റിയാദില്‍ വാഹനാപകടം; ഗര്‍ഭിണിയുള്‍പ്പെടെ രണ്ടു തലശേരി സ്വദേശിനികള്‍ മരിച്ചു
റിയാദില്‍ വാഹനാപകടം; ഗര്‍ഭിണിയുള്‍പ്പെടെ രണ്ടു തലശേരി സ്വദേശിനികള്‍ മരിച്ചു
Friday, August 1, 2014 10:39 PM IST
തലശേരി: സൌദി അറേബ്യയിലെ റിയാദിലുണ്ടായ വാഹനാപകടത്തില്‍ ഗര്‍ഭിണി ഉള്‍പ്പെടെ തലശേരി സ്വദേശികളായ രണ്ടു യുവതികള്‍ മരിച്ചു. കുട്ടികളടക്കം അഞ്ചുപേര്‍ക്കു പരിക്കേറ്റു. തലശേരി കായ്യത്ത് റോഡ് സ്വദേശി റിയാസിന്റെ ഭാര്യ ധര്‍മടം ബടയില്‍പറമ്പത്ത് നജ്മ(33), സെയ്ദാര്‍പള്ളി കെ.കെ. ഹൌസില്‍ റാഷിദിന്റെ ഭാര്യ കൂത്തുപറമ്പ് കൈതേരി ആറാംമൈലിലെ സഫിയ മന്‍സിലില്‍ ഷര്‍ളി(30) എന്നിവരാണു മരിച്ചത്. നജ്മ നാലുമാസം ഗര്‍ഭിണിയാണ്. ഇന്നലെ പുലര്‍ച്ചെ രണ്േടാടെ റിയാദ്-ദമാം ഹൈവേയിലായിരുന്നു അപകടം. പരിക്കേറ്റ റിയാസ്, മക്കളായ ഫാത്തിമത്തുല്‍ റിന്‍ഷ, സിയ റിയാസ്, സുഹൃത്ത് വിപിന്‍ എന്നിവര്‍ റിയാദ് നസീം നാഷണല്‍ ഗാര്‍ഡ് ആശുപത്രിയില്‍ ചികിത്സയിലാണ്. നിസാര പരിക്കേറ്റ റാഷിന്റെ മൂന്നു വയസുകാരനായ മകന്‍ സിനാനെ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. വാഹനത്തിലുണ്ടായിരുന്ന റാഷിദിന്റെ മക്കളായ ഫിദ(12), റിദ(എട്ട്) എന്നിവര്‍ പരിക്കുകളില്ലാതെ രക്ഷപെട്ടു.

റിയാദ് ബദ്ഹയിലെ ബദ്ഹ കൊമേഴ്സ്യല്‍ സെന്ററില്‍ ബിസിനസുകാരും സുഹൃത്തുക്കളുമായ റാഷിദും റിയാസും പെരുന്നാള്‍ അവധി ആഘോഷിക്കാനായി കുടുംബാംങ്ങള്‍ക്കൊപ്പം സുഹൃത്തായ വിപിന്റെ ടയോട്ട ഫോര്‍ച്യൂണര്‍ കാറില്‍ ദമാം സന്ദര്‍ശിക്കാന്‍ പോയതായിരുന്നു. ദമാമിലെ സ്ഥലങ്ങളെല്ലാം സന്ദര്‍ശിച്ചശേഷം ബുധനാഴ്ച രാത്രി റിയാദിലേക്ക് പുറപ്പെട്ട ഇവരുടെ വാഹനം ഇന്നലെ പുലര്‍ച്ചെയാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണംവിട്ട വാഹനം തലകീഴായി മറിയുകയായിരുന്നു. പിന്‍വശത്തെ സീറ്റിലിരുന്ന സ്ത്രീകള്‍ റോഡിലേക്കു തെറിച്ചുവീണു തത്ക്ഷണം മരിച്ചു. സ്ഥലത്തെത്തിയ പോലീസാണു പരിക്കേറ്റവരേയും മരിച്ചവരുടെ മൃതദേഹങ്ങളും ആശുപത്രിയിലെത്തിച്ചത്. ഇരുവരുടേയും മൃതദേഹങ്ങള്‍ അല്‍ അഹ്സയിലെ ബിന്‍ജലവി ആശുപത്രിയില്‍. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി എത്രയും വേഗം മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണു ബന്ധുക്കള്‍.


കൈതേരി 11-ാം മൈലില്‍ സഫിയാസില്‍ മമ്മു-സഫിയ ബീവി ദമ്പതികളുടെ മകളാണു ഷര്‍ലി. സഹോദരങ്ങള്‍: അബ്ദുറഹ്മാന്‍ (മസ്കറ്റ്), സുനീര്‍ (റിയാദ്), ഷമീന, ഷാഹിദ. പത്തുവര്‍ഷമായി ഭര്‍ത്താവിനൊപ്പം റിയാദിലാണു ഷര്‍ലി താമസിച്ചിരുന്നത്. മൂന്നുമാസം മുമ്പാണു നാട്ടില്‍വന്നു തിരിച്ചുപോയത്. ധര്‍മടം പാലയാട് മിനി സ്റേഡിയത്തിനു സമീപത്തെ പരേതരായ പി.കെ.അലി-സഫിയ ദമ്പതികളുടെ മകളാണു നജ്മ. സഹോദരങ്ങള്‍: റഫീഖ്, റിയാസ്, റഖീബ്, ഹൈറുന്നിസ, സെബുന്നിസ, റസീന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.