മുഖപ്രസംഗം: നിര്‍മാണമേഖല സ്തംഭിക്കരുത്
Friday, August 1, 2014 10:38 PM IST
രണ്ടായിരത്തിലേറെ ചെറുകിട ക്വാറികളുടെ പ്രവര്‍ത്തനം നിശ്ചലമായതു കേരളത്തിലെ നിര്‍മാണ മേഖലയെ സാരമായി ബാധിച്ചിരിക്കുന്നു. നിര്‍മാണ വസ്തുക്കളുടെ ദൌര്‍ലഭ്യം നിര്‍മാണച്ചെലവു കുത്തനെ ഉയര്‍ത്തി. ചെറുകിട നിര്‍മാണപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുന്നവരും കരാറുകാരുമാണ് ഇതിന്റെ ഫലമായി ഏറ്റവും ബുദ്ധിമുട്ടിലാകുന്നത്. ചെറിയ ബജറ്റില്‍ വീടു നിര്‍മിക്കുന്നവരും ചെറുകിട-ഇടത്തരം കരാര്‍ പണികളെടുക്കുന്നവരും കണക്കുകൂട്ടലുകള്‍ തെറ്റുന്നതിന്റെ അങ്കലാപ്പിലാണ്. എന്നാല്‍, വന്‍കിടക്കാര്‍ക്ക് ഇതിന്റെ ക്ളേശമൊന്നുമില്ല. കാരണം, ഉയര്‍ന്ന വിലയ്ക്കു നിര്‍മാണവസ്തുക്കള്‍ വാങ്ങിയാലും അവര്‍ക്ക് അതു മുതലാക്കാനുള്ള വഴികളുണ്ട്.

പരിസ്ഥിതി ആഘാത നിര്‍ണയ അഥോറിറ്റി(എസ്ഇഐഎഎ) 2011 നവംബര്‍ മൂന്നിന് രൂപവത്കരിച്ചശേഷം കഴിഞ്ഞ ഫെബ്രുവരി 20വരെ 40 പാറമടകള്‍ക്കാണു പാരിസ്ഥിതിക അനുമതി നല്‍കിയിട്ടുള്ളത്. 1986ലെ പരിസ്ഥിതി സംരക്ഷണ ആക്ടും പിന്നീട് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ നിഷ്കര്‍ഷിച്ചിരിക്കുന്ന മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണു പാറമടകള്‍ക്ക് പാരിസ്ഥിതികാനുമതി നല്‍കേണ്ടത്. ഇതിനായി അംഗീകാരമുള്ള കണ്‍സള്‍ട്ടന്റ് മുഖാന്തിരം പ്രോജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. പത്തുലക്ഷം രൂപവരെയാണ് പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കാന്‍ കണ്‍സള്‍ട്ടന്‍സികള്‍ ഈടാക്കുന്നത്.

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ അനുമതിയോടെയാണു മിക്ക ചെറുകിട പാറമടകളും പ്രവര്‍ത്തിച്ചുപോന്നത്. ഇവയുടെ പ്രവര്‍ത്തനത്തിനു കര്‍ശനമായ നിയന്ത്രണങ്ങളും നിബന്ധനകളും ആവശ്യമാണ്. സംസ്ഥാനത്തെ ചെറുകിട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കു തടസമുണ്ടാകാത്തവിധം അവയുടെ നിലനില്പ് ഉറപ്പുവരുത്തുകയും വേണം. ഇതിനെ പരിസ്ഥിതിവിരുദ്ധ നിലപാടായി ചിത്രീകരിക്കാന്‍ ചിലര്‍ ശ്രമിക്കാറുണ്ട്. പരിസ്ഥിതിസംരക്ഷണം അടിസ്ഥാനപ്രമാണമാക്കിത്തന്നെ മനുഷ്യന്റെ സാമൂഹിക ആവശ്യങ്ങള്‍ക്കായി പ്രകൃതിസമ്പത്ത് ഉപയോഗിക്കാന്‍ സാധിക്കണം. പ്രകൃതിവസ്തുക്കളുടെ അന്യായ ചൂഷണത്തെയും ദുരുപയോഗത്തെയും കര്‍ശനമായി പ്രതിരോധിക്കുകയും വേണം. പാര്‍പ്പിട മേഖലയുടെ 50 മീറ്റര്‍ ചുറ്റളവില്‍ ക്വാറികളുടെ പ്രവര്‍ത്തനം നിരോധിച്ച നടപടി കര്‍ശനമായി നടപ്പാക്കണമെന്നു കഴിഞ്ഞമാസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

പരിസ്ഥിതിസംരക്ഷണത്തെക്കുറിച്ചു വാചാലരാകുന്ന നാം പരിസ്ഥിതിസൌഹൃദമായ ബദല്‍ നിര്‍മാണവസ്തുക്കളെക്കുറിച്ചു ചിന്തിക്കുകയോ അതിന്റെ സാധ്യതകളെക്കുറിച്ചു ഗവേഷണം നടത്തുകയോ ചെയ്യുന്നില്ല. വികസിത രാജ്യങ്ങള്‍ ഇത്തരം സാധ്യതകള്‍ ഇപ്പോള്‍ പരമാവധി ഉപയോഗിക്കുന്നുണ്ട്. എമ്പയര്‍സ്റേറ്റ് ബില്‍ഡിംഗോ ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടമായ ദുബായിയിലെ ബുര്‍ജ് ഖലീഫയോ പണിതീര്‍ത്തത് കല്ലും മണ്ണും മറ്റു പ്രകൃതിവിഭവങ്ങളും മാത്രമുപയോഗിച്ചല്ല. അത്തരം പ്രകൃതിവിഭവങ്ങളുടെ പരിമിതമായ ഉപയോഗമേ ആധുനികലോകത്തെ പല കൂറ്റന്‍ കെട്ടിടങ്ങള്‍ക്കും ഉണ്ടായിട്ടുള്ളൂ. കേരളത്തിലെ നിര്‍മാണമേഖലയിലും ഇത്തരമൊരു ബദല്‍ സാങ്കേതികവിദ്യ വളര്‍ന്നുവരേണ്ടിയിരിക്കുന്നു. പരമ്പരാഗത നിര്‍മാണ സാങ്കേതികവിദ്യകളില്‍നിന്നു നാം ഇനിയും അധികം മുന്നോട്ടുപോയിട്ടില്ല എന്നതാണു വസ്തുത. നിര്‍മാണവസ്തുക്കളുടെ പുനരുപയോഗം ഇപ്പോള്‍ പലേടത്തും വളരെ ശാസ്ത്രീയമായി നടപ്പാക്കുന്നുണ്ട്. ചില രാജ്യങ്ങളില്‍ റോഡുനിര്‍മാണത്തിനുപയോഗിച്ച വസ്തുക്കള്‍ റീസൈക്കിള്‍ചെയ്ത് എടുക്കുന്നു. കെട്ടിടനിര്‍മാണത്തിലും പ്രകൃതിവസ്തുക്കളുടെ ഉപയോഗം പരമാവധി കുറയ്ക്കാവുന്ന സാങ്കേതികവിദ്യ പല രാജ്യങ്ങളും വികസിപ്പിച്ചെടുത്തിട്ടുണ്ട്.


സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പാറമടകളുടെ പ്രവര്‍ത്തനം നിരോധിച്ചിരിക്കുന്നതെങ്കിലും നിര്‍മാണമേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ ക്രിയാത്മകമായ ചില ഇടപെടലുകള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം. അഞ്ചു ഹെക്ടറില്‍ താഴെയുള്ള പാറമടകള്‍ക്കു പരിസ്ഥിതി അനുമതി നിലവില്‍ ആവശ്യമില്ലായിരുന്നു. പ്രാദേശിക ഭരണകൂടങ്ങളുടെ അനുമതിയോടെ പ്രവര്‍ത്തിക്കുന്ന ഇത്തരം പാറമടകള്‍ ചെറുകിട ഉപയോക്താക്കള്‍ക്കും കരാര്‍മേഖലയിലുള്ളവര്‍ക്കും പ്രയോജനപ്രദമായിരുന്നുവെങ്കിലും അനുമതി നല്‍കുന്നതിന്റെ പേരില്‍ പല വിവാദങ്ങളും ഉയര്‍ന്നു. പാറമടകളുടെ ലൈസന്‍സിന്റെ കാര്യത്തിലും നിലം നികത്തുന്നതിന് അനുമതി നല്‍കുന്നതിലുമൊക്കെ പാര്‍ട്ടിഭേദമില്ലാത്ത അവിശുദ്ധ കൂട്ടുകെട്ടുണ്െടന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ പരസ്യപ്രസ്താവന നടത്തിയത് അടുത്തകാലത്താണ്.

ചെറുകിട പാറമടകളുടെ ലൈസന്‍സിംഗ് സമ്പ്രദായത്തിലെ അപാകതകള്‍ ഒട്ടേറെ പരാതികള്‍ക്കിടയാക്കിയിട്ടുണ്ട്. കടപ്ളാമറ്റത്ത് മൂന്നുപേരുടെ മരണത്തിനിടയാക്കിയ പാറമട ദുരന്തത്തെത്തുടര്‍ന്നുള്ള അന്വേഷണം വേണ്ടത്ര പരിശോധനകൂടാതെ പാറമടകള്‍ക്ക് അനുമതി നല്‍കുന്നതിനെക്കുറിച്ചുള്ള പല വിവരങ്ങളും പുറത്തുകൊണ്ടുവന്നിരുന്നു. മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പും ആരോഗ്യവകുപ്പുമൊക്കെ ഇക്കാര്യത്തില്‍ പ്രതിസ്ഥാനത്തുണ്ട്. സംസ്ഥാനത്ത് ആറായിരത്തിലേറെ അനധികൃത ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതിനു സാഹചര്യമൊരുക്കിയ നാനൂറ്റമ്പതോളം വില്ലേജ് ഓഫീസര്‍മാര്‍ക്കെതിരേ നാലുവര്‍ഷംമുമ്പു നടപടി എടുത്തിരുന്നു. തൊഴിലാളികളുടെയും സമീപവാസികളുടെയും സുരക്ഷയ്ക്കു യാതൊരു പ്രാമുഖ്യവും നല്‍കാതെ പ്രവര്‍ത്തിക്കുന്നവയായിരുന്നു ഈ ക്വാറികളില്‍ ഒട്ടുമിക്കതും.

അശാസ്ത്രീയമായ പരിസ്ഥിതിവാദവും അതിരുവിട്ട പ്രകൃതിചൂഷണവും ഒരുപോലെ അപകടകരമാണ്. അതാണിപ്പോള്‍ കേരളത്തില്‍ നടക്കുന്നത്. കര്‍ശനമായ നിബന്ധനകളുടെ അടിസ്ഥാനത്തില്‍ ക്വാറികളുടെ പ്രവര്‍ത്തനം പുനരാരംഭിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. ആവശ്യമായ ലൈസന്‍സുകള്‍ സുതാര്യമായി ലഭ്യമാകുന്ന സാഹചര്യമുണ്ടാകണം. പണത്തിന്റെയും സ്വാധീനത്തിന്റെയും മറവില്‍ പ്രകൃതിസമ്പത്തു ചൂഷണം ചെയ്യുന്നവര്‍ക്കെതിരേ കര്‍ശനമായ നടപടിയും സ്വീകരിക്കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.