റബര്‍ കര്‍ഷകരുടെ രോദനത്തിന് പുല്ലുവില: ഇന്‍ഫാം
Thursday, July 31, 2014 11:00 PM IST
പാലാ: റബര്‍വില നിയന്ത്രണാതീതമായി താഴ്ന്നിട്ടും ഇവിടത്തെ തൊണ്ണൂറു ശതമാനം റബര്‍ ഉത്പാദിപ്പിക്കുന്ന 93 ശതമാനം ചെറുകിട കര്‍ഷകരുടെ രോദനത്തിനു ചെവി കൊടുക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയാറാവാത്തതു തികച്ചും പ്രതിഷേധാര്‍ഹമെന്ന് ഇന്‍ഫാം കോട്ടയം ജില്ലാ കമ്മിറ്റി.

ഒരു വര്‍ഷത്തിനകം റബര്‍ വില കിലോയ്ക്കു 120 രൂപയോളം താഴ്ന്നിട്ടും സര്‍ക്കാരുകളുടെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. മാത്രമല്ല ഇറക്കുമതി നാലു ലക്ഷം ടണ്ണോടടുക്കുകയും ചെയ്യുന്നു. അനിയന്ത്രിതമായി ഇറക്കുമതിക്ക് അനുമതി നല്‍കികൊണ്ടു സര്‍ക്കാര്‍ വ്യവസായ ലോബിക്ക് ഒത്താശ ചെയ്യുകയാണെന്നും ചെറുകിട കര്‍ഷകര്‍ക്കു യാതൊരു പരിഗണനയും നല്‍കാത്ത സര്‍ക്കാരാണു രാജ്യം ഭരിക്കുന്നതെന്നും യോഗം കുറ്റപ്പെടുത്തി.

റബര്‍ തടിവെട്ടു മേഖലയും കടുത്ത പ്രതിസന്ധിയിലാണ്. കര്‍ഷകന്റെ മുഖ്യ വരുമാന മാര്‍ഗമാണു റബര്‍ത്തടി. വന്‍ കൂലി വര്‍ധന ആവശ്യപ്പെട്ടു ഭരണകക്ഷികളുള്‍പ്പെടെയുള്ള യൂണിയനുകള്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്. ബെല്‍റ്റ് വാളിന്റെ വരവോടെ തൊഴിലാളി പണിയെടുക്കാതെ മുമ്പുണ്ടായിരുന്നതിന്റെ ഇരട്ടി കൂലി വാങ്ങുന്നു. ഇതു കര്‍ഷകന്റെ കീശയിലെ കാശാണു നഷ്ടപ്പെടുത്തുന്നത്. ഇതു തൊഴില്‍ വകുപ്പിന്റെയും സര്‍ക്കാരിന്റെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടും യാതൊരു പരിഹാരവും ഉണ്ടായിട്ടില്ല. റബര്‍ത്തടി വ്യാപാരികളുള്‍പ്പെടെ പലവിധ കാരണങ്ങള്‍ നിരത്തി തടി വെട്ട് അനിശ്ചിതമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതിനു പുറമെയാണു തടി മില്ലുടമകളുടെ തന്ത്രങ്ങളും ഗുണ്ടായിസവും. 400 ലധികം വരുന്ന തടിമില്ലുടമകള്‍ ഒന്നായി നിന്നു തടി വില കുറച്ചു വാങ്ങുന്നതു കര്‍ഷകന്റെ പ്രതീക്ഷകള്‍ തകിടം മറിക്കുന്നു. അതോടൊപ്പം സെയില്‍ടാക്സ്, വാഹനവകുപ്പ് എന്നിവരുടെ പിഴിച്ചില്‍ വേറെയും. ഇവരെല്ലാം കൈയിട്ടുവാരുന്നതു കര്‍ഷകന്റെ പിച്ചച്ചട്ടിയിലാണ്. ഈ വിഷയത്തിലും സര്‍ക്കാര്‍ ഭാഗത്തു നിന്നും അടിയന്തര നടപടി വേണമെന്ന് ഇന്‍ഫാം ആവശ്യപ്പെട്ടു.


കര്‍ഷകന്റെ മറ്റൊരു വരുമാന മാര്‍ഗമായ കോല്‍ത്തടി മേഖലയും വലിയ പ്രതിസന്ധിയിലാണ്. യന്ത്രത്തിന്റെ സഹായത്തോടെ തടി ലോറിയില്‍ കയറ്റുകയും യാത്രക്കൂലി, നോക്കുകൂലി ഇനത്തില്‍ മുമ്പുണ്ടായിരുന്നതിന്റെ ഇരട്ടിക്കൂലി വാങ്ങി കര്‍ഷകരെ പിഴിയുകയും ചെയ്യുന്നു. ഈ കൊള്ളയ്ക്കെല്ലാം പിന്നില്‍ ഇവിടത്തെ രാഷ്ട്രീയപാര്‍ട്ടികളുടെ പിന്തുണയുണ്െടന്നതാണു വസ്തുത. അതുകൊണ്ടു തന്നെ ഭരണകര്‍ത്താക്കള്‍ മൌനം പാലിക്കുന്നു. ഇതിനെല്ലാം പരിഹാരം കാണാന്‍ ഇന്‍ഫാം സമാനചിന്താഗതിയുള്ള കര്‍ഷക സംഘടനകളുമായി ചേര്‍ന്നു പ്രത്യക്ഷ സമര പരിപാടികള്‍ ആസൂത്രണം ചെയ്യും. ഇതിനായി ഓഗസ്റ് ഒന്നിന് ഉച്ചകഴിഞ്ഞ് 2.30 ന് പാലാ ഷാലോം പാസ്ററല്‍ സെന്ററില്‍ യോഗം ചേരും. യോഗത്തില്‍ ഇന്‍ഫാം പ്രവര്‍ത്തകരും സമാനചിന്താഗതിയുള്ളവരും പങ്കെടുക്കും.

ഇതു സംബന്ധിച്ചു ചേര്‍ന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്റ് മാത്യു മാമ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഡയറക്ടര്‍ ഫാ. ജോസ് തറപ്പേല്‍, സെക്രട്ടറി ബേബി പന്തപ്പള്ളില്‍, സണ്ണി മുത്തോലപുരം, ജോളി കുരിശുംമൂട്ടില്‍, ഉണ്ണിക്കുഞ്ഞ് വെള്ളൂക്കുന്നേല്‍, കുട്ടിച്ചന്‍ ഇടക്കര തുടങ്ങിയവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.