മുന്‍ എംഎല്‍എമാര്‍ ഒപ്പിടാതെ മുറി നല്‍കില്ല
Thursday, July 31, 2014 10:50 PM IST
തിരുവനന്തപുരം: എംഎല്‍എ ഹോസ്റലില്‍ മുന്‍ എംഎല്‍എമാര്‍ക്കു മുറികള്‍ അനുവദിക്കുന്നതില്‍ കര്‍ശനനിയന്ത്രണം. ഇന്നലെ സ്പീക്കര്‍ ജി. ികാര്‍ത്തികേയന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണു നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. മുന്‍ എംഎല്‍എമാര്‍ക്കു മുറികള്‍ അനുവദിച്ചതില്‍ ക്രമക്കേടു നടന്നിട്ടുണ്െടങ്കില്‍ നിയമസഭാ സെക്രട്ടറി അന്വേഷിക്കുമെന്നു സ്പീക്കര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

മുന്‍ എംഎല്‍എമാര്‍ക്കു ഫോണ്‍ മുഖാന്തിരമോ, കത്തു മുഖാന്തിരമോ മുറി ബുക്ക് ചെയ്യാവുന്നതാണ്. എന്നാല്‍ രജിസ്ററില്‍ ഒപ്പ് രേഖപ്പെടുത്താതെ മുറി അനുവദിക്കില്ല. യാതൊരു കാരണവശാലും മുന്‍നിയമസഭാ സാമാജികരുടെ കത്തിന്റെ മാത്രം പിന്‍ബലത്തില്‍ വേറൊരു വ്യക്തിക്കു മുറി അനുവദിക്കില്ല. ഒരാള്‍ക്ക് ഒരേ സമയം ഒന്നിലധികം മുറി അനുവദിക്കില്ല. ഒരു സമയം തുടര്‍ച്ചയായി അഞ്ച് ദിവസം മാത്രമേ മുറികള്‍ മുന്‍സാമാജികര്‍ക്കു നല്‍കുകയുളളൂ. അഞ്ചു ദിവസത്തിനുശേഷം മുന്‍ സാമാജികര്‍ മുറികള്‍ നിര്‍ബന്ധമായും ഒഴിയണം. ഒരുമാസം 10 ദിവസത്തില്‍ കൂടുതല്‍ യാതൊരു കാരണവശാലും മുറി അനുവദിക്കില്ല.

മുന്‍ എംഎല്‍എമാരുടെ കൂടെ കുടുംബാംഗങ്ങളെ മാത്രമേ മുറിയില്‍ താമസിക്കാന്‍ അനുവദിക്കൂ. ഏതെങ്കിലും കാരണവശാല്‍ കുടുംബാംഗം അല്ലാതെയുളള സഹായിയെ നിയമസഭാ സ്പീക്കറുടെ പ്രത്യേക അനുമതി പ്രകാരം താമസിപ്പിക്കുകയാണെങ്കില്‍ അവരുടെ ഫോട്ടോ ഐഡന്റിറ്റി കാര്‍ഡിന്റെ പകര്‍പ്പും മറ്റു വിവരങ്ങളും റിസപ്ഷനില്‍ നല്‍കണം. മുന്‍ എംഎല്‍എമാര്‍ക്ക് അനുവദിക്കുന്ന മുറിയില്‍ യോഗം ചേരാനോ പത്രസമ്മേളനം നടത്തുവാനോ പാടില്ല.


മുന്‍ എംഎല്‍എമാര്‍ക്ക് അനുവദിക്കുന്ന മുറിയില്‍ മുന്‍ എംഎല്‍എ ഇല്ലാത്ത അവസരത്തില്‍ കുടുംബാംഗങ്ങള്‍ മാത്രമേ താമസിക്കാന്‍ പാടുളളൂ. ഇവരുടെ മുറിയില്‍ രാത്രി 10 മണിക്ക് ശേഷം സന്ദര്‍ശകരെ അനുവദിക്കില്ല. എംഎല്‍എമാരുടെയും പിഎമാരുടെയും അല്ലാതെ ഒരു വാഹന ത്തിനും ഹോസ്റലില്‍ പാര്‍ക്കിംഗ് അനുവദിക്കില്ല. ഹോസ്റലില്‍ താമസിക്കുന്ന മുന്‍ സാമാജികരുടെ വാഹനങ്ങള്‍ക്കു പാര്‍ക്കിംഗ് അനുവദിക്കും.

എംഎല്‍എ ഹോസ്റലിലെ രണ്ട് ഗേറ്റുകളും ക്ളോസ്ഡ് സര്‍ക്യൂട്ട് ടിവിയുടെ നിരീക്ഷണത്തിലാക്കും. എംഎല്‍എ ഹോസ്റലിലെ റിസപ്ഷനും ക്ളോസ്ഡ് സര്‍ക്യൂട്ട് ടിവിയുടെ നിരീക്ഷണത്തിലാക്കാനാണ് തീരുമാനം.

രാത്രി പത്തിനു ശേഷവും രാവിലെ അഞ്ചിനു മുന്‍പും എംഎല്‍എമാര്‍, പിഎമാര്‍, ജീവനക്കാര്‍, എന്നിവരുടെയല്ലാതെ ഒരു സന്ദര്‍ശക വാഹനവും കടത്തിവിടില്ല. ഹോസ്റ്റല്‍ ഗേറ്റുകള്‍ എപ്പോഴും അടച്ചിടും. സന്ദര്‍ശകര്‍ക്ക് പ്രവേശിക്കാന്‍ രണ്ടു ഗേറ്റിലും വിക്കറ്റ് ഗേറ്റ് നിര്‍മിക്കും. സ്പീക്കര്‍ വിളിച്ചുചേര്‍ത്ത സര്‍വകകക്ഷി യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, മന്ത്രിമാരായ കെ.എം. മാണി, പി.കെ. കുഞ്ഞാലിക്കുട്ടി, ചീഫ് വിപ്പ് പി.സി. ജോര്‍ജ്, ഡെപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തന്‍, കക്ഷി നേതാക്കളായ സി.ദിവാകരന്‍, മാത്യു ടി.തോമസ് എന്നിവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.