രമത്തില്‍ ജുഡീഷറിക്കും എക്സിക്യൂട്ടിവിനും നിയമനിര്‍മാണസഭയ്ക്കും തുല്യപ്രാധാന്യമെന്നതില്‍ മാറ്റമുണ്ടാകുന്ന അവസ്ഥ ചിലപ്പോഴെങ്കിലും സംജാതമായി. ഭരണകൂടത്തിന്റെ വീഴ്ചകളും ജുഡീഷല്‍ ആക്ടിവിസം അനിവാര്യമാക്കി എന്നതു തള്ളിക്കളയാനാവില്ല.

സുപ്രീംകോടതി ചീഫ് ജസ്റീസുമായി കൂടിയാലോചിച്ചു രാഷ്ട്രപതി ജഡ്ജിമാരുടെ നിയമനം നടത്തണമെന്നാണു ഭരണഘടനാചട്ടം. ഈ സംവിധാനമാണ് ഇപ്പോഴത്തെ കൊളീജിയംസംവിധാനത്തിലേക്കു രൂപാന്തരപ്പെട്ടത്. 1993ല്‍ ഒന്‍പതംഗ സുപ്രീംകോടതി ബെഞ്ച് ജഡ്ജിനിയമനത്തില്‍ സുപ്രീംകോടതിക്കായിരിക്കണം മേല്‍ക്കൈ എന്ന ഉത്തരവു പുറപ്പെടുവിച്ചു. ജുഡീഷറിയുടെ ഉള്ളിലുള്ള വിഷയമായതിനാല്‍ എക്സിക്യുട്ടീവിന് ഇക്കാര്യത്തില്‍ തുല്യഅവകാശം വേണ്െടന്നായിരുന്നു ഭൂരിപക്ഷം ജഡ്ജിമാരുടെയും അഭിപ്രായം. എന്നാല്‍ ബെഞ്ചിലുണ്ടായിരുന്ന ചില ജഡ്ജിമാര്‍ ഈ അഭിപ്രായത്തോടു വിയോജിപ്പു പ്രകടിപ്പിച്ചു. പിന്നീടു പലപ്പോഴും ഫലത്തില്‍ കൊളീജിയത്തിന്റെ പ്രസക്തിപോലും നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായി. ജഡ്ജി നിയമനം സുപ്രീംകോടതി ചീഫ് ജസ്റീസിന്റെ മാത്രം തീരുമാനമായും മാറി.

കെ.ആര്‍. നാരായണന്‍ രാഷ്ട്രപതിയായിരുന്ന കാലത്ത് 1998ല്‍, ജഡ്ജിമാരുടെ നിയമനത്തില്‍ രാഷ്ട്രപതിയുടെ അഭിപ്രായമാരായുന്നതിന്റെ ഭരണഘടനാപരമായ പങ്ക് എന്താണെന്നു സുപ്രീംകോടതിയോട് ആരാഞ്ഞു. ഇതിനു മറുപടിയായി സുപ്രീംകോടതി നല്‍കിയ ഒമ്പതിന മാര്‍ഗനിര്‍ദേശമാണ് ഇപ്പോഴത്തെ കൊളീജിയംസംവിധാനത്തിനൊരു നിയതരൂപമുണ്ടാക്കിയത്. 1998 ഒക്ടോബര്‍ 28ന് ജസ്റീസ് എസ്.പി. ബറൂച്ചയുടെ നേതൃത്വത്തിലുള്ള ഒമ്പതംഗ ബെഞ്ച് പുറപ്പെടുവിച്ച വിധിന്യായം ജഡ്ജി നിയമനത്തില്‍ സുപ്രീംകോടതി ചീഫ് ജസ്റീസിനുള്ള മേല്‍ക്കൈ ഒരിക്കല്‍ക്കൂടി ഉറപ്പിച്ചു.


അക്കാലഘട്ടങ്ങളില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും വ്യക്തമായ ഭൂരിപക്ഷമില്ലാതെ ഭരണം നടത്തിവന്ന സര്‍ക്കാരുകള്‍ക്കു ജുഡീഷറിയുടെ മേല്‍ക്കൈ ഇല്ലാതാക്കാനോ ഇത്തരം കാര്യങ്ങളില്‍ ശക്തമായ നിലപാടുകള്‍ സ്വീകരിക്കാനോ സാധിക്കില്ലായിരുന്നു. എന്നിരുന്നാലും രാജ്യത്തെ ജനാധിപത്യസംവിധാനത്തിന് ഉലച്ചിലുണ്ടാകാതെയും ഭരണകൂടവുമായി വലിയ ഏറ്റുമുട്ടലൊന്നുമുണ്ടാക്കാതെയും ജുഡീഷറി മുന്നോട്ടുപോയി. എങ്കിലും ജനാധിപത്യസംവിധാനത്തില്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനു ജഡ്ജിമാരുടെ നിയമനത്തിനു യുക്തമായ സ്ഥാനം ലഭിക്കണമെന്ന വികാരവും ശക്തമായി. അങ്ങനെയാണു ദേശീയ ജുഡീഷല്‍ കമ്മീഷന്‍ എന്ന ആശയം ഉരുത്തിരിഞ്ഞത്. 2003ല്‍ എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് ഇതു സംബന്ധിച്ച ഭരണഘടനാഭേദഗതി പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരുന്നു. അതിന്റെയൊരു പരിഷ്കൃത രൂപമാണ് ഇപ്പോള്‍ ആലോചനയിലുള്ള ജുഡീഷല്‍ നിയമന കമ്മീഷന്‍.

ജുഡീഷറിയുടെ പ്രാധാന്യവും ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരിന്റെ പ്രാധാന്യവും വിലയിരുത്തിവേണം ഇത്തരമൊരു സംവിധാനം രൂപപ്പെടുത്താന്‍. ജുഡീഷറിയിലും അനഭിലഷണീയമായ പല കാര്യങ്ങളും നടക്കുന്നുണ്ട്. ചീഫ് ജസ്റീസുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യം പരസ്യമായി സമ്മതിച്ചിട്ടുമുണ്ട്. ദേശീയ നിയമ കമ്മീഷന്‍ കേന്ദ്ര നിയമ മന്ത്രാലയത്തിനു സമര്‍പ്പിച്ച ചില ശിപാര്‍ശകള്‍ പ്രസക്തമാണ്. ജഡ്ജിമാര്‍ റിട്ടയര്‍ ചെയ്തശേഷം കുറെക്കാലം ഔദ്യോഗിക പദവികള്‍ ഒന്നും ഏറ്റെടുക്കരുതെന്നതാണ് അതില്‍ പ്രധാനം. റിട്ടയര്‍ ചെയ്യുന്ന ജഡ്ജിമാര്‍ക്കെല്ലാം ഇപ്പോള്‍ എന്തെങ്കിലും നല്ല നിയമനങ്ങള്‍ ലഭിക്കുന്നുണ്ട്. അധികാരവ്യാപ്തി കുറഞ്ഞാലും വ്യക്തിപരമായി പല നേട്ടങ്ങളും ഇതുമൂലം അവര്‍ക്കുണ്ടാകാം. അതുകൊണ്ടുതന്നെ ജഡ്ജിമാരുടെ പദവി വഹിക്കുമ്പോള്‍ ഇത്തരം നിയമനങ്ങള്‍ക്കുള്ള വഴി സുഗമമാക്കാന്‍ രാഷ്ട്രീയ നേതൃത്വത്തോടു വിധേയപ്പെട്ടുനില്‍ക്കാനുള്ള സാധ്യതയുണ്ട്.

പുതിയ ജഡ്ജിനിയമനസമിതിയില്‍ ഏഴംഗങ്ങളുണ്ടാകണമെന്നു നിര്‍ദേശിക്കുന്ന നിയമ കമ്മീഷന്‍ അതില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നു നിയമമന്ത്രിയെമാത്രമേ ഉള്‍പ്പെടുത്തുന്നുള്ളൂ. ജഡ്ജിമാരായി നിയമിക്കുന്നവരുടെ പൂര്‍വചരിത്രവും ട്രാക്ക് റിക്കാര്‍ഡുമൊക്കെ വിലയിരുത്തണമെന്ന നിര്‍ദേശം നല്ലതുതന്നെ. ഏറ്റവും പ്രധാനം നീതിപീഠത്തിന്റെ നിഷ്പക്ഷതയും നീതിബോധവും ജനങ്ങള്‍ക്കു ബോധ്യമാകണം എന്നതാണ്. ജഡ്ജിമാര്‍ സ്വാധീനത്തിനു വഴങ്ങുന്നവരാണെന്ന നേരിയ സംശയംപോലും ജുഡീഷറിയെ ദുര്‍ബലമാക്കും. അതു ഫലത്തില്‍ ജനാധിപത്യത്തിന്റെ ദൌര്‍ബല്യമായി മാറും. അത് അനുവദിക്കാന്‍ പാടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.