സിവില്‍ സര്‍വീസ് അക്കാഡമിയുടെ ഓരോ സെന്ററിലും 20 വിദ്യാര്‍ഥികള്‍ക്കു സൌജന്യ പഠനം: മുഖ്യമന്ത്രി
സിവില്‍ സര്‍വീസ് അക്കാഡമിയുടെ ഓരോ സെന്ററിലും 20 വിദ്യാര്‍ഥികള്‍ക്കു സൌജന്യ പഠനം: മുഖ്യമന്ത്രി
Friday, August 1, 2014 10:56 PM IST
ചെങ്ങന്നൂര്‍: സംസ്ഥാന സിവില്‍ സര്‍വീസ് അക്കാഡമിയുടെ ഓരോ കേന്ദ്രത്തിലും സാമ്പത്തിക പ്രയാസമുള്ള അര്‍ഹരായ 20 കുട്ടികള്‍ക്ക് ഈ വര്‍ഷം മുതല്‍ സൌജന്യ പഠന സൌകര്യം ലഭ്യമാക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അക്കാഡമിയുടെ കേരളത്തിലെ അഞ്ചാമതു സെന്ററിന്റെ ശിലാസ്ഥാപനം ചെങ്ങന്നൂര്‍ അങ്ങാടിക്കല്‍ തെക്ക് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കാമ്പസില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിവില്‍ സര്‍വീസ് രംഗത്ത് കേരളത്തില്‍ നിന്നുള്ളവര്‍ കുറവാണ്. 2005ല്‍ ഏഴുപേരാണുണ്ടായിരുന്നത്. പിന്നീട് ഈ വര്‍ഷം 48 ആയി മാറി. വിദ്യാര്‍ഥികളുടെ കഴിവ് പ്രയോജനപ്പെടുത്താന്‍ സാഹചര്യങ്ങള്‍ സൃഷ്ടിക്കണം. ഇതിനുള്ള എല്ലാ സഹായങ്ങളും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ഡല്‍ഹിയില്‍ നടക്കുന്ന ഇന്റര്‍വ്യൂവിനു പോകാന്‍ 86 പേര്‍ക്കു വിമാന ടിക്കറ്റ് എടുത്തു കൊടുത്തു. ഇതില്‍ 48 പേര്‍ വിജയിച്ചു വന്നു. ഇത് സര്‍ക്കാരിന് നഷ്ടമല്ല. മറിച്ച് നേട്ടമായാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു. ചെങ്ങന്നൂരില്‍ ഈ വര്‍ഷം തന്നെ ക്ളാസുകള്‍ ആരംഭിക്കും. ഇതിനായി എംഎല്‍എ ഫണ്ടില്‍ നിന്നും 1.50 കോടി രൂപയും നല്‍കിയിട്ടുണ്ട്. 60 പേരുടെ സ്ഥിരം ബാച്ചും മറ്റൊരു ബാച്ചും ഉണ്ടാകും. 40 ഹൈസ്കൂള്‍ കുട്ടികള്‍ക്കു പഠിക്കാവുന്ന ടാലന്റ് ഡവലപ്മെന്റ് സെന്ററും ഇതോടൊപ്പം ആരംഭിക്കും. ആലപ്പുഴ, പത്തനംതിട്ട ജില്ലകള്‍ക്കായി റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ് ചെങ്ങന്നൂരില്‍ അനുവദിച്ചിട്ടുണ്െടന്നും സിവില്‍ സര്‍വീസ് മേഖല സാധാരണക്കാര്‍ക്ക് അപ്രാപ്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തായെ മുഖ്യമന്ത്രി ചടങ്ങില്‍ ആദരിച്ചു.

മന്ത്രി പി.കെ അബ്ദുറബ്ബ് അധ്യക്ഷത വഹിച്ചു. ഡോ.ഡി. ബാബുപോള്‍ മുഖ്യപ്രഭാഷണം നടത്തി. അക്കാഡമി ഡയറക്ടര്‍ കെ.പി നൌഫല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി.സി വിഷ്ണുനാഥ് എംഎല്‍എ, തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്താ, നഗരസഭ ചെയര്‍പേഴ്സണ്‍ വത്സമ്മ ഏബ്രഹാം, ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍, ജില്ലാ പോലീസ് മേധാവി കെ.കെ ബാലചന്ദ്രന്‍, ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പ് ചെയര്‍മാന്‍ പത്മശ്രീ ജി.ശങ്കര്‍, ഹയര്‍ സെക്കന്‍ഡറി ഡപ്യൂട്ടി ഡയറക്ടര്‍ ഡോ.പി.എ സാജുദീന്‍, പൊതു വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ജിമ്മി കെ.ജോസ്, സുധീഷ് കുമാര്‍, മോഹനന്‍.സി, വി.എസ് സുധി, അക്കാദമി കോ-ഓര്‍ഡിനേറ്റര്‍ പി.എം രാജീവ്, എബി കുര്യാക്കോസ്, ബി.കൃഷ്ണകുമാര്‍, ഉമ്മന്‍ആലുംമൂട്ടില്‍. ഉണ്ണികൃഷ്ണപിള്ള, ഗിരീഷ് ഇലഞ്ഞിമേല്‍ എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.