പാണ്ഡിത്യത്തിന്റെ മഹിമയിലും വിനയത്തോടെ റവ. ഡോ. നരികുളം
പാണ്ഡിത്യത്തിന്റെ മഹിമയിലും വിനയത്തോടെ റവ. ഡോ. നരികുളം
Friday, August 1, 2014 10:39 PM IST
സിജോ പൈനാടത്ത്

കൊച്ചി: ദൈവശാസ്ത്രത്തിലുള്ള ആഴമേറിയ പാണ്ഡിത്യവും ലോകത്തിലെ പ്രമുഖ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യയനവും അധ്യാപനവും നല്‍കിയ പ്രശസ്തിയുമെല്ലാം റവ. ഡോ. എഫ്രേം നരികുളത്തെ ശ്രദ്ധേയനാക്കുന്നു. എന്നാല്‍, താന്‍ കൈവരിച്ച നേട്ടങ്ങളത്രയും ദൈവദാനം മാത്രമെന്നു വിനയത്തോടെ പറയാനാണ് അദ്ദേഹത്തിനിഷ്ടം. പുതിയ ഇടയനിയോഗം ദൈവം ഏല്‍പ്പിച്ച വലിയ ദൌത്യമാണെന്നു തിരിച്ചറിഞ്ഞു വിനയാന്വിതനായി അതേറ്റെടുക്കുന്നുവെന്നു പറയുമ്പോള്‍, ആ വാക്കുകളില്‍ സമര്‍പ്പണത്തിന്റെ ചൈതന്യമുണ്ട്.

ദൈവം ഏല്‍പ്പിച്ച വലിയ ദൌത്യം വിനയത്തോടെ ഏറ്റെടുക്കുന്നുവെന്നു റവ. ഡോ. എഫ്രേം നരികുളം പറഞ്ഞു.

സീറോ മലബാര്‍ സഭയുടെ ആദ്യത്തെ മിഷന്‍ രൂപത എന്ന നിലയില്‍ പ്രേഷിതശുശ്രൂഷയുടെ വലിയ സാധ്യതകള്‍ ഇവിടെയുണ്ട്. പ്രഥമ ബിഷപ്പായ മാര്‍ ജാനുവാരിയൂസിന്റെ വലിയ മിഷന്‍ കാഴ്ചപ്പാടുകളും മുന്‍ഗാമി ബിഷപ് മാര്‍ വിജയാനന്ദിന്റെ സാമൂഹ്യപ്രതിബദ്ധതയും മാതൃകയാക്കി ഇനിയും ഏറെക്കാര്യങ്ങള്‍ രൂപതയ്ക്കായി നിര്‍വഹിക്കാനാവുമെന്നാണു പ്രതീക്ഷ.

ഛാന്ദാ മൈനര്‍ സെമിനാരിയുടെ ചുമതല വഹിച്ചു നേരത്തേ ഏഴു വര്‍ഷത്തോളം ശുശ്രൂഷ ചെയ്തിരുന്നു. ഇപ്പോള്‍ ഇവിടെയുള്ള വൈദികരിലേറെപ്പേരെയും പഠിപ്പിക്കാനുള്ള അവസരവും ലഭിച്ചു. ഇതെല്ലാം പുതിയ നിയോഗത്തില്‍ സഹായകമാകുമെന്നാണു പ്രതീക്ഷ.

നിന്റെ രാജ്യം വരണം (ഠവ്യ ഗശിഴറീാ ഇീാല) എന്നതാണ് ഇടയശുശ്രൂഷയില്‍ ആപ്തവാക്യമായി സ്വീകരിക്കുന്നത്. സത്യവും നീതിയും സ്നേഹവും സമാധാനവും പുലരുന്ന ദൈവരാജ്യത്തിന്റെ സൃഷ്ടികര്‍മത്തില്‍ ഏവരുടെയും പ്രാര്‍ഥനയും പിന്തുണയും തനിക്കാവശ്യമാണെന്നും നിയുക്ത മെത്രാന്‍ പറഞ്ഞു.


എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികനും മംഗലപ്പുഴ പൊന്തിഫിക്കല്‍ സെമിനാരി റെക്ടറുമായ റവ. ഡോ. ആന്റണി നരികുളം നിയുക്തമെത്രാന്റെ ജ്യേഷ്ഠസഹോദരനാണ്.

നിയുക്തമെത്രാനെ സ്ഥാനചിഹ്നങ്ങള്‍ അണിയിച്ചു

കൊച്ചി: ഛാന്ദാ രൂപതയുടെ നിയുക്തമെത്രാന്‍ റവ. ഡോ. എഫ്രേം നരികുളത്തെ ബിഷപ് മാര്‍ വിജയാനന്ദ് നെടുംപുറം സ്ഥാനചിഹ്നമായ മോതിരവും മാലയും അണിയിച്ചു. രൂപതാ ആസ്ഥാനദേവാലയമായ ബല്ലാര്‍ഷാ സെന്റ് തോമസ് കത്തീഡ്രലില്‍ ഇന്നലെ വൈകുന്നേരം 3.30നു നടന്ന ചടങ്ങിലാണ് സ്ഥാനചിഹ്നങ്ങള്‍ അണിയിച്ചത്.

രൂപത വികാരി ജനറാള്‍ ഫാ. ജോയ് പുതുശേരി ചടങ്ങില്‍ സ്വാഗതം ആശംസിച്ചു. വൈസ് ചാന്‍സലര്‍ ഫാ. ജോസഫ് കളത്തില്‍ നിയമന ഉത്തരവ് വായിച്ചു. തുടര്‍ന്നു നിയുക്തമെത്രാനെ മാര്‍ വിജയാനന്ദ് നെടുംപുറം സ്ഥാനചിഹ്നമായ മോതിരവും മാലയും അണിയിച്ചു. അദിലാബാദ് ബിഷപ് മാര്‍ ജോസഫ് കുന്നത്ത് ആശംസ നേരാനെത്തിയിരുന്നു. ഇരുനൂറോളം വൈദിക, സന്യസ്ത, അല്മായ പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുത്തു. സ്നേഹവിരുന്നും ഉണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.