ഇറാക്കില്‍ നിന്നു മടങ്ങിയെത്തിയ നഴ്സുമാര്‍ക്കു ജോലി ലഭ്യമാക്കാന്‍ പരിശീലനം
ഇറാക്കില്‍ നിന്നു മടങ്ങിയെത്തിയ നഴ്സുമാര്‍ക്കു ജോലി ലഭ്യമാക്കാന്‍ പരിശീലനം
Friday, August 1, 2014 12:14 AM IST
തിരുവനന്തപുരം: ഇറാക്കില്‍ നിന്നു മടങ്ങിയ നഴ്സുമാര്‍ക്കു വിദേശ രാജ്യങ്ങളില്‍ ജോലി ലഭ്യമാക്കാന്‍ പ്രത്യേക പരിശീലനം നല്‍കുമെന്നു നോര്‍ക്കയുടെ ചുമതലയുള്ള മന്ത്രി കെ.സി. ജോസഫ്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ നോര്‍ക്ക വകുപ്പ് വിളിച്ചുചേര്‍ത്ത ആശുപത്രി മേധാവികളുടെ യോഗത്തിലാണു തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.

ഒരു മാസം ദൈര്‍ഘ്യമുള്ള ഹ്രസ്വകാല കോഴ്സുകളായിരിക്കും നടത്തുക. ചില രാജ്യങ്ങളില്‍ നഴ്സുമാരായി ജോലി ലഭിക്കുന്നതിന് ലൈസന്‍സിംഗ് പരീക്ഷ പാസാവേണ്ടതുണ്ട്. പരീക്ഷയ്ക്ക് പരിശീലനം നല്‍കുന്ന ഏജന്‍സികളുമായി ബന്ധപ്പെട്ട് ഇതിനു സൌകര്യമൊരുക്കും. പരീക്ഷ പാസാകുന്ന എല്ലാവര്‍ക്കും മറ്റു ചെലവുകള്‍ കൂടാതെ വിദേശ രാജ്യങ്ങളിലെ ആശുപത്രികളില്‍ ജോലി നല്‍കാമെന്ന് ആശുപത്രി ഉടമകള്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. ഇറാക്കില്‍ ജോലി ചെയ്ത് തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ മടങ്ങിയവര്‍ക്ക് എംബസി വഴി അതു ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ആദ്യം മടങ്ങിവന്ന 46 നഴ്സുമാരുള്‍പ്പെടെ 350 പേരാണ് ഇതുവരെ നോര്‍ക്കയില്‍ പേരു രജിസ്റര്‍ ചെയ്തിട്ടുള്ളത്. ഇവരില്‍ കേരളത്തില്‍ ജോലി ചെയ്യാനാഗ്രഹമുള്ളവര്‍ക്ക് ഇവിടെ അവസരം നല്‍കാന്‍ യോഗത്തില്‍ പങ്കെടുത്ത സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ സന്നദ്ധത പ്രകടിപ്പിച്ചു.അബുദാബി, യുഎഇ, സൌദി അറേബ്യ, ഖത്തര്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലെ വിവിധ സ്വകാര്യ ആശുപത്രികളെ പ്രതിനിധീകരിച്ചെത്തിയവരും നഴ്സുമാര്‍ക്ക് തൊഴില്‍ നല്‍കാമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്.

യുഎഇയില്‍ ജോലി ലഭിക്കുന്നതിനു ലൈസന്‍സിംഗ് പരീക്ഷ പാസാകണമെന്നു നിര്‍ബന്ധമുണ്ട്. എന്നാല്‍, പ്രാക്ടിക്കല്‍ നഴ്സസ് എന്ന വിഭാഗത്തില്‍ ജോലി ചെയ്യുന്നതിനു പരീക്ഷ പാസാകേണ്ട ആവശ്യമില്ല. ഇവര്‍ക്കു കുറഞ്ഞ ശമ്പളമായിരിക്കും ലഭിക്കുക.

ഇറാക്കില്‍ നിന്നു മടങ്ങിയെത്തിയവരെ ബിഎസ്സി നഴ്സ്, ജനറല്‍ നഴ്സ്, കേരളത്തില്‍ ജോലി ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ എന്നിങ്ങനെ മൂന്നായി തിരിച്ചാണു തൊഴില്‍ ലഭ്യമാക്കാന്‍ ശ്രമിക്കുന്നത്. കേരളത്തിലെ ആശുപത്രികളില്‍ ജോലി നല്‍കുന്നതിന് ആശുപത്രി ഉടമകള്‍ സന്നദ്ധത അറിയിച്ചെങ്കിലും നഴ്സുമാര്‍ക്കു വിദ്യാഭ്യാസ വായ്പയും മറ്റു സാമ്പത്തിക ബാധ്യതകളും ഉള്ളതിനാല്‍ കേരളത്തിലെ ശമ്പളത്തില്‍ ജോലി ചെയ്യുന്നതിനു ബുദ്ധിമുട്ടുണ്െടന്നു മന്ത്രി പറഞ്ഞു.


വിദ്യാഭ്യാസ വായ്പയുടെ ബാധ്യതയുള്ളവരെ സഹായിക്കുന്നതിനും സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. വായ്പയില്‍ പലിശ ഒഴിവാക്കുക, പലിശയുള്‍പ്പെടെ മുതലിനേക്കാള്‍ കൂടുതല്‍ തുക തിരിച്ചടച്ചിട്ടുണ്െടങ്കില്‍ ബാധ്യത ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കും.

ലിബിയയില്‍ നിന്നു മടങ്ങിവരാന്‍ സന്നദ്ധത പ്രകടിപ്പിച്ച് നോര്‍ക്കയില്‍ രജിസ്റര്‍ ചെയ്ത ഇരുന്നൂറോളം നഴ്സുമാരുടെ ആദ്യസംഘം ഇന്നു നാട്ടിലേക്കു തിരിക്കും. എന്നാല്‍, അവിടുത്തെ പ്രശ്നങ്ങള്‍ ഉടന്‍ തീരുമെന്നാണ് അവര്‍ക്കു ലഭിക്കുന്ന വിവരം. അതിനാല്‍ കൂടുതല്‍ പേര്‍ക്കും അവിടെത്തന്നെ തുടരുന്നതിനാണ് താല്‍പര്യമെന്നും മന്ത്രി അറിയിച്ചു.

യോഗത്തില്‍ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് അഡ്മിനിസ്ട്രേറ്റര്‍ ഫാ. മാത്യു പുനകുളം, തിരുവനന്തപുരം എസ്യുടി ആശുപത്രി അഡ്വൈസര്‍ രജനീഷ് ശ്രീധര്‍, എറണാകുളം ലിസി ആശുപത്രി ഡയറക്ടര്‍ ഫാ.തോമസ് വൈക്കത്തുപറമ്പില്‍, കല്‍പ്പറ്റ ഫാത്തിമ മാതാ മിഷന്‍ ആശുപത്രി ഡയറക്ടര്‍ ഫാ.ജോസഫ് വയലില്‍ സിഎംഐ, തിരുവനന്തപുരം കിംസ് ആശുപത്രി ചീഫ് കോ-ഓര്‍ഡിനേറ്റര്‍ കേണല്‍ എം.എ. റഷീദ് തുടങ്ങിയവര്‍ ഉള്‍പ്പെടെ കേരളത്തിലെയും വിദേശ രാജ്യങ്ങളിലെയും 60 ആശുപത്രികളുടെ പ്രതിനിധികള്‍ പങ്കെടുത്തു. നോര്‍ക്ക സെക്രട്ടറി റാണി ജോര്‍ജ്, സിഇഒ സുദീപ് തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.