കുട്ടികളെ കൊണ്ടുവന്നത് അനാഥാലയങ്ങള്‍ക്കു കൂടുതല്‍ ഫണ്ടു കിട്ടാന്‍: ക്രൈംബ്രാഞ്ച്
Friday, August 1, 2014 10:55 PM IST
കൊച്ചി: അനാഥാലയങ്ങളിലെ കുട്ടികളുടെ എണ്ണം പെരുപ്പിച്ചു കാട്ടി സര്‍ക്കാരില്‍ നിന്നും മറ്റ് ഏജന്‍സികളില്‍ നിന്നും കൂടുതല്‍ ഫണ്ട് നേടാനായാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നു കുട്ടികളെ കേരളത്തിലേക്കു കടത്തിക്കൊണ്ടുവന്നതെന്നു കണ്െടത്തിയതായി ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ടു സമര്‍പ്പിച്ചു. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഓള്‍ കേരള ആന്റികറപ്ഷന്‍ ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്സ് കമ്മീഷന്‍ എന്ന സംഘടനയ്ക്കു വേണ്ടി ഐസക് തോമസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആര്‍. സുധാകരന്‍പിള്ള വിശദീകരണ പത്രിക സമര്‍പ്പിച്ചത്.

അനാഥാലയം നടത്തുന്ന സ്കൂളില്‍ വിദ്യാര്‍ഥികള്‍ കുറയുന്ന സാഹചര്യത്തില്‍ ഡിവിഷന്‍ നഷ്ടം ഒഴിവാക്കാനായാണ് ഇതരസംസ്ഥാന കുട്ടികളെ സംസ്ഥാനത്തേക്കു കൊണ്ടുവന്നതെന്നു ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. വിദേശത്തു നിന്നും മറ്റും ധനസഹായം ലഭിക്കാനും സര്‍ക്കാര്‍ ഗ്രാന്റിനും കൂടുതല്‍ കുട്ടികള്‍ ആവശ്യമാണ്. സാമ്പത്തിക നേട്ടത്തിനായാണ് അന്യസംസ്ഥാനങ്ങളില്‍ നിന്നു കുട്ടികളെ കൊണ്ടുവരുന്നത്.

എന്നാല്‍, കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയോ മറ്റു തരത്തില്‍ ദുരുപയോഗപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നു കണ്െടത്തിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആര്‍. സുധാകരന്‍പിള്ളയുടെ നേതൃത്വത്തിലുള്ള 24 അംഗ അന്വേഷണ സംഘം മുക്കം അനാഥാലയത്തിലും മുക്കം എല്‍പി സ്കൂളിലും മറ്റ് അനാഥാലയങ്ങളിലും തെളിവെടുപ്പു നടത്തുകയും 307 പേരുടെ മൊഴിയെടുക്കുകയും ചെയ്തു. ജാര്‍ഖണ്ഡില്‍ നിന്നുള്ള 101 കുട്ടികളെയും 21 മാതാപിതാക്കളെയും ബിഹാറില്‍ നിന്നുള്ള 41 കുട്ടികളെയും ചോദ്യം ചെയ്തിരുന്നു.


ജാര്‍ഖണ്ഡിലെ സക്കീര്‍ അക്തര്‍, ഷഫീഖ് എന്നിവരെ കേസില്‍ അറസ്റ്റു ചെയ്തു. യാത്രാരേഖകളില്‍ കൃത്രിമം കാട്ടിയ പര്‍വേശ്, മുഹമ്മദ് ഖുര്‍ശിദ് എന്നിവരെ ചോദ്യം ചെയ്തു. കേസുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത 161 രേഖകളില്‍ പലതും വ്യാജമാണ്. അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കാനാകുമെന്നു ഡിവൈഎസ്പി അറിയിച്ചു.

കുട്ടികളെ കടത്തിക്കൊണ്ടുവന്ന കേസ് അന്വേഷിക്കാമെന്നു സിബിഐ

കൊച്ചി: മറ്റു സംസ്ഥാനങ്ങളില്‍ നിന്നു കേരളത്തിലെ അനാഥലയങ്ങളിലേക്കു കുട്ടികളെ കൊണ്ടുവന്ന സംഭവം അന്വേഷിക്കാന്‍ സന്നദ്ധത അറിയിച്ച് സിബിഐ ഹൈക്കോടതിയില്‍ പത്രിക സമര്‍പ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.