മൂന്നാര്‍ ഹൈക്കോടതി വിധി കൈയേറ്റക്കാര്‍ക്കു പ്രോത്സാഹനം നല്‍കുന്നതെന്നു കെപിസിസി
മൂന്നാര്‍ ഹൈക്കോടതി വിധി കൈയേറ്റക്കാര്‍ക്കു പ്രോത്സാഹനം നല്‍കുന്നതെന്നു കെപിസിസി
Friday, August 1, 2014 10:38 PM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: മൂന്നാര്‍ വിഷയത്തിലുള്ള ഹൈക്കോടതി വിധി കൈയേറ്റക്കാര്‍ക്കു പ്രോത്സാഹനം നല്‍കുന്നതാണെന്നു കെപിസിസി നേതൃയോഗം അഭിപ്രായപ്പെട്ടതായി പ്രസിഡന്റ് വി.എം. സുധീരന്‍. പാര്‍ട്ടി നേതൃയോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു സുധീരന്‍.

ഇത്തരം കോടതിവിധികള്‍ സമൂഹത്തിനു നല്ല സന്ദേശമല്ല കൊടുക്കുന്നത്. കോടതിവിധികളുടെ വിശ്വാസ്യത പ്രധാനമാണ്. വിധി പറഞ്ഞ ജഡ്ജിമാരെക്കുറിച്ചു പരാമര്‍ശിക്കുന്നില്ലെന്നും ചോദ്യങ്ങള്‍ക്കു മറുപടിയായി അദ്ദേഹം അഭിപ്രായപ്പെട്ടു. മൂന്നാര്‍ വിധി സംബന്ധിച്ചു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തീരുമാനം വിശദീകരിച്ചു.

അന്യസംസ്ഥാന ലോട്ടറികളെ സംസ്ഥാനത്തിനകത്തു കാലുകുത്താന്‍ അനുവദിക്കില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ യോഗം സ്വാഗതം ചെയ്തു.

അന്യസംസ്ഥാന ലോട്ടറിയുമായി ബന്ധപ്പെട്ടു സുപ്രീംകോടതി വിധിയുണ്ടായ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ സ്വീകരിക്കേണ്ട അനന്തര നടപടി ചര്‍ച്ച ചെയ്തു തീരുമാനമെടുക്കാന്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്നും വി.എം. സുധീരന്‍ പറഞ്ഞു. പ്ളസ് ടു സ്കൂളുകള്‍ അനുവദിച്ച കാര്യത്തില്‍ വിമര്‍ശനങ്ങളും ആക്ഷേപങ്ങളും ഉയര്‍ന്ന സാഹചര്യത്തെക്കുറിച്ചു പാര്‍ട്ടി വിശദമായി പരിശോധിക്കും. സ്കൂളുകള്‍ അനുവദിക്കുന്നതില്‍ എന്തെങ്കിലും പോരായ്മകളുണ്െടങ്കില്‍ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.


രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്കെതിരേ ബുക്കര്‍ സമ്മാന ജേതാവ് അരുന്ധതി റോയി നടത്തിയ പ്രസംഗം പ്രതിഷേധാര്‍ഹമാണെന്നു യോഗം അഭിപ്രായപ്പെട്ടു. വി.ഡി. സതീശന്‍ എംഎല്‍എയാണ് ഇതുസംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്. യോഗം ഒന്നടങ്കം പ്രമേയത്തെ അനുകൂലിച്ചു. ഗാസയില്‍ നടത്തുന്ന കൂട്ടക്കുരുതിയെയും യോഗം അപലപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.