റവ.ഡോ. എഫ്രേം നരികുളം ഛാന്ദാ രൂപത ബിഷപ്
റവ.ഡോ. എഫ്രേം നരികുളം ഛാന്ദാ രൂപത ബിഷപ്
Friday, August 1, 2014 10:38 PM IST
സ്വന്തം ലേഖകന്‍

കൊച്ചി: മഹാരാഷ്ട്രയിലെ ഛാന്ദാ രൂപതയുടെ മെത്രാനായി എറണാകുളം-അങ്കമാലി അതിരൂപതാംഗം റവ. ഡോ. എഫ്രേം നരികുളത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു.

നിയമന പ്രഖ്യാപനം ഇറ്റാലിയന്‍ സമയം ഇന്നലെ ഉച്ചയ്ക്ക് 12നു വത്തിക്കാനിലും ഉച്ചകഴിഞ്ഞു 3.30നു സീറോ മലബാര്‍ സഭയുടെ ആസ്ഥാനമായ കാക്കനാട് മൌണ്ട് സെന്റ് തോമസിലും ഛാന്ദാ രൂപത ആസ്ഥാനത്തും നടന്നു. ഛാ ന്ദായിലെ ബല്ലാര്‍ഷാ സെന്റ് തോമസ് കത്തീഡ്രലില്‍ നടന്ന ചട ങ്ങില്‍ സ്ഥാനമൊഴിയുന്ന ബിഷപ് മാര്‍ വിജയാനന്ദ് നെടുംപുറം സി.എം.ഐ നിയുക്ത മെത്രാനു സ്ഥാനചിഹ്നങ്ങള്‍ കൈമാറി. സ്ഥാനാരോഹണം ഛാന്ദായില്‍ പിന്നീടു നടക്കും.

കത്തോലിക്കാസഭയുടെ കാനോനിക നിയമമനുസരിച്ച് 75-ാം വയസില്‍ വിരമിക്കുന്ന ബിഷപ് മാര്‍ വിജയാനന്ദ് നെടുംപുറത്തിന്റെ പിന്‍ഗാമിയായാണു റവ. ഡോ. നരികുളം നിയമിതനായത്. രൂപതയുടെ മൂന്നാമത്തെ മെത്രാനാണ്, കാന ഡയിലെ ടൊറന്റോ യൂണിവേഴ്സിറ്റിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സെന്റ് അഗസ്റിന്‍സ് ദൈവശാസ്ത്ര ഫാക്കല്‍റ്റിയില്‍ പ്രഫസറാ യിരുന്ന റവ. ഡോ. നരികുളം. ഛാന്ദാ രൂപതയുടെ മൈനര്‍ സെമിനാരിയില്‍ ഏഴു വര്‍ഷം റെക്ടറായി അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്.

എറണാകുളം വൈപ്പിന്‍കര യിലെ നായരമ്പലം അമലോത്ഭവമാതാ ഇടവകയില്‍ നരികുളം വീട്ടില്‍ പരേതരായ തോമസ്-ത്രേസ്യാമ്മ ദമ്പതികളുടെ മകനായി 1960 ഡിസംബര്‍ 10നാണു റവ. ഡോ. എഫ്രേം നരികുളത്തിന്റെ ജനനം. സുറിയാനി സഭയിലെ പണ്ഡിത വിശുദ്ധന്‍ എഫ്രേമിന്റെ പേരാണ് മാമ്മോദീസായില്‍ സ്വീകരിച്ചത്. വാടേല്‍ സെന്റ് ജോര്‍ജ്, നായരമ്പലം ഭഗവതി വിലാസം സ്കൂളുകളില്‍ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം എറണാകുളം അതിരൂപതാ മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. പൂനമല്ലി സേക്രഡ് ഹാര്‍ട്ട് സെമിനാരിയില്‍ തത്ത്വശാസ്ത്രവും മംഗലാപുരം സെന്റ് ജോസഫ്സ് സെമിനാരിയില്‍ ദൈവശാസ്ത്രവും പഠിച്ചു.

1986 ഡിസംബര്‍ 27ന് കര്‍ദിനാള്‍ മാര്‍ ആന്റണി പടിയറയില്‍ നിന്നു പൌരോഹിത്യം സ്വീകരിച്ചു. എറണാകുളം ബസിലിക്ക, കാഞ്ഞൂര്‍, കൊരട്ടി ഫൊറോന പള്ളികളി ല്‍ സഹവികാരിയായും മാടയ്ക്കല്‍ പള്ളിയില്‍ വികാരിയായും സേവനം ചെയ്തു.


സീറോ മലബാര്‍ ഡല്‍ഹി മിഷനില്‍ സഹചാപ്ളിനായും ഛാന്ദാ രൂപതയുടെ മൈനര്‍ സെമിനാരിയില്‍ റെക്ടറായും സേവനം ചെയ്തു. കേരള സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ളീഷ് സാഹിത്യത്തില്‍ ബിരുദവും റോമിലെ പൊന്തിഫിക്കല്‍ ഉര്‍ബാനിയാനും സര്‍വകലാശാല യില്‍ നിന്നു ബിടിഎച്ചും ഡല്‍ഹി വിദ്യാജ്യോതിയില്‍ നിന്നു മതാന്തര സംവാദത്തില്‍ മാസ്റ്റര്‍ ബിരുദവും റോമിലെ റെജീന അപ്പോസ്തലേറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നു വൈദിക പരിശീലനത്തില്‍ ഡിപ്ളോമയും നേടി. ഇടവക വൈദികരുടെ ആധ്യാത്മികത ആര്‍ഷഭാരത പശ്ചാത്തലത്തില്‍ എന്ന ഗ വേഷണ വിഷയത്തിലാണ് 2004ല്‍ ബാംഗളൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പിരിച്വാലിറ്റിയില്‍ നിന്നു ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയത്.

നാഗ്പൂര്‍, വടവാതൂര്‍ സെമിനാരികളില്‍ വിസിറ്റിംഗ് പ്രഫസറായും സേവനം ചെയ്തിട്ടുണ്ട്. 2007 മുതല്‍ കാനഡയാണു പ്രവര്‍ത്തനമേഖല. ടൊറന്റോ സെന്റ് അഗസ്റിന്‍സ് സെമിനാരിയില്‍ വൈദിക വിദ്യാര്‍ഥികളുടെ ആത്മീയഗുരുവാ യും വൈദിക പരിശീലനത്തിന്റെ കോ-ഓര്‍ഡിനേറ്ററായും പെര്‍മനന്റ് ഡീക്കന്‍സ് ദൈവശാസ്ത്ര പ്രോഗ്രാമിന്റെ ചാപ്ളിനായും സേവനം ചെയ്തു. ഇടക്കാലത്ത് ടൊറന്റോ സെന്റ് തോമസ് സീറോ മലബാര്‍ ഇടവകയുടെ ചുമതലയുണ്ടായിരുന്നു. അമേരിക്കയിലെയും കാനഡയിലെയും വിവിധ ഇടവകകളില്‍ ഇംഗ്ളീഷിലും മലയാളത്തിലും ധ്യാനങ്ങള്‍ നയിച്ചിട്ടുണ്ട്.

മംഗലപ്പുഴ സെമിനാരി റെക്ടര്‍ റവ. ഡോ. ആന്റണി നരികുളം, ആസാമിലെ ഗോഹട്ടിയില്‍ മിഷന്‍ രംഗത്തു പ്രവര്‍ത്തിക്കുന്ന സിസ്റര്‍ ഷേര്‍ളി നരികുളം എസ്എംഐ, കൊച്ചുത്രേസ്യ, പൌലോസ്, ജോസ്, മേരി, അഗസ്റിന്‍, കുഞ്ഞുമോള്‍, എല്‍സമ്മ, പരേതരായ ആലീസ്, വക്കച്ചന്‍ എന്നിവര്‍ സഹോദരങ്ങളാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.