ഡിജെ പാര്‍ട്ടികള്‍ നിര്‍ത്തലാക്കാനുള്ള തീരുമാനം സ്വാഗതം ചെയ്യും: യുവജന കമ്മീഷന്‍
Thursday, July 31, 2014 11:46 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ആഡംബര ഹോട്ടലുകളിലെ ഡിജെ പാര്‍ട്ടികള്‍ നിര്‍ത്തലാക്കാന്‍ നടപടി സ്വീകരിക്കുമെന്ന ആഭ്യന്തരവകുപ്പിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് സംസ്ഥാന യുവജന കമ്മീഷന്‍. ഇത്തരം പാര്‍ട്ടികളില്‍ മയക്കുമരുന്നിന്റെ ഉപയോഗവും വിപണനവും വന്‍തോതില്‍ നടക്കുന്നതായി കമ്മീഷന്‍ നേരത്തെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.സ്ഥിരമായി പാര്‍ട്ടിനടത്തി ലഹരിവിതരണം ചെയ്യുന്നവരുടെ പട്ടിക തയാറാക്കി നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും യുവജനകമ്മീഷന്‍ ചെയര്‍മാന്‍ ആര്‍.വി.രാജേഷ് പത്രസമ്മേളനത്തില്‍ പറഞ്ഞു.


മദ്യത്തിനും മയക്കുമരുന്നിനും മറ്റു ലഹരിവസ്തുക്കള്‍ക്കുമെതിരേ കോളജുകളില്‍ യൂത്ത് ഡിഫന്‍സ് ഫോഴ്സ് പ്രവര്‍ത്തിക്കും. അടുത്തമാസം എട്ടിനു കോട്ടയം ബിസിഎം കോളജില്‍ വച്ച് ഡിഫന്‍സീവ് ഫോഴ്സ് ഔദ്യോഗികമായി പ്രവര്‍ത്തനം ആരംഭിക്കും. യുവജന കമ്മീഷന്റെ ആഭിമുഖ്യത്തില്‍ വിവിധ സംഘടനകളുടെയും പോലീസിന്റെയും സഹായത്തോടെ ജാഗ്രതസമിതിയുടെ പ്രവര്‍ത്തനം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. പത്രസമ്മേളനത്തില്‍ യുവജന കമ്മീഷന്‍ ഭാരവാഹികളായ വിനോദ്, സഞ്ജയ്കുമാര്‍, സ്വപ്ന ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.