രണ്ടാംഘട്ട പാഠപുസ്തകം അച്ചടിക്കാന്‍ പേപ്പറില്ല; അധ്യാപകരുടെ കൈപ്പുസ്തക അച്ചടിയും മുടങ്ങി
Thursday, July 31, 2014 12:28 AM IST
തോമസ് വര്‍ഗീസ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ നവംബറില്‍ വിതരണം ചെയ്യേണ്ട രണ്ടാംഘട്ട പാഠപുസ്തകം അച്ചടിക്കാനായുള്ള പേപ്പറിനായി അധികാരികള്‍ നെട്ടോട്ടത്തില്‍. വിദ്യാര്‍ഥികളുടെ പുസ്തകം അച്ചടി പ്രതിസന്ധിയിലായി നില്ക്കുമ്പോള്‍ തന്നെ അധ്യാപകര്‍ക്കായുള്ള കൈപ്പുസ്തകങ്ങളുടെ അച്ചടി പൂര്‍ണമായി നിലച്ച സ്ഥിതിയിലാണ്.

ഒന്നു മുതല്‍ പത്തു വരെ ക്ളാസുകളിലേക്കായി ഒരുകോടി ഇരുപതു ലക്ഷം പുസ്തകങ്ങളാണു അച്ചടിച്ചു വിതരണം ചെയ്യേണ്ടത്. ഇതിനായി 1500 ടണ്ണോളം പേപ്പറാണ് ആവശ്യമുള്ളത്. ജൂലൈ ആദ്യം അച്ചടി തുടങ്ങിയാല്‍ മാത്രമേ സെപ്റ്റംബറില്‍ അച്ചടി പൂര്‍ത്തിയാക്കി ഒക്ടോബറോടെ സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും എത്തിക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. കൊച്ചി കാക്കനാട്ടെ ബുക്സ് ആന്‍ഡ് പബ്ളിക്കേഷന്‍ സൊസൈറ്റിക്കാണു പുസ്തകം അച്ചടിക്കാനുള്ള ചുമതലയുള്ളത്. ഇവര്‍ക്കു പേപ്പര്‍ ലഭ്യമാക്കുന്നതില്‍ വരുത്തിയ കാലതാമസമാണ് വീഴ്ച സൃഷ്ടിച്ചിട്ടുള്ളത്.

രണ്ടാംഘട്ടം പുസ്തകങ്ങള്‍ അച്ചടിക്കാനായുള്ള പേപ്പര്‍ വാങ്ങുന്നതിനായുള്ള വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് ഇറങ്ങാന്‍ വൈകിയതു മൂലമാണു പ്രതിസന്ധി അതിരൂക്ഷമായിരിക്കുന്നത്. പേപ്പര്‍ വാങ്ങുന്നതിനായുള്ള നടപടി ക്രമങ്ങളിലും വന്‍ നൂലാമാലകളാണുള്ളത്. കണ്‍ട്രോളര്‍ ഓഫ് സ്റേഷനറി ആണ് പേപ്പര്‍ വാങ്ങേണ്ടത്. ടെക്സ്റ് ബുക്ക് ഓഫീസര്‍ ഡിപിഐയില്‍ ഇതിനായുള്ള അപേക്ഷ നല്കണം. ഈ അപേക്ഷ വിദ്യാഭ്യാസ സെക്രട്ടറി പരിശോധിച്ച ശേഷം ഫിനാന്‍സ് സെക്രട്ടറിക്കു കൈമാറണം. തുടര്‍ന്നു ഫിനാന്‍സ് സെക്രട്ടറിയുടെ മറുപടിക്കത്ത് ലഭിച്ചാല്‍ മാത്രമേ ഡിപിഐക്കു പേപ്പര്‍ വാങ്ങുന്നതിനുള്ള നിര്‍ദേശം കണ്‍ട്രോളര്‍ ഓഫ് സ്റേഷനറിക്കു നല്കാന്‍ കഴിയുകയുള്ളു.

ഈ വര്‍ഷം പേപ്പര്‍ വാങ്ങുന്നതിനുള്ള വ്യക്തമായ നിര്‍ദേശം ഡിപിഐയില്‍ നിന്നു ലഭിച്ചത് കഴിഞ്ഞ 17 നു മാത്രമാണ്. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് 19 ന് ഇറങ്ങി. തുടര്‍ന്നാണ് സപ്ളൈ ഓര്‍ഡര്‍ നല്കിയത്. കേന്ദ്രസര്‍ക്കാരിന്റെ സര്‍ട്ടിഫിക്കേഷന്‍ ഉള്ള ഹൈദരാബാദിലെ മില്ലില്‍ നിന്നുമാണ് പേപ്പര്‍ ഇനി എത്തിക്കേണ്ടത്. 1500 ടണ്‍ പേപ്പര്‍ ലഭിക്കേണ്ട സ്ഥാനത്ത് 15 ടണ്‍ പേപ്പറുമായി ഒരു ലോറി ആന്ധ്രാപ്രദേശില്‍ നിന്നു പുറപ്പെട്ടുവെന്നാണ് ഒടുവില്‍ ലഭിച്ച വിവരം.


മുന്‍ വര്‍ഷം ജൂലൈ ആദ്യ ആഴ്ച മുതല്‍ പ്രിന്റിംഗ് ആരംഭിച്ചിട്ടും ഒക്ടോബര്‍ പകുതിയോടെ മാത്രമാണു പൂര്‍ത്തിയാക്കാന്‍ സാധിച്ചത്. തുടര്‍ന്നു തപാല്‍ വകുപ്പിന്റെ കൊറിയര്‍ സംവിധാനം ഉപയോഗിച്ച് അതാതു ജില്ലാ ഡിപ്പോകളിലെത്തിച്ചു പുസ്തകം വിതരണം ചെയ്യുമ്പോഴേക്കും നവംബര്‍ ആദ്യവാരം ആകും. എന്നാല്‍, ഈ വര്‍ഷം പ്രിന്റിംഗ് ആരംഭിക്കാന്‍ ഒരുമാസം വൈകിയ സാഹചര്യത്തില്‍ നവംബറില്‍ കുട്ടികള്‍ക്കു ലഭിക്കേണ്ട രണ്ടാംഘട്ട പാഠപുസ്കതകം വിതരണം നടത്താനാകുമോ എന്നും ആശങ്കയുണ്ട്.

വിദ്യാര്‍ഥികള്‍ക്കുള്ള പുസ്കത്തിനു പിന്നാലെ അധ്യാപകര്‍ക്കുള്ള കൈപ്പുസ്തകങ്ങളുടെ അച്ചടിയും മുടങ്ങി. പത്താം ക്ളാസ് വരെയുള്ള അധ്യാപകര്‍ക്കു വിതരണം ചെയ്യേണ്ട കൈപ്പുസ്തകങ്ങളുടെ അച്ചടിയാണു മുടങ്ങിയിട്ടുള്ളത്. സി.ആപ്റ്റിനാണ്(കേരള സ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്‍ഡ് ട്രയിനിംഗ്) പുസ്തകങ്ങളുടെ അച്ചടിയുടെ ചുമതല. ഒന്നാം ക്ളാസ് മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള അധ്യാപകര്‍ക്ക് പാഠഭാഗങ്ങള്‍ പഠിപ്പിക്കുന്നതിന് സഹായകരമായിട്ടാണു കൈപ്പുസ്തകങ്ങള്‍ തയാറാക്കുന്നത്.

സി ആപ്റ്റിലെ അടിസ്ഥാന സൌകര്യങ്ങളുടെ അപര്യാപ്തതയാണ് അച്ചടി മുടങ്ങാന്‍ കാരണം. ആവശ്യത്തിനു ജീവനക്കാരും സാങ്കേതിക സംവിധാനങ്ങളും ഇല്ലാത്ത സ്ഥിതിയിലാണ് സി. ആപ്റ്റ്. കൈപ്പുസ്തകങ്ങളുടെ മാതൃക തയാറാക്കി അച്ചടി പൂര്‍ത്തിയാക്കാന്‍ ഇപ്പോഴത്തെ സ്ഥിതിയില്‍ മൂന്നുമാസമെങ്കിലുമെടുക്കും.

ഇതിനിടെ പ്ളസ് വണ്‍ പാഠപുസ്തകങ്ങളുടെ വിതരണവും പാതിവഴിയിലായി. മിക്ക സ്കൂളുകള്‍ക്കും പാഠപുസ്തകങ്ങള്‍ ലഭിച്ചിട്ടില്ല. പാഠപുസ്തകങ്ങളുടെ പേജുകളില്‍ വ്യത്യാസം വരുത്തണമെന്ന് എസ്സിഇആര്‍ടി ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് സി ആപ്റ്റിന് റീവര്‍ക്ക് ഓര്‍ഡര്‍ നല്‍കാന്‍ എസ്സിഇആര്‍ടി തയാറാകാത്തതോടെ തുടര്‍അച്ചടിയും വിതരണവും നിലച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.