സിനിമാ നിര്‍മാതാക്കള്‍ ടിവി ചാനല്‍ തുടങ്ങുന്നു
Thursday, July 31, 2014 12:43 AM IST
കൊച്ചി: മലയാളത്തിലെ വിനോദ ചാനലുകള്‍ക്കു ബദലായി കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ മുഴുവന്‍ സമയ സിനിമാ ചാനല്‍ തുടങ്ങുന്നു. പ്രൊഡ്യൂസേഴ്സ് അസോസിയേഷനു പുറമെ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍, ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ എന്നിവരുടെ സഹകരണത്തോടെയാണു ചാനല്‍ തുടുങ്ങുന്നത്. പദ്ധതിയുടെ പ്രാരംഭഘട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി സംവിധായകന്‍ വിനയനെയും നിര്‍മാതാവ് സിയാദ് കോക്കറെയും ഇന്നലെ ചേര്‍ന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ജനറല്‍ ബോഡി യോഗം ചുമതലപ്പെടുത്തി. സിനിമകള്‍ക്കു പുറമെ പുതിയ സിനിമകളുടെ ട്രെയ്ലര്‍, പാട്ട്, ഇന്റര്‍വ്യൂ തുടങ്ങിയ വിനോദപ്രദമായ പരിപാടികളും ചാനല്‍ ലക്ഷ്യം വയ്ക്കുന്നുണ്ട്. മൂന്നു മാസത്തിനുള്ളില്‍ ചാനല്‍ യാഥാര്‍ഥ്യമാകുമെന്നു വിനയന്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത 120 ചിത്രങ്ങള്‍ക്കു സാറ്റലൈറ്റ് അവകാശം ലഭ്യമാകാത്ത സാഹചര്യത്തിലാണ് ഒരു ചാനലിനെക്കുറിച്ചു നിര്‍മാതാക്കള്‍ ആലോചിച്ചത്. മുടക്കിയ പണംപോലും തിരികെ ലഭിക്കാന്‍ തരമില്ലാതെ ഈ സിനിമകളുടെ നിര്‍മാതാക്കള്‍ ബുദ്ധിമുട്ടുകയാണ്. ആദ്യഘട്ടത്തില്‍ ഈ ചിത്രങ്ങള്‍ ചാനലിലൂടെ പ്രദര്‍ശിപ്പിച്ച് അതുവഴി ലഭിക്കുന്ന പരസ്യവരുമാനത്തിന്റെ 99 ശതമാനം നിര്‍മാതാക്കള്‍ക്കു നല്‍കും. റിലീസ് ചെയ്യുന്ന എല്ലാ ചിത്രങ്ങളും ഇത്തരത്തില്‍ ഈ ചാനലില്‍ മാത്രം പ്രദര്‍ശിപ്പിക്കാനാണു നീക്കം. അങ്ങനെ വന്നാല്‍ ഭാവിയില്‍ സാറ്റലൈറ്റ് അവകാശം തന്നെ ഇല്ലാതാക്കും. മറ്റു ചാനലുകള്‍ക്കു പുതിയ സിനിമകള്‍ ലഭിക്കാതാകും.


ഒരു മാസത്തിനുള്ളില്‍ ഇതു സംബന്ധിച്ചു പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ വിനയനും സിയാദ് കോക്കറിനും ജനറല്‍ ബോഡി നിര്‍ദേശം നല്‍കി. നിലവില്‍ കാര്യക്ഷമമായി പ്രവര്‍ത്തനം ഇല്ലാത്ത ഏതെങ്കിലും ചെറിയ ചാനലുകളുടെ ട്രാന്‍സ്പോന്‍ഡര്‍ വാങ്ങിയോ അല്ലെങ്കില്‍ സ്വന്തമായി ലൈസന്‍സ് നേടിയോ ചാനല്‍ തുടങ്ങാനാണു തീരുമാനം. മറ്റു സ്വകാര്യ ചാനലുകളില്‍ സിനിമാ പ്രവര്‍ത്തകര്‍ ഇന്റര്‍വ്യൂവിനു പോകുന്നതു വിലക്കാനും യോഗത്തില്‍ നിര്‍ദേശമുണ്ടായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.