സര്‍ട്ടിഫിക്കറ്റുകള്‍ സ്വയം സാക്ഷ്യപ്പെടുത്താം
Thursday, July 31, 2014 10:50 PM IST
തിരുവനന്തപുരം: നിയമത്തില്‍ പ്രത്യേകം നിഷ്കര്‍ഷിച്ചിട്ടുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഒഴികെ, സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള എല്ലാ സര്‍ട്ടിഫിക്കറ്റുകളും ഇനിമുതല്‍ സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതിയെന്നു മന്ത്രിസഭാ തീരുമാനം. ഇതുസംബന്ധിച്ച രണ്ടാം ഭരണപരിഷ്കാര കമ്മീഷന്റെ പന്ത്രണ്ടാമതു റിപ്പോര്‍ട്ടിലെ ശിപാര്‍ശ ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകരിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.

എല്ലാ അപേക്ഷകളും നിശ്ചയിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തിക്കൊണ്ടുള്ള സത്യവാങ്മൂലവും രേഖകളും സമര്‍പ്പിക്കണമെന്നാണു നിലവിലെ വ്യവസ്ഥ. ഇതൊഴിവാക്കി സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകള്‍ സമര്‍പ്പിച്ചാല്‍ മതിയാകും. അന്തിമഘട്ടത്തില്‍ മാത്രം അസല്‍രേഖകള്‍ ഹാജരാക്കണമെന്ന നിബന്ധനയോടെയാണ് പുതിയ തീരുമാനം. വില്ലേജ്-താലൂക്ക് ഓഫീസുകള്‍ അടക്കമുള്ള എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും ഇതു ബാധകമാണ്. എന്നാല്‍, നിയമത്തില്‍ പ്രത്യേകം നിഷ്കര്‍ഷിച്ചിട്ടുള്ള സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഇതു ബാധകമല്ല. നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായാണു പുതിയ തീരുമാനമെന്നു മന്ത്രിസഭായോഗതീരുമാനങ്ങള്‍ വിശദീകരിക്കവേ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് പിന്നീട് ഇറങ്ങും.


ദേശീയ ചുഴലിക്കാറ്റ് ദുരന്തപ്രതിരോധ പദ്ധതി സംസ്ഥാനത്തെ ഒന്‍പതു തീരദേശ ജില്ലകളിലും നടപ്പാക്കും. ലോകബാങ്കിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കു അനുസൃതമായി പദ്ധതിയുടെ ഭരണപരമായ ക്രമീകരണങ്ങള്‍, പദ്ധതിനടത്തിപ്പ്, പദ്ധതി അവലോകനം എന്നിവയ്ക്കായി പ്രോജക്ട് സ്റിയറിംഗ് കമ്മിറ്റിയെ നിയോഗിക്കും.

ഗവ.കോളജുകളില്ലാത്ത നിയോജകമണ്ഡലങ്ങളില്‍ കോളജ് അനുവദിക്കുന്നതിന്റെ ഭാഗമായി തൃശൂര്‍ ജില്ലയിലെ ഒല്ലൂര്‍ നിയോജകമണ്ഡലത്തില്‍ സര്‍ക്കാര്‍ കോളജ് അനുവദിക്കും. ബികോം, ബിബിഎ, ബിഎ ഇംഗ്ളീഷ് കോഴ്സുകളാണു തുടക്കത്തില്‍ ഒല്ലൂരില്‍ അനുവദിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.