ചാവറയച്ചന്റെ നാമകരണത്തിനു വിപുലമായ സൌകര്യങ്ങള്‍ ഒരുക്കുമെന്നു മുഖ്യമന്ത്രി
ചാവറയച്ചന്റെ നാമകരണത്തിനു വിപുലമായ സൌകര്യങ്ങള്‍ ഒരുക്കുമെന്നു മുഖ്യമന്ത്രി
Thursday, July 31, 2014 10:51 PM IST
തിരുവനന്തപുരം: ചാവറ കുര്യാക്കോസ് ഏലിയാസച്ചനെ വിശുദ്ധനായി നാമകരണം ചെയ്യുന്നതിനോടനുബന്ധിച്ച് അദ്ദേഹത്തിന്റെ കബറിടം സ്ഥിതി ചെയ്യുന്ന മാന്നാനം ദേവാലയത്തില്‍ നടക്കുന്ന അനുബന്ധചടങ്ങുകള്‍ക്ക് വിപുലമായ അടിസ്ഥാന സൌകര്യം ഒരുക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ തീരുമാനിച്ചു.

പൊതുമരാമത്തുമായി ബന്ധപ്പെട്ടു നടത്തേണ്ട റോഡുപണികള്‍, അറ്റകുറ്റപ്പണികള്‍ തുടങ്ങിയവ സ്പെഷല്‍ പാക്കേജായി നടപ്പാക്കും. നാമകരണം നടക്കുന്ന നവംബര്‍ 23നു മുമ്പ് തീര്‍ക്കാവുന്ന പണികള്‍ ഏറ്റെടുക്കും. ധനമന്ത്രിയും പൊതുമരാമത്തു മന്ത്രിയും കൂടിയാലോചിച്ച് സ്പെഷല്‍ പാക്കേജ് നടപ്പാക്കും. നാമകരണ ചടങ്ങിനോടനുബന്ധിച്ചുണ്ടാകുന്ന തിരക്കു നിയന്ത്രിക്കാന്‍ പോലീസ് എയ്ഡ് പോസ്റ് സ്ഥാപിക്കും.

സ്കൂള്‍ പരിസരത്തെ സാമൂഹികദ്രോഹപ്രവര്‍ത്തനം നിയന്ത്രിക്കാന്‍ ഓപ്പറേഷന്‍ ഗുരുകുലം പദ്ധതി നടപ്പാക്കും. ചാവറയച്ചനെ സാംസ്കാരിക നവോത്ഥാന നായകരുടെ പട്ടികയില്‍പെടുത്താനും ചാവറ മ്യൂസിയത്തിന് വാര്‍ഷിക ഗ്രാന്റ് അനുവദിക്കാനും തീരുമാനിച്ചു. ചാവറയച്ചന്റെ പേരില്‍ തപാല്‍ സ്റാമ്പും നാണയവും പുറത്തിറക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ഥിക്കും. എംജി സര്‍വകലാശാലയില്‍ കുര്യാക്കോസ് ഏലിയാസ് ചാവറ ചെയര്‍ സ്ഥാപിക്കുന്നതിന് വിദ്യാഭ്യാസമന്ത്രിയുമായി കൂടിയാലോചിക്കും. മാന്നാനത്തെ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിക്കുന്നതിനും തീര്‍ഥാടകര്‍ക്ക് അടിസ്ഥാനസൌകര്യങ്ങള്‍ ഒരുക്കുന്നതിനും ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ ബന്ധപ്പെട്ട എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവരുടെ യോഗം വിളിക്കും. മാന്നാനത്തും പരിസ രത്തും വഴിവിളക്കു സ്ഥാപിക്കുന്നതിന് ഗ്രാമപഞ്ചായത്ത് പണമടച്ചാല്‍ വൈദ്യുതി ബോര്‍ഡ് നടപടി സ്വീകരിക്കും. മാന്നാനം കവലയില്‍ വലിയ വഴിവിളക്കു സ്ഥാപിക്കാന്‍ സ്ഥലം എംപി ജില്ലാ പഞ്ചായത്തുമായി കൂടിയാലോചിച്ചു നടപടി സ്വീകരിക്കും. മാന്നാനംകുന്നിലെ ശുദ്ധജലക്ഷാമം പരിഹരിക്കാന്‍ 750 മീറ്റര്‍ പൈപ്പിട്ട് വെള്ളം എത്തിക്കും. ഇതിനു ടാങ്ക് പണിയാന്‍ കോളജ് രണ്ടു സെന്റ് സ്ഥലം വിട്ടുനല്‍കണം. നാമകരണത്തിനുമുമ്പ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തുടര്‍അവലോകന യോഗം ചേരാനും തീരുമാനിച്ചു. മന്ത്രിമാരായ രമേശ് ചെന്നിത്തല, കെ.എം. മാണി, കെ.സി. ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ആര്യാടന്‍ മുഹമ്മദ്, പി. ജെ. ജോസഫ്, വി.കെ. ഇബ്രാഹിം കുഞ്ഞ്, എ.പി. അനില്‍കുമാര്‍ എന്നിവരും ജോസ് കെ മാണി എംപി, എംഎല്‍എമാരായ സുരേഷ് കുറുപ്പ്, മോന്‍സ് ജോസഫ്, മുന്‍ എംഎല്‍എ തോമസ് ചാഴികാടന്‍, സിഎംഐ പ്രിയോര്‍ ജനറാള്‍ ഫാ. പോള്‍ അച്ചാണ്ടി, ഫാ. സോജന്‍ മഠത്തില്‍, ഫാ. സെബാസ്റ്യന്‍ ചാമത്തറ, ഫാ. ജെയിംസ് മുല്ലശേരി, ഫാ. ആന്റണി കാഞ്ഞിരത്തിങ്കല്‍, ഫാ. റോബി കണ്ണന്‍ചിറ, അഡ്വ. ജെയ്സണ്‍ ജോസഫ് തുടങ്ങിയവരും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.