വിഴിഞ്ഞം പദ്ധതിക്ക് എതിരല്ല, സമുദായത്തിന്റെ ആശങ്കകള്‍ ദൂരീകരിക്കണം: ആര്‍ച്ച്ബിഷപ് ഡോ.എം. സൂസപാക്യം
വിഴിഞ്ഞം പദ്ധതിക്ക് എതിരല്ല, സമുദായത്തിന്റെ ആശങ്കകള്‍ ദൂരീകരിക്കണം: ആര്‍ച്ച്ബിഷപ് ഡോ.എം. സൂസപാക്യം
Thursday, July 31, 2014 10:50 PM IST
തിരുവനന്തപുരം: നിര്‍ദിഷ്ട വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിക്ക് എതിരല്ലെന്നും ലത്തീന്‍ സമുദായത്തിന്റെ ആശങ്കകള്‍ ദൂരീകരിക്കണമെന്നും തിരുവനന്തപുരം ലത്തീന്‍ ആര്‍ച്ച്ബിഷപ് ഡോ.എം. സൂസപാക്യം. വിഴിഞ്ഞം പദ്ധതിക്കു ലത്തീന്‍ അതിരൂപത എതിരാണെന്ന പ്രചാരണം അടിസ്ഥാനരഹിതവും വേദനാജനകവുമാണ്. വിഴിഞ്ഞം പദ്ധതിക്ക് ലത്തീന്‍ രൂപത ഒരിക്കലും എതിരുനിന്നിട്ടില്ലെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.

പദ്ധതിയുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്നതും കൂടുതല്‍ കഷ്ടനഷ്ടങ്ങള്‍ക്കു വിധേയരാകുന്നവരുമായ മത്സ്യത്തൊഴിലാളികളുടെ തൊഴിലും കിടപ്പാടവും സംരക്ഷിച്ചുകൊണ്ടുള്ള ഒരു പുനരധിവാസം ഉറപ്പാക്കണമെന്നും പാരിസ്ഥിതിക ആഘാതം പഠിക്കണമെന്നുമാണ് ലത്തീന്‍ രൂപത ആവശ്യപ്പെട്ടിട്ടുള്ളത്.

എന്നാല്‍, ഇപ്പോള്‍ പദ്ധതിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളിലേക്കു സഭയെയും ലത്തീന്‍ സമുദായത്തേയും വലിച്ചിഴച്ച്, തിരുവനന്തപുരം ലത്തീന്‍ രൂപതയെ ഇകഴ്ത്താനുള്ള നീക്കങ്ങളാണു നടക്കുന്നത്. ഇതിന്റെ പ്രതിഫലനമാണ് തുറമുഖ പദ്ധതി അട്ടിമറിയുമായി ബന്ധപ്പെട്ടു നടക്കുന്ന കുപ്രചാരണങ്ങള്‍. പദ്ധതിയുടെ പേരില്‍ ലത്തീന്‍ സമുദായത്തെ കരിവാരി തേയ്ക്കുന്നതു വേദനാജനകമാണ്.

വിഴിഞ്ഞം പദ്ധതി സംസ്ഥാനത്തിന്റെ വികസനത്തിന് ആക്കം കൂട്ടുമെന്ന കാര്യത്തില്‍ ഒരു സംശയവും രൂപതയ്ക്കില്ല. തൊഴില്‍രംഗത്തു വന്‍ സാധ്യതകള്‍ പ്രവചിക്കുന്നു. നിര്‍മാണസാധനങ്ങളുടെ ഇറക്കുമതി രംഗത്തും അവസരങ്ങളുണ്ടാകും. സംസ്ഥാന ത്തിന്റെ പുരോഗതിക്കു വിഴിഞ്ഞം തുറമുഖം ഗുണപരമായ മാറ്റങ്ങള്‍ക്കു വഴിതുറക്കും.

എന്നാല്‍, ഈ തൊഴിലവസരങ്ങളൊന്നും മത്സ്യത്തൊഴിലാളികള്‍ക്കു യാതൊരു ഗുണവും ചെയ്യില്ല. ഇക്കാര്യങ്ങള്‍ മുഖവിലയ്ക്ക് എടുത്തുകൊണ്ടാണു പദ്ധതി ഏറ്റവും കൂടുതല്‍ ബാധിക്കുന്ന സമൂഹ മെന്ന നിലയില്‍ ചില ആശങ്കകള്‍ മുന്നോട്ടുവയ്ക്കുന്നത്.

പൂന്തുറ മുതല്‍ പൂവാര്‍വരെയുള്ള 13 മത്സ്യമേഖലയിലെ മത്സ്യത്തൊഴിലാളികളെ തുറമുഖ പദ്ധതി ബാധിക്കുമെന്നാണു പദ്ധതിയുമായി ബന്ധപ്പെട്ട പഠന റിപ്പോര്‍ട്ട് പറയുന്നത്. ഈ റിപ്പോര്‍ട്ട് അംഗീകരിച്ചാല്‍തന്നെ ലത്തീന്‍ സമുദായാംഗങ്ങളായ അരലക്ഷത്തിലേറെ വരുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് അവരുടെ സ്വത്തുവകകളും തൊഴിലും നഷ്ടപ്പെടുമെന്ന് ഉറപ്പാണ്.

വിഴിഞ്ഞം പദ്ധതി 66 ഹെക്ടര്‍ (180 ഏക്കര്‍) നികത്തിയാണ് നിര്‍മിക്കുന്നത്. ഈ കടല്‍നികത്തല്‍ പദ്ധതിയുടെ വടക്കുഭാഗത്ത് ഭീമമായ കരനഷ്ടത്തിനു കാരണമാകും. പൂന്തുറ മുതല്‍ പെരുമാതുറവരെയുള്ള സ്ഥലത്ത് കടല്‍ കയറുകയും അവിടെയുള്ള മത്സ്യത്തൊഴിലാളികള്‍ക്കു കിടപ്പാടം നഷ്ടപ്പെടുകയും ചെയ്യും.

ഒപ്പം തെക്കുഭാഗത്ത് 400 മീറ്റര്‍ ആഴത്തില്‍ ഡ്രഡ്ജിംഗ് നടത്തി കപ്പല്‍ചാല്‍ നിര്‍മിക്കുന്നതിലൂടെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗം നഷ്ടമാകും. വലിയ പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. തൊഴില്‍ നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കാന്‍ ഒരു നടപടിയും സര്‍ക്കാര്‍ പറയുന്നില്ല.

നിരന്തരമായ കപ്പലോട്ടം കാരണം മത്സ്യത്തൊഴിലാളികള്‍ക്കു കടലില്‍ പോകാന്‍ കഴിയാതെ വരും. മത്സ്യത്തൊഴിലാളികള്‍ക്കും മത്സ്യബന്ധന യാനങ്ങള്‍ക്കും ഉണ്ടാകുന്ന അപകടങ്ങള്‍ ദൂരീകരിക്കുന്നതിനെക്കുറിച്ച് പഠന റിപ്പോര്‍ട്ടില്‍ ഒന്നും പറയുന്നില്ല. ഈ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ നേരിടേണ്ടിവരുന്ന പ്രശ്ന ങ്ങളില്‍ സഭയ്ക്കും സമുദായത്തിനും കൈയുംകെട്ടി നോക്കിനില്‍ക്കാനാകില്ല.

നിര്‍ദിഷ്ട വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ 2013 മേയ് 29-നു സാമൂഹിക പാരിസ്ഥിതിക ആഘാത പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. മത്സ്യത്തൊഴിലാളികള്‍ക്കുള്ള ആശങ്ക അതേവര്‍ഷം ജൂണ്‍ 29-ന് നടന്ന പബ്ളിക് ഹിയറിംഗില്‍ രേഖാമൂലം സമര്‍പ്പിച്ചു.

എന്നാല്‍, പരാതികള്‍ക്കു വേണ്ടത്ര ഗൌരവം നല്‍കാതെയാണ് വിഴിഞ്ഞം സീപോര്‍ട്ട് കമ്പനി കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന് അനുമതിക്കായി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.


ഇതുസംബന്ധിച്ച ആശങ്കകള്‍ കേന്ദ്ര സര്‍ക്കാരിനും തിരുവനന്തപുരം എംപി ശശി തരൂരിനും നല്‍കിയിരുന്നു. ഇക്കാര്യങ്ങളിലൊന്നും വേണ്ടത്ര പരിഗണന ലഭിക്കാത്ത സാഹചര്യത്തിലാണ് മത്സ്യത്തൊഴിലാളി മേഖലയുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകാത്ത സഹാചര്യം ചൂണ്ടിക്കാട്ടി പദ്ധതിക്ക് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് മത്സ്യത്തൊഴിലാളികള്‍ നിവേദനം നല്‍കിയത്.

കേന്ദ്ര പരിസ്ഥിതി മന്ത്രാലയം 2013 സെപ്റ്റംബറില്‍ റിപ്പോര്‍ട്ട ്പരിഗണിച്ചു. ലഭിച്ച പരാതികള്‍ക്കു സംസ്ഥാന സര്‍ക്കാര്‍ ഉത്തരവാദപൂര്‍വം മറുപടി നല്‍കിയില്ലെന്ന നിരീക്ഷണത്തില്‍ 45 ദിവസത്തെ അവധി സംസ്ഥാന സര്‍ക്കാരിനു നല്‍കി.

ഒക്ടോബറില്‍ നടന്ന പരിസ്ഥിതി മന്ത്രാലയത്തിന്റെ 127-ാം യോഗത്തില്‍ പരാതി നല്‍കിയവരുടെ പക്ഷത്തുനിന്ന് ആരും ഇല്ലെന്നു നിരീക്ഷിച്ചു. തുടര്‍ന്ന് പരിസ്ഥിതി മന്ത്രാലയത്തിന്റെ 128-ാമതു യോഗത്തില്‍ തിരുവനന്തപുരം മത്സ്യത്തൊഴിലാളി ഫോറത്തെ പ്രതിനിധീകരിക്കാന്‍ ആരും പോകാത്തതിനാല്‍ മത്സ്യത്തൊഴിലാളികള്‍ നല്‍കിയിട്ടുള്ള നിവേദനങ്ങളുടെ വെളിച്ചത്തില്‍ ഡോ. ജോണ്‍ ജേക്കബ് പൂത്തൂരിനോട് ആവശ്യമെങ്കില്‍ വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടു. ഒടുവില്‍ 17 ഉപാധികളോടെ വിഴിഞ്ഞം പദ്ധതിക്ക് പാരിസ്ഥിതിക അനുമതി നല്‍കി.

വിഴിഞ്ഞം പദ്ധതി നടത്തിപ്പിനാ യി വേണ്ടിവരുന്ന പതിനായിരക്കണക്കിന് ഏക്കര്‍ സ്ഥലം പരമ്പരാഗതമായി തിരുവനന്തപുരം ലത്തീന്‍ അതിരൂപതാംഗങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്. സഭയ്ക്കും സമുദായാംഗങ്ങള്‍ക്കുമെതിരേ കുപ്രചാരണങ്ങളുമായി രംഗപ്രവേശം ചെയ്തവര്‍ക്ക് ഒരിഞ്ചു ഭൂമിപോലും നഷ്ടപ്പെടാനില്ല.

സഭാവിശ്വാസികളായ സമുദായാംഗങ്ങളുടെ സ്വത്തിനും ജീവനും ഉറപ്പും സംരക്ഷണവും നല്‍കാന്‍ സമുദായ നേതൃത്വത്തിന് അവകാശവും കടപ്പാടുമുണ്ട്. പദ്ധതിയുടെ പഠന റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന അരലക്ഷത്തിലേറെ വരുന്ന മ ത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതു സംബന്ധിച്ചു പല ഘട്ടങ്ങളിലായി സഭാനേതൃത്വം മുന്നോട്ടുവച്ചിട്ടുള്ള ആശങ്കകള്‍ ദൂരീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്കു കഴിയണം.

ഒരു ജനതയുടെ ജീവനെയും തൊഴിലിനെയും നിലനില്പിനെത്തന്നെയും ബാധിക്കാവുന്ന ഗൌരവമേറിയ പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാതെ, അവര്‍ക്കു ന്യായമായ പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാതെ നടത്തുന്ന നിഗൂഢ നീക്കങ്ങളെ മത്സ്യത്തൊഴിലാളി സമൂഹം ആശങ്കയോടെയാണ് കാണുന്നത്. ഇത്തരം ആശങ്കകള്‍ പരിഹരിച്ച് നാടിനും രാഷ്ട്രത്തിനും ഉപയുക്തമായ രീതിയില്‍ വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പാക്കണം. അതിനായി സഭയുടെയും സമുദായത്തിന്റെയും ഭാഗത്തുനിന്നു വിട്ടുവീഴ്ചയ്ക്കും സഹകരണത്തിനും സഭാനേതൃത്വം തയാറാണെന്നും ആര്‍ച്ച് ബിഷപ് പറഞ്ഞു.

രൂപതയുടെ അനുവാദത്തോടെയാണ് ടിഎംഎഫിനുവേണ്ടി ശാസ്ത്രജ്ഞനായ ഡോ. ജോണ്‍ ജേക്കബ് പൂത്തൂര്‍ ഹാജരായത്. ഡോ. ജോണ്‍ ജേക്കബ് പൂത്തൂര്‍ അതിരൂപത എഴുതി നല്‍കിയതിനു വിരുദ്ധമായി മൊഴി നല്‍കിയോ എന്ന് അന്വേഷിക്കാമെന്നും ആര്‍ച്ച് ബിഷപ് പറഞ്ഞു.

പാരിസ്ഥിതികാഘാത പഠനം നടത്തിയതില്‍നിന്നു വ്യത്യസ്തമായാണു നേവിക്കും കോസ്റ്ഗാര്‍ഡിനും ക്രൂസ് ടെര്‍മിനലിനും വിഴിഞ്ഞം പദ്ധതിക്കുള്ളില്‍ സ്ഥാനം ഉള്‍പ്പെടുത്തിയതെന്നും ഇതേക്കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ ചര്‍ച്ച നടത്തേണ്ടത് ആവശ്യമായിരുന്നതായും പത്രസമ്മേളന ത്തില്‍ പങ്കെടുത്ത അതിരൂപത വികാരി ജനറാള്‍ മോണ്‍. യൂജിന്‍ എച്ച്. പെരേര പറഞ്ഞു.

അടിസ്ഥാനരഹിതമായ പ്രചാരണം നടക്കുന്നതിനാല്‍ രൂപതാംഗങ്ങളെ നിജസ്ഥിതി അറിയിക്കാനായി ഇടയലേഖനം ഇറക്കുമെന്നും ആര്‍ച്ച്ബിഷപ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.