കേസില്‍ ഉള്‍പ്പെട്ടാല്‍ നടപടി: സുധീരന്‍
Friday, August 1, 2014 10:41 PM IST
തിരുവനന്തപുരം: കെപിസിസി ജനറല്‍ സെക്രട്ടറി ശരത്ചന്ദ്ര പ്രസാദിനെതിരേ പോലീസ് കേസ് രജിസ്റര്‍ ചെയ്യുന്ന തരത്തിലുള്ള പ്രാഥമിക നടപടി സ്വീകരിച്ചാല്‍ പാര്‍ട്ടിതല നടപടി ഉണ്ടാകുമെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. കെപിസിസി നേതൃയോഗ തീരുമാനങ്ങള്‍ വിശദീകരിക്കവേ, കൊച്ചി ബ്ളാക്ക് മെയില്‍ കേസിലെ പ്രതിക്ക് എംഎല്‍എ ഹോസ്റലിലെ മുറി നല്‍കിയ സംഭവവുമായി ബന്ധപ്പെട്ടു ശരത്ചന്ദ്ര പ്രസാദിനെ പോലീസ് ചോദ്യം ചെയ്തതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുകയായിരുന്നു സുധീരന്‍.

പാര്‍ട്ടി നേതാവും ഉത്തരവാദ പ്പെട്ട സ്ഥാനത്തിരിക്കുന്ന വ്യക്തികളും ഇത്തരത്തിലുള്ള ഏതെങ്കിലും കുറ്റകൃത്യവുമായി ബന്ധപ്പെട്ടതായി തെളിവു ലഭിക്കുകയോ പ്രാഥമികമായി പോലീസ് നടപടി സ്വീകരിക്കുകയോ ചെയ്താല്‍ മുഖം നോക്കാതെ നടപടി സ്വീകരിക്കും. കൃത്യമായ തെളിവു ലഭിക്കാതെ നിഗമനത്തിലേക്കു പോകുന്നതു ശരിയല്ല. ആരോപണത്തിന്റെ പേരില്‍ നിരപരാധികള്‍ പീഡിപ്പിക്കപ്പെടാനും പാടില്ല.


പോലീസ് അന്വേഷണ പരിധിയിലുള്ള വിഷയമായതിനാല്‍ ഇപ്പോള്‍ അഭിപ്രായം പറയുന്നില്ല. എംഎല്‍എ ഹോസ്റലില്‍ മുറി നല്‍കിയതുമായി ബന്ധപ്പെട്ട വിവാദം കെപിസിസി യോഗത്തില്‍ ചര്‍ച്ചയ്ക്കെത്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ടു തനിക്കു നേരിട്ട് വിവരം ലഭിച്ചിട്ടില്ലെന്നു ഇതുമായി ബന്ധപ്പെട്ട മറ്റൊരു ചോദ്യത്തിനു അദ്ദേഹം മറുപടി നല്‍കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.