തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനു ഫോട്ടോ പതിച്ച വോട്ടര്‍പട്ടിക
Friday, August 1, 2014 10:55 PM IST
സ്വന്തം ലേഖകന്‍

പത്തനംതിട്ട: 2015 സെപ്റ്റംബറില്‍ നടക്കേണ്ട സംസ്ഥാനത്തെ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പിന് ഫോട്ടോ പതിച്ച വോട്ടര്‍പട്ടിക തയാറാക്കാനുള്ള ജോലികള്‍ ആരംഭിച്ചു. ഇതാദ്യമായാണ് സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലേക്കും ഫോട്ടോ പതിച്ച വോട്ടര്‍പട്ടിക തയാറാക്കുന്നത്. നിലവിലുള്ള പഞ്ചായത്ത്, നഗരസഭ നിയോജകമണ്ഡലങ്ങള്‍ (വാര്‍ഡുകള്‍) മാറ്റേണ്ടതില്ലെന്നു തീരുമാനിച്ച സാഹചര്യത്തില്‍ പട്ടിക പുതുക്കല്‍ ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം.

കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍ 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിനുപയോഗിച്ച ഫോട്ടോ പതിച്ച വോട്ടര്‍പട്ടികയുടെ അടിസ്ഥാനത്തില്‍ തദ്ദേശസ്ഥാപനങ്ങളുടെ നിലവിലെ നിയോജകമണ്ഡലങ്ങള്‍ക്കനുസൃതമായി വോട്ടര്‍പട്ടികകള്‍ തയാറാക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.

പട്ടികയില്‍ വാര്‍ഡ്, വീട്ടുനമ്പരുകള്‍ കൂടി ഉള്‍പ്പെടുത്തും. ഇത്തരത്തില്‍ വോട്ടര്‍പട്ടിക തയാറാക്കുന്നതിനു മുന്നോടിയായി ഓരോ മണ്ഡലത്തിലെയും ഭവനങ്ങള്‍ സന്ദര്‍ശിച്ച് വോട്ടര്‍മാരുടെ വിവരങ്ങള്‍ പരിശോധിച്ച് വാര്‍ഡ്, വീട്ടു നമ്പരുകള്‍ ചേര്‍ക്കുന്നതിന് ഓരോ ബൂത്തുതലത്തിലും ഒരു ഓഫീസറെ വീതം നിയമിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററില്‍ നിന്നു നല്‍കുന്ന വോട്ടര്‍പട്ടികയിലാണ് പുതിയ വാര്‍ഡ്, വീട്ടുനമ്പരുകള്‍ ഇവ ഉള്‍പ്പെടുത്തി പുതുക്കുന്നത്. ഓരോ തദ്ദേശഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെയോ ഇതിനു കീഴില്‍വരുന്ന ആംഗന്‍വാടി അധ്യാപകരെയോ ഓരോ ബൂത്തിലും വോട്ടര്‍പട്ടിക പരിശോധിക്കുന്നതിനായി അഞ്ചിനു മുമ്പ് നിയമിച്ച് ഉത്തരവു നല്‍കണമെന്ന് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശമെത്തിയിട്ടുണ്ട്.


11ന് ഓരോ വാര്‍ഡിലെയും വോട്ടര്‍പട്ടിക ഇവര്‍ക്കു ലഭ്യമാക്കുകയും മുഴുവന്‍ വോട്ടര്‍മാരുടെയും വീടുകളില്‍ ഇവരെത്തി പട്ടികയില്‍ ഓരോരുത്തരുടെയും കോളത്തില്‍ വാര്‍ഡും വീട്ടുനമ്പരും വ്യക്തമായി രേഖപ്പെടുത്തുകയും ചെയ്ത് സെപ്റ്റംബര്‍ 12നു മുമ്പായി തദ്ദേശസ്ഥാപന സെക്രട്ടറിക്കു തിരികെ നല്‍കാനാണു നിര്‍ദേശം.

പുതുതായി വോട്ടര്‍മാരെ കൂട്ടിച്ചേര്‍ക്കാനോ ഒഴിവാക്കാനോ വീടുപരിശോധന നടത്തുന്നവര്‍ക്ക് അധികാരം നല്‍കിയിട്ടില്ല. എന്നാല്‍ പരിശോധന നടത്തുമ്പോള്‍ ലഭ്യമാക്കിയ വോട്ടര്‍ പട്ടികയില്‍ അനുബന്ധമായി നല്‍കിയിട്ടുള്ള കൂട്ടിച്ചേര്‍ത്ത പട്ടികയിലെ വോട്ടര്‍മാരെകൂടി പരിശോധനയ്ക്കു വിധേയമാക്കി വാര്‍ഡ്, വീട്ടുനമ്പര്‍ ഉള്‍പ്പെടുത്തണം. വെരിഫിക്കേഷന്‍ നടത്തുന്ന പട്ടികയില്‍ വോട്ടര്‍മാര്‍ ആരെങ്കിലും മരിച്ചുപോയിട്ടുണ്െടങ്കില്‍ അവരുടെ പേരുവിവരം പ്രത്യേകം ലിസ്റ് ചെയ്ത് ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാരെ ഏല്പിക്കണം.

കരട് പട്ടിക പ്രസിദ്ധീകരിച്ചശേഷം പട്ടിക പുതുക്കാനും ഒഴിവാക്കേണ്ടവരെ ഒഴിവാക്കാനും നടപടിയുണ്ടാകും. പുതിയ വീട്ടുനമ്പരുകള്‍ ചേര്‍ത്ത് ലഭിക്കുന്ന വോട്ടര്‍പട്ടികകള്‍ എന്‍ഐസി ഓരോ പഞ്ചായത്തിന്റെയും നിലവിലുള്ള വാര്‍ഡുതലത്തിലും വീട്ടുനമ്പര്‍ ക്രമത്തിലും ക്രമീകരിച്ച് ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ക്കു ഓണ്‍ലൈനിലൂടെ ലഭ്യമാക്കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.