സര്‍ക്കാര്‍ ജീവനക്കാരുടെ ആദായ നികുതി: 8+4 ഇഎംഐ മാതൃക നടപ്പിലാക്കും
Thursday, July 31, 2014 12:31 AM IST
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ വരുമാന സ്രോതസില്‍ നിന്നും ആദായ നികുതി ഈടാക്കുന്നതിനായി 8+4 ഇഎംഐ മാതൃക നടപ്പിലാക്കുന്നതിനു നിര്‍ദേശിച്ച് ധനവകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.

ഇതനുസരിച്ച് വര്‍ഷത്തിലെ മാര്‍ച്ച് മാസത്തെ ശമ്പള ബില്ലിനോടൊപ്പം പ്രതീക്ഷിത വരുമാനത്തിന്റെ സ്റേറ്റ്മെന്റ് എല്ലാ എസ്ഡിഒമാരും അവര്‍ ശമ്പളം മാറുന്ന ട്രഷറിയില്‍ ഏല്‍പ്പിക്കണം. ഗസറ്റഡ് ഓഫീസര്‍മാരല്ലാത്ത ജീവനക്കാര്‍ അതത് ഓഫീസിലെ ഡിഡിഒമാരുടെ പക്കല്‍ മേല്‍പ്പറഞ്ഞ സ്റേറ്റ്മെന്റ് നല്‍കണം. ഒരു സാമ്പത്തിക വര്‍ഷം ലഭ്യമാകുന്ന അടിസ്ഥാന ശമ്പളം, അലവന്‍സ്, പെര്‍ക്വസൈറ്റ്സ് ഉള്‍പ്പെടെയുള്ള മൊത്ത ശമ്പളം കണക്കാക്കുകയും, അതില്‍ നിന്നും സെക്ഷന്‍ 80 സി മുതല്‍ യു വരെയുള്ള കിഴിവുകള്‍, ഭവന വായ്പയുടെ പലിശ എന്നിവ കുറച്ചതില്‍ നിന്നും തൊഴില്‍ നികുതിയും കുറച്ചുള്ള വരുമാനത്തിനാണ് നികുതി കണക്കാക്കേണ്ടത്.

പ്രതീക്ഷിത വരുമാനത്തിന്റെ സ്റേറ്റ്മെന്റ് അനുസരിച്ച് പ്രസ്തുത സാമ്പത്തിക വര്‍ഷം ഒടുക്കേണ്ട ആദായ നികുതിയുടെ 1/12 ഭാഗം വീതം ഓരോ മാസത്തെയും ശമ്പള ബില്ലില്‍ കുറവ് ചെയ്യണം. സ്രോതസില്‍നിന്ന് ആദായ നികുതി പിടിക്കാതിരുന്നാല്‍ മാസംതോറും ഒരു ശതമാനവും പിടിച്ച നികുതി അടയ്ക്കാതിരുന്നാല്‍ ഒന്നര ശതമാനവും പലിശ നല്‍കണം.


നികുതി പിടിച്ചടയ്ക്കുന്നതില്‍ വീഴ്ചവരുത്തുകയോ പിടിച്ച തുകയില്‍ കുറവുവരുത്തുകയോ ചെയ്താല്‍ പിഴ ചുമത്താം. എസ്ഡിഒയുടെ ശമ്പളത്തില്‍ നിന്നു ടിഡിഎസ് പിടിക്കേണ്ട ചുമതല ട്രഷറി ഓഫീസറും മറ്റുള്ള ജീവനക്കാരുടെ കാര്യത്തില്‍ അതത് ഓഫീസിലെ ഡിഡിഒ മാരുമാണ് നിര്‍വഹിക്കേണ്ടത്.

ജീവനക്കാരന്റെ ശമ്പളത്തിലോ അല്ലെങ്കില്‍ കുടിശിക, മറ്റ് അലവന്‍സുകള്‍ തുടങ്ങിയവ മൂലമോ മൊത്ത വരുമാനത്തില്‍ വര്‍ധനവുണ്ടാകുമ്പോള്‍, പ്രതീക്ഷിത വരുമാനത്തിന്റെ സ്റേറ്റ്മെന്റ് ജീവനക്കാരന്‍ പുതുക്കി നല്‍കേണ്ടതും തുടര്‍ന്ന് പുതുക്കിയ തോതിലുള്ള ആദായ നികുതി ജീവനക്കാരന്റെ ശമ്പളത്തില്‍നിന്നും തുടര്‍ന്നുള്ള മാസങ്ങളിലായി ബന്ധപ്പെട്ട ഡിഡിഒ അല്ലെങ്കില്‍ ട്രഷറി ഓഫീസര്‍ ഈടാക്കേണ്ടതുമാണ്.

ആദായ നികുതി കൃത്യമായി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ ആദായ നികുതി വകുപ്പ് ചുമത്തുന്ന പിഴ പലിശ അടയ്ക്കണം. ടിഡിഎസ്.യഥാസമയം അടയ്ക്കുന്നതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും റിക്കവറി ഇല്ലാതെ ശമ്പളം വിതരണം ചെയ്യുന്ന ട്രഷറി ഓഫീസര്‍ക്കെതിരെയും കര്‍ശനമായ അച്ചടക്ക നടപടികള്‍ കൈക്കൊള്ളുന്നതാണെന്നും ധനവകുപ്പിന്റെ സര്‍ക്കുലറില്‍ വ്യക്തമാ ക്കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.